23 April 2024, Tuesday

ഖത്തർ ലോകകപ്പ് വേദിയ്ക്ക് കൗതുകം പകരാന്‍ ബേപ്പൂരിന്റെ ഉരു ‘ബഗല’യും

അനില്‍കുമാര്‍ ഒഞ്ചിയം
കോഴിക്കോട്
November 27, 2021 6:56 pm

 

ഖത്തറില്‍ കാല്‍പന്തുകളിയുടെ ആരവം മുഴങ്ങുമ്പോള്‍ വേദിക്ക് പുറത്ത് കാണികള്‍ക്ക് കൗതുകംപകരാന്‍ ബേപ്പൂരിന്റെ സ്വന്തം ഉരു ‘ബഗല’യും. ഉരുവിന്റെ നാടായ ബേപ്പൂർ ചാലിയത്ത് നിന്നാണ് കേരളത്തനിമയും പൈതൃകവും വിളിച്ചോതുന്ന ബഗല കടല്‍ കടക്കുന്നത്. 27 അടി നീളവും 7 അടി വീതിയും ആറടി ഉയരവുമാണ് ഈ ഉരുവിനുള്ളത്. നാടൻ തേക്കിൽ തീർത്ത ഉരുവിനെ കൂട്ടിയിണക്കിയത് ചകിരിയും കയറും ഉപയോഗിച്ചാണെന്നതാണ് ഇതിന്റെ സവിശേഷത. അയ്യായിരം തുളകളിൽ 2500ലേറെ തുന്നിക്കെട്ടലുകളാണുള്ളത്. ആണിയോ നട്ടോ ബോൾട്ടോ ഉപയോഗിക്കാതെ കൈപ്പണിയിലൂടെയാണ് ഇതിനെ പൂര്‍ണ്ണതയിലെത്തിച്ചിട്ടുള്ളത്. തേക്ക് പലകകൾ കൂട്ടിയോജിപ്പിക്കാന്‍ 300 മീറ്റർ കയർ ഉപയോഗിച്ചു. എണ്ണൂറ് വര്‍ഷങ്ങള്‍ക്കുമുമ്പ് നിര്‍മ്മിച്ചിരുന്ന ബഗല വിഭാഗത്തില്‍പ്പെട്ട ഉരുവിന്റെ മാതൃകയാണ് ഈ യാനത്തിന്റെ നിര്‍മ്മാണത്തിനും സ്വീകരിച്ചിട്ടുള്ളത്. നിലമ്പൂരിൽ നിന്നു പ്രത്യേകമായി എത്തിച്ച തേക്ക് ഉപയോഗിച്ചാണ് ആറുപേർക്ക് സഞ്ചരിക്കാവുന്ന ഉരു തയാറാക്കിയിട്ടുള്ളത്. 2022 നവംമ്പർ 21 ന് ഖത്തറിൽ ആരംഭിക്കുന്ന ഫിഫ ലോകകപ്പിനോട് അനുബന്ധിച്ച് ദോഹയിൽ നടക്കുന്ന ‘കത്തറ ട്രെഡീഷണൽ ഡോവ് ഫെസ്റ്റിവലിൽ’ ഇന്ത്യയെ പ്രതിനിധീകരിച്ചാണ് ബേപ്പൂരിന്റെ ഉരു പ്രദർശിപ്പിക്കുന്നത്. 

 

ഉരു നിർമാണത്തിൽ വലിയ പാരമ്പര്യമുള്ള ബേപ്പൂർ എടത്തുംപടിക്കൽ ഗോകുൽ മേസ്തിരിയുടെ നേതൃത്വത്തിൽ ഏഴു തൊഴിലാളികൾ മൂന്നു മാസത്തിലേറെയായി ഉരുനിര്‍മ്മാണത്തിലാണ്. അവസാന മിനുക്കു പണികൾ പൂർത്തിയാക്കി ഉരു അടുത്തമാസം ഖത്തറിലേക്ക് കൊണ്ടുപോകാനാണ് ഉദ്ദേശിക്കുന്നതെന്ന് നിർമ്മാണ കമ്പനിയായ പി ഐ അഹമ്മദ് കോയ ആൻഡ് കമ്പനി എംഡി പി ഒ ഹാഷിം ജനയുഗത്തോട് പറഞ്ഞു. ലോക ശ്രദ്ധയാകർഷിക്കുന്ന ഖത്തറിലെ ഫിഫ വേൾഡ് കപ്പിനു ഇത്തരമൊരു ഉരു നിർമിക്കാൻ അവസരം ലഭിച്ചത് അഭിമാനകരമാണെന്നും പുതിയ കാലത്തെ ഒരു പരീക്ഷണമായാണ് ഈ നിർമ്മാണം ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു. പ്രദർശനത്തിനായതുകൊണ്ടാണ് കണ്ടെയ്നറിലാണ് ഉരു ഖത്തറിലേക്ക് കൊണ്ടു പോകുന്നത്. കമ്പനി ഇതിനകം വ്യത്യസ്തമായ ഇരുനൂറിലേറെ ഉരു നീറ്റിലിറിക്കിയിട്ടുണ്ട്.

