ബ്രിട്ടീഷ് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള കൺസർവേറ്റീവ് പാർട്ടി അംഗങ്ങളുടെ വോട്ടെടുപ്പ് വെള്ളിയാഴ്ച അവസാനിച്ചു. പാർട്ടി നേതാവിനെ തെരഞ്ഞെടുക്കാനാണ് വോട്ടെടുപ്പ്. തിങ്കളാഴ്ചയാണ് ഫലം പ്രഖ്യാപിക്കുന്നത്. ഇതിൽ വിജയിക്കുന്ന ആളിനെയായിരിക്കും പ്രധാനമന്ത്രിയായി പാർട്ടി നാമനിര്‍ദ്ദേശം ചെയ്യുക. ഇന്ത്യൻ വംശജനും മുൻ ധനമന്ത്രിയുമായ റിഷി സുനക്, ബ്രിട്ടന്റെ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് എന്നിവരാണ് അവസാന റൗണ്ടിൽ ഏറ്റുമുട്ടിയത്. അവസാന റിപ്പോർട്ടുകളനുസരിച്ച് റിഷി സുനകിന്റെ സാധ്യത മങ്ങിയെന്നാണ് വിലയിരുത്തൽ. ഏകദേശം രണ്ടു ലക്ഷത്തോളം ടോറി പാർട്ടി അംഗങ്ങളാണ് തങ്ങളുടെ നേതാവിനെയും അതുവഴി ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയെയും തെരഞ്ഞെടുക്കാൻ വോട്ടു ചെയ്തത്. ഇത് മൊത്തം ജനസംഖ്യയുടെ 0.3 ശതമാനം മാത്രമാണെങ്കിലും രാജ്യത്തിന്റെ നിയമങ്ങൾ അങ്ങനെയാണ്. പ്രധാനമന്ത്രിയാകുന്ന നേതാവ് എന്തെങ്കിലും കാരണത്താൽ രാജിവച്ചാൽ പകരം ആളിനെ കണ്ടെത്തുന്നത് എംപിമാരും അധികാരത്തിലുള്ള പാർട്ടിയിലെ അംഗങ്ങളും ചേർന്നാണ്. ജോണ്‍സണ്‍ പ്രധാനമന്ത്രി സ്ഥാനം രാജി വച്ചുവെങ്കിലും ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിയുടെ ഭൂരിപക്ഷത്തിന് കോട്ടം തട്ടാത്തതിനാൽ അടുത്ത പ്രധാനമന്ത്രിയും പാർട്ടിയിൽ നിന്നുള്ള അംഗം തന്നെയായിരിക്കും എന്ന് നേരത്തെ ഉറപ്പായിരുന്നു.
പ്രധാനമന്ത്രി സ്ഥാനാർത്ഥിത്വത്തിന് പാർട്ടി എംപിമാർക്കിടയിൽ നടത്തിയ ആദ്യ മൂന്ന് ഘട്ട വോട്ടെടുപ്പുകളിലും റിഷി സുനക് ഒന്നാമതെത്തിയിരുന്നു. ഇതോടെ ഒരു ഇന്ത്യൻ വംശജൻ ബ്രിട്ടന്റെ പ്രധാനമന്ത്രിയാകുമെന്ന് ലോകമാധ്യമങ്ങളുൾപ്പെടെ വിലയിരുത്തി. എന്നാൽ അവസാന ഘട്ട വോട്ടെടുപ്പുകളില്‍ റിച്ച്മണ്ടിന്റെ എംപിയും മുൻ ചാൻസലറുമായ റിഷി സുനകിന് നാമമാത്ര സാധ്യത മാത്രമാണ് പ്രവചിക്കുന്നത്. കേവലം അഞ്ച് മുതൽ എട്ടു വരെ ശതമാനം മാത്രം. എതിരാളിയായ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസിന് 92 മുതൽ 95 വരെയാണ് സാധ്യതയെന്നും മാധ്യമങ്ങൾ വിലയിരുത്തുന്നു. ആദ്യഘട്ടങ്ങളിൽ മുന്നിട്ടു നിന്നെങ്കിലും അവസാന റൗണ്ടിൽ സുനക് പിന്നിലായത് എന്തുകൊണ്ടായിരിക്കും?. വിദേശരാജ്യങ്ങളിൽ ഉന്നതസ്ഥാനങ്ങളിലിരിക്കുന്ന ഇന്ത്യൻ വംശജർ കനത്ത സമ്മർദ്ദം നേരിടുന്നതായി നേരത്തെ തന്നെ ചർച്ച ചെയ്യപ്പെട്ട വിഷയമാണ്. ഇന്ത്യയുമായുള്ള ഇടപാടുകളിൽ അവരുടെ നിലപാടുകളും പ്രവൃത്തികളും ഉറ്റുനോക്കപ്പെടുന്നു.
