അധ്യാപകന്റെ മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട ദളിത് വിദ്യാര്‍ത്ഥിയുടെ കുടുംബാംഗങ്ങളെ കാണാന്‍ ശ്രമിച്ച ഭീം ആര്‍മി പാര്‍ട്ടി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ജലോറിലേക്കുള്ള യാത്രയ്ക്കിടെ ജോധ്പുര്‍ വിമാനത്താവളത്തില്‍ വച്ചാണ് ആസാദിനെ പൊലീസ് തടഞ്ഞത്. വിദ്യാര്‍ത്ഥിയുടെ കൊലപാതകത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ വലിയ പ്രതിഷേധങ്ങളും ആക്രമണങ്ങളുമുണ്ടായി. സംഭവത്തില്‍ പ്രതിഷേധിച്ച് ബരാന്‍ മുന്‍സിപ്പല്‍ കൗണ്‍സിലിലെ 25 കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരില്‍ 12 പേര്‍ രാജിവച്ചിരുന്നു. കഴിഞ്ഞ ദിവസം രാജിവച്ച എംഎല്‍എ പനചന്ദ് മെഖ്‌വാളിന് പിന്തുണ പ്രഖ്യാപിച്ചാണ് കൂടുതല്‍ പേര്‍ രാജിവച്ചത്.
ജൂലൈ 20നാണ് ഉയര്‍ന്ന ജാതിക്കാര്‍ വെള്ളം കുടിക്കാന്‍ ഉപയോഗിക്കുന്ന കുടത്തില്‍ സ്പര്‍ശിച്ചതിന്റെ പേരിലാണ് ഒമ്പതു വയസുകാരനായ ദളിത് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ മര്‍ദ്ദിച്ചത്. അഹമ്മദാബാദിലുള്ള ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ആഴ്ചയാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്. കൊലപാതകക്കുറ്റം ചുമത്തി അധ്യാപകനെ അറസ്റ്റ് ചെയ്തു. എസ്‌സി, എസ്‌ടി സംരക്ഷണ നിയമവും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനില്‍ വന്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്കാണ് സംഭവം തിരികൊളുത്തിയിരിക്കുന്നത്. ഗ്രൂപ്പ് പോരിന്റെ ഭാഗമായി സച്ചിന്‍ പൈലറ്റും രംഗത്തെത്തിയതോടെ അശോക് ഗെലോട്ട് സര്‍ക്കാര്‍ പാളയത്തില്‍പ്പടയും നേരിടുന്നുണ്ട്.
ENGLISH SUMMARY:Chandrasekhar Azad arrested
You may also like this video