നൂറ്റാണ്ടുകൾക്ക് മുമ്പേ മലബാറിന്റെ പെരുമ വിദേശരാജ്യങ്ങളിലെത്തിക്കാന്‍ ബേപ്പൂരിന്റെ പൈതൃക ഉരു നിര്‍മ്മാണത്തിന് കഴിഞ്ഞിട്ടുണ്ട്. ആ പഴയ പ്രതാപം ഇന്നില്ലെങ്കിലും ബേപ്പൂർ ചാലിയത്തേക്ക് ഇപ്പോഴും ഉരു നിർമ്മാണത്തിന് ആളുകളെത്തുന്നുണ്ട്. അതില്‍ അധികവും ഗള്‍ഫ് നാടുകളില്‍ നിന്നുതന്നെ. സാങ്കേതികവിദ്യ ഏറെ വികസിച്ചെങ്കിലും നിര്‍മ്മാണം പഴയ രീതിയിൽ തന്നെയാണ് ഇവിടെ നടക്കുന്നത്. കെയല, സാൽ തുടങ്ങിയ മലേഷ്യൻ തടികളും കരിമരുത്, വാഗ, വെൺതേക്ക് എന്നീ മരങ്ങളുമാണ് ഉരുനിർമ്മാണത്തിനായി ഉപയോഗിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ കരകൗശലവിദ്യയാണ് ഉരുനിര്‍മ്മാണത്തിന്റേത്. വലിയ ഉരുവിന്റെ പുറം ചട്ടക്കൂട് മാത്രമാണ് ഇപ്പോള്‍ ചാലിയത്ത് നിർമ്മിക്കുന്നത്. ഉരുവിന് ഉള്ളിലെ ക്യാബിൻ നിർമ്മാണമടക്കമുള്ളവ ചെയ്യുന്നത് ഖത്തറിലാണ്. താത്കാലിക എഞ്ചിൻ ഘടിപ്പിച്ച ശേഷം ഉരു ഖത്തറിലെത്തിക്കുകയാണ് പതിവ്. ഇതിനായി രണ്ടാഴചയോളം വേണ്ടിവരും. തൂത്തുക്കുടിയിൽ നിന്നുള്ള ക്യാപ്റ്റനും ക്രൂവുമാണ് ഇവിടെനിന്നും കൂറ്റന്‍ ഉരുവിനെ ഖത്തറിലെത്തിക്കുക. ഖലാസികളാണ് ഉരു നീറ്റിലിറക്കുന്നത്. ബേപ്പൂരിലെ ചാലിയത്തും ഗുജറാത്തിലും മാത്രമാണ് ഇന്ന് ഇന്ത്യയിൽ പരമ്പരാഗത ഉരുനിർമ്മാണം നടക്കുന്നത്.
ഖത്തർ ലോകകപ്പ് വേദിയിലെ പ്രദർശനത്തിനായി ചാലിയത്ത് നിർമ്മാണം പൂർത്തിയായ ഉരു കഴിഞ്ഞ ദിവസം പൊതുമരാമത്ത്- ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് സന്ദർശിച്ചു. ലോകപ്രശസ്തമായ ബേപ്പൂരിന്റെ പരമ്പരാഗത ഉരു ലോകകപ്പ് അന്താരാഷ്ട്ര വേദിയിലേക്ക് എത്തുമ്പോൾ അതിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്താൻ ടൂറിസം വകുപ്പ് പ്രത്യേക പദ്ധതി ആലോചിക്കുമെന്ന് മന്ത്രി പറഞ്ഞു. ഉരുനിർമാണവും ബന്ധപ്പെട്ട കേന്ദ്രങ്ങളെയും എല്ലാനിലയിലും പ്രോത്സാഹിപ്പിക്കും. ലോകകപ്പ് വേദിയിൽ ഉരു പ്രദർശനത്തിനെത്തുക വഴി ഭാവിയിൽ വിദേശ സഞ്ചാരികൾ ബേപ്പൂരിൽ എത്താനും അതുവഴി വലിയൊരു മാറ്റത്തിന് വഴിതെളിക്കാനും അത് സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.