ഇതുകൂടി വായിക്കൂ: തര്‍ക്കം സൗജന്യം ആര്‍ക്കു നല്‍കണം ആര്‍ക്കു നല്‍കരുത് എന്നതാണ്
റഷ്യയെ ഉപരോധിക്കുന്നതിൽ റിഷി സുനക് ഗൗരവമുള്ള നടപടിയെടുക്കുമോ എന്നായിരുന്നു ബ്രിട്ടീഷ് മാധ്യമങ്ങൾ ആദ്യം സംശയം പ്രകടിപ്പിച്ചത്. അദ്ദേഹത്തിന്റെ ഇൻഫോസിസ് ബന്ധവും ചർച്ചയായി. ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയുടെ മകളുടെ ഭർത്താവാണ് റിഷി സുനക്. ഭാര്യ അക്ഷതയ്ക്ക് ഇൻഫോസിസിലും മറ്റ് ഇന്ത്യൻ കമ്പനികളിലും ഓഹരികളുള്ളതിനാൽ, സുനക് ഇന്ത്യക്ക് അനർഹമായ സഹായങ്ങൾ ചെയ്തുകൊടുക്കുന്നുവെന്ന ആക്ഷേപമാണുയര്‍ന്നത്. ഇൻഫോസിസിന് റഷ്യയിലെ പുടിൻ സർക്കാരുമായി വിപുലമായ വ്യാപാരബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ സുനകിനെതിരെ ആരോപണമുയർത്തിയത്.
എന്നാല്‍ റഷ്യയുമായി വൻ ഇടപാടുണ്ടെന്ന ആരോപണങ്ങൾ നിഷേധിച്ച ഇൻഫോസിസ്, തങ്ങൾക്ക് ആ രാജ്യവുമായി ചെറിയ ഇടപാടുകളേ ഉള്ളൂവെന്നും ചെറിയൊരു ഓഫീസ് മാത്രമാണ് പ്രവർത്തിക്കുന്നതെന്നും വ്യക്തമാക്കി. നാരായണമൂർത്തിയുടെ നേട്ടങ്ങളിൽ തനിക്ക് വലിയ അഭിമാനമാണുള്ളതെങ്കിലും ഇതൊന്നും നയപരമായ കാര്യങ്ങളിൽ തടസമാകാറില്ലെന്ന് സുനകും പറഞ്ഞിരുന്നു. യൂറോപ്യൻ യൂണിയനിൽനിന്ന് വിട്ടുപോന്നതിനു ശേഷം ബ്രിട്ടൻ നേരിട്ട പ്രത്യാഘാതങ്ങളെ ഏറ്റവും മികച്ച രീതിയിലാണ് ധനകാര്യമന്ത്രിയായ സുനക് കൈകാര്യം ചെയ്തത്. റഷ്യൻ ബാങ്കുകൾക്കും പുടിനും എതിരെ കർശനമായ വിലക്കുകൾ ഏർപ്പെടുത്തി. ഇംഗ്ലണ്ടുമായി വ്യാപാരത്തിലേർപ്പെട്ടിട്ടുള്ള റഷ്യൻ ശതകോടീശ്വരന്മാരെ പോലും ഉപരോധത്തിൽനിന്ന് മാറ്റിനിർത്തിയില്ല. പ്രശസ്തമായ ഫുട്ബോൾ ക്ലബ്ബ് ചെൽസിയെ സർക്കാർ ഏറ്റെടുത്തതിനു പിന്നിൽ പ്രവർത്തിച്ചതും സുനകായിരുന്നു.
ഇതുകൂടി വായിക്കൂ: കര്‍ണാടക ബിജെപി സര്‍ക്കാരിന്റെ അഴിമതി
കോവിഡ് ലോക്ഡൗൺ കാലത്തെ ഭരണപരാജയവുമായി ബന്ധപ്പെട്ട് ബോറിസ് ജോൺസൻ പ്രതിസന്ധിയിലായ ഘട്ടത്തിൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർന്ന പേരാണ് റിഷി സുനക്. പാർലമെന്റംഗം എന്ന നിലയിൽ നിന്ന് ഏഴ് വർഷം കൊണ്ട് ഉന്നതങ്ങളിലേക്ക് എത്തിയ സുനക് കർശന നിലപാടുള്ള രാഷ്ട്രീയ നേതാവാണ്. എന്നാൽ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത് ഇതൊന്നുമായിരുന്നില്ല എന്നാണ് രാഷ്ട്രീയവൃത്തങ്ങളുടെ വിലയിരുത്തൽ. രണ്ടു ലക്ഷത്തോളം വരുന്ന ടോറി അംഗങ്ങളിൽ 44 ശതമാനം പേര്‍ 65 വയസിനു മുകളിലുള്ളവരും 97 ശതമാനം വെള്ളക്കാരുമാണെന്ന് ലണ്ടനിലെ ക്യൂൻ മേരി യൂണിവേഴ്സിറ്റിയിലെ മൈൽ എന്റ് ഇൻസ്റ്റിറ്റ്യൂട്ട് അവരുടെ പഠനത്തിൽ കണ്ടെത്തിയിരുന്നു. പ്രായം കൂടിയ പാർട്ടി അംഗങ്ങൾക്കിടയിലാണ് ട്രസിന് ശക്തമായ പിന്തുണ നേടാനാവുക. എന്നാൽ ചെറുപ്പക്കാർക്കിടയിൽ സുനകിനാണ് പിന്തുണ. നികുതി, പണപ്പെരുപ്പം തുടങ്ങിയ വിഷയങ്ങളിൽ പരമ്പരാഗത കൺസർവേറ്റീവ് അംഗങ്ങൾ ആശങ്കപ്പെടുന്നേയില്ല. വലതുപക്ഷ ആശയങ്ങളും ചിന്തകളുമാണ് അവരുടെ പ്രധാനശക്തി. ട്രസ്, സുനകിനെക്കാൾ ലീഡ് നേടുമെങ്കിൽ പ്രാഥമികമായി കടപ്പെട്ടിരിക്കുന്നത് ബോറിസിനോടാണ്. ബോറിസിനോടുള്ള വിശ്വസ്തതയാണ് വോട്ടർമാരിൽ നല്ലൊരുവിഭാഗം അവരിൽ കാണുന്ന മേന്മ. ഏകദേശം ഏഴ് ശതമാനം ടോറി അംഗങ്ങളും വംശമോ വംശീയതയോ അടിസ്ഥാനമാക്കിയാണ് ട്രസിനെ പിന്തുണയ്ക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
ഇന്ത്യന്‍ വംശജനായ റിഷി സുനകിന്റെ മുന്നേറ്റം തടയാൻ മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ശക്തമായ പ്രചരണമാണ് നടത്തിയത്. റിഷി സുനക് അല്ലാതെ മറ്റാർക്ക് വേണമെങ്കിലും വോട്ട് ചെയ്തോളു എന്നാണ് അണികൾക്ക് ബോറിസ് നല്കിയ നിർദ്ദേശം. സുനകിനെതിരെ ശക്തമായ വംശീയ പ്രചാരണ നീക്കങ്ങളും അദ്ദേഹം നടത്തിയിരുന്നു. ആദ്യഘട്ടത്തിൽ സുനകിനോട് മത്സരിച്ച് പരാജയപ്പെട്ട സ്ഥാനാർത്ഥികളുമായി ചർച്ച നടത്തുകയും അവർക്കിടയിൽ വംശീയ വിദ്വേഷം പരത്തുകയും ചെയ്തതായാണ് പുറത്തുവന്ന വിവരം. എന്നാൽ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ വംശീയതയ്ക്കല്ല മെറിറ്റിനാണ് പ്രാധാന്യം നല്കുന്നതെന്ന് റിഷി സുനക് ആവർത്തിച്ചു. പ്രധാനമന്ത്രിയാകാൻ കൂടുതൽ യോഗ്യൻ ആരാണെന്ന ചോദ്യമാണ് ഉന്നയിക്കുന്നതെന്നും വംശീയതയ്ക്കോ ലിംഗഭേദത്തിനോ സ്ഥാനമില്ലെന്നും പറഞ്ഞു. ആരുടെയെങ്കിലും തീരുമാനത്തിൽ വംശീയത ഒരു ഘടകമാണെന്ന് വിശ്വസിക്കുന്നില്ലെന്നു പറഞ്ഞ അദ്ദേഹം താൻ പാർലമെന്റംഗമായി തെരഞ്ഞെടുക്കപ്പെട്ട കാര്യം ഉദാഹരണമായി ചൂണ്ടിക്കാട്ടി. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചുകൊണ്ട് 2020 നവംബറിൽ നടത്തിയ പാർട്ടിയും ലൈംഗിക പീഡന ആരോപണങ്ങൾ നേരിട്ട എംപിക്ക് സ്ഥാനക്കയറ്റം നല്കിയതും വിവാദമായതോടെയായിരുന്നു ബോറിസ് ജോൺസണ് രാജി വയ്ക്കേണ്ടി വന്നത്. റിഷി സുനക്, ഹെൽത്ത് സെക്രട്ടറിയായിരുന്ന സജിദ് ജാവിദ് എന്നിവർ രാജി വച്ചതോടെ ബോറിസ് സർക്കാരിന്റെ പതനം തുടങ്ങിയിരുന്നു. പിന്നീട് സർക്കാരിന്റെ ഭാഗമായിരുന്ന എംപിമാരും പിന്തുണ പിന്‍വലിച്ചതോടെയാണ് ഇക്കഴിഞ്ഞ ജൂലൈ ഏഴിന് ബോറിസ് ജോൺസൺ പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞത്. നിലവിൽ റിഷി സുനകുമായി ബന്ധപ്പെട്ടും സമാന വിവാദം ഉയർന്നുവന്നു.
രാജ്യം വരൾച്ച നേരിടവേ തന്റെ സ്വകാര്യ വസതിയിൽ സുനക് 3.8 കോടി രൂപ ചെലവഴിച്ച് സ്വിമ്മിങ് പൂൾ പണിയുന്നു എന്നാണ് എതിരാളികളും ചില വാർത്താ മാധ്യമങ്ങളും ആരോപിച്ചത്. റിഷി സുനക് തന്റെ മാളികയിലെ പുതിയ നീന്തൽക്കുളത്തിനായി 400,000 പൗണ്ട് (ഏകദേശം 3.8 കോടി രൂപ) ചെലവഴിച്ചതായി ദി ഇൻഡിപെന്റന്റ് ആണ് റിപ്പോർട്ട് ചെയ്തത്. ഇതുകൂടാതെ ഒരു ജിമ്മും ടെന്നീസ് കോർട്ടുകളും നിർമ്മിക്കുന്നുണ്ടെന്ന് ഡെയ്‍ലി മെയിൽ റിപ്പോർട്ട് ചെയ്തിരുന്നു. രാജ്യം ജലക്ഷാമം നേരിടുമ്പോൾ നീന്തൽക്കുളം നിർമ്മിച്ചത് സുനകിനെ വിമർശിക്കുന്നവർക്ക് ആയുധമായി. വർധിച്ചുവരുന്ന ഊർജ ചെലവ് കാരണം പൊതു നീന്തൽക്കുളങ്ങൾ അടച്ചുപൂട്ടാൻ നിർബന്ധിതമായ അവസ്ഥയിൽ വിഷയം കൂടുതൽ വിവാദമായി. നേരത്തെ അക്ഷത മൂർത്തി വിലകൂടിയ പാത്രങ്ങളിൽ ചായ വിളമ്പിയത് ചർച്ചയായിരുന്നു. ഇന്ത്യയിലെ മോഡിഭക്തര്‍ നടത്തിയ വില കുറഞ്ഞ പ്രചരണവും സുനകിനെ എതിരിടാന്‍ ശത്രുക്കള്‍ക്ക് ആയുധമായിരിക്കാം. ‘ഇനി ഒരു ഹിന്ദു ബ്രിട്ടനെ ഭരിക്കും’ എന്ന നിലയിലായിരുന്നു തീവ്ര വലതുപക്ഷ മാധ്യമങ്ങളുടേതുള്‍പ്പെടെ പ്രചരണം. ഭാര്യ അക്ഷത മൂർത്തിക്കൊപ്പം ലണ്ടനിൽ ഗോപൂജ നടത്തുന്ന ഋഷി സുനകിന്റെ വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തു.
ഇതുകൂടി വായിക്കൂ: ബിജെപി ഭരണത്തില്‍ ജനാധിപത്യത്തിന്
കഴിഞ്ഞ വർഷം ദീപാവലിക്ക് തന്റെ ഔദ്യോഗിക വസതിയിൽ ദീപങ്ങൾ തെളിയിക്കുകയും ചെയ്ത് സുനക് യുകെയിലെ ഇന്ത്യക്കാരുടെ വികാരം തനിക്കൊപ്പമാക്കാനും ശ്രമിച്ചിരുന്നു. ഇതാണ് ഹിന്ദുത്വ ആരാധകരെ പ്രീതിപ്പെടുത്തിയത്. ഇന്ത്യൻ വംശജരായ രാഷ്ട്രീയക്കാർ ബ്രിട്ടീഷ് രാഷ്ട്രീയത്തിലേക്ക് എത്താൻ തുടങ്ങിയത് 60 കളിലും 70 കളിലും നടന്ന കുടിയേറ്റത്തിന്റെ രണ്ടാം തരംഗത്തെ തുടർന്നാണ്. 1940കളുടെ അവസാനത്തിലും 50കളിലുമായി യുകെയിൽ തൊഴിലാളികളുടെ ക്ഷാമം നികത്താനാണ് ആദ്യഘട്ടത്തില്‍ ഇന്ത്യയിൽ നിന്ന് കുടിയേറ്റക്കാരെ റിക്രൂട്ട് ചെയ്തത്. നിർമ്മാണ മേഖലയിൽ ജോലി ചെയ്തിരുന്ന ഇവർ ബ്രിട്ടനിലെ വംശീയ വിരുദ്ധ, തൊഴിലാളി യൂണിയൻ പ്രസ്ഥാനങ്ങളുടെ ഭാഗമായിരുന്നു. രണ്ടാംഘട്ടത്തിൽ ഉഗാണ്ട, കെനിയ, ടാൻസാനിയ എന്നിവിടങ്ങളിൽ നിന്ന് പുറത്താക്കപ്പെട്ട ഇന്ത്യൻ വംശജരായ ‘രണ്ടാം കിട കുടിയേറ്റക്കാർ’ എന്ന് അറിയപ്പെടുന്നവരാണ് യുകെയിലേക്ക് എത്തിയത്. അതേസമയം ആഫ്രിക്കൻ രാജ്യങ്ങളിലെ സമ്പന്നരായ വ്യാപാരി വിഭാഗത്തിൽപ്പെട്ടവര്‍ കൂടിയായിരുന്നു ഇവര്‍. പഞ്ചാബിൽനിന്ന് കിഴക്കേ ആഫ്രിക്കയിലേക്ക് കുടിയേറിയവരാണ് സുനകിന്റെ പിതാമഹർ. മാതാപിതാക്കൾ അവിടെനിന്ന് ബ്രിട്ടനിലേക്ക് കുടിയേറി. ബ്രിട്ടനിലാണ് സുനക് ജനിച്ചതും പഠിച്ചതും.
പ്രധാനമന്ത്രി ബോറിസ് ജോൺസണ്‍ കഴിഞ്ഞാൽ ബ്രിട്ടനിലെ ഏറ്റവും ശക്തനായ നേതാവായി അദ്ദേഹം ഉയർന്നു. എങ്കിലും വംശീയതയും യാഥാസ്ഥിതികത്വവും പുലര്‍ത്തുന്ന രാജ്യങ്ങള്‍ ‘രണ്ടാം കിട കുടിയേറ്റക്കാരിലെ’ ഇരുണ്ടനിറമുള്ളയാളെ നേതാവായി അംഗീകരിക്കുക എളുപ്പമല്ല. വിദേശരാജ്യങ്ങളിൽ, പ്രത്യേകിച്ച് യുറോപ്യന്‍ രാജ്യങ്ങളില്‍ ഉന്നതസ്ഥാനങ്ങളിലിരിക്കുന്ന ഇന്ത്യൻ വംശജരുടെ മേൽ സമ്മർദ്ദം വളരെ വലുതാണ്. ഇന്ത്യയിലെ മാധ്യമങ്ങളും സർക്കാരും നയതന്ത്രജ്ഞരും ഇത്തരം സാഹചര്യങ്ങളിൽ യാഥാർഥ്യബോധത്തോടെയുള്ള നിലപാടുകൾ സ്വീകരിക്കേണ്ടതുണ്ട്. ഇന്ത്യയുമായുള്ള അവരുടെ ബന്ധം വച്ചാകരുത്, പ്രവൃത്തികളുടെയും ശേഷിയുടെയും അടിസ്ഥാനത്തിലാകണം അത്. യുകെയിലെ ഏറ്റവും വലിയ വംശീയ ന്യൂനപക്ഷങ്ങളിലൊന്നാണ് 1.5 ദശലക്ഷം വരുന്ന ഇന്ത്യക്കാര്‍. ഇത് മൊത്തം ജനസംഖ്യയുടെ 2.5 ശതമാനം മാത്രമാണ്. ഈ 2.5 ശതമാനം ജിഡിപിയുടെ ഏകദേശം ആറ് ശതമാനം സംഭാവന ചെയ്യുന്നുവെന്നും കണക്കാക്കപ്പെടുന്നു. പക്ഷേ നികുതിനിയന്ത്രണവും ധനകാര്യവുമല്ല, വംശീയമൂല്യവും യാഥാസ്ഥികതയും മേല്‍ക്കോയ്മയാളുന്ന സമൂഹത്തില്‍ വിജയത്തിലെത്താന്‍ എളുപ്പമാര്‍ഗം.