20 April 2024, Saturday

മനുഷ്യവിരുദ്ധരുടെ ‘സത്യാനന്തര കാലം’

അജിത് കൊളാടി
വാക്ക്
August 27, 2022 5:15 am

നമ്മൾ ജീവിക്കുന്നത് സത്യാനന്തര കാലത്താണെന്ന് നിരന്തരം പറഞ്ഞാൽ എത്ര വലിയ അനീതിയും ലഘൂകരിക്കപ്പെടുന്ന അവസ്ഥയിലാണ് നാം. സത്യാനന്തരം എന്ന പദം എല്ലായിടത്തും ഒരുപോലെ ഉപയോഗിക്കുന്നവർക്ക് അതാണ് വേണ്ടതും. രാഷ്ട്രീയ സാമൂഹ്യ മാധ്യമ രംഗങ്ങളിലെ അധികാരത്തിനുവേണ്ടിയുള്ള ക്രൂരമായ മത്സരങ്ങളിൽ ബോധപൂർവം ഒഴിവാക്കപ്പെടുന്ന നേരിന്റെയും വസ്തുതകളുടെയും യാഥാർത്ഥ്യത്തിന്റെയും നില സമഗ്രമായി പഠിച്ച ചിന്തകർ പുതിയ കാലത്തിന് നൽകിയ പേരാണ് സത്യാനന്തര കാലം. 1992ൽ സെര്‍ബിയൻ-അമേരിക്കൻ എഴുത്തുകാരനായ സ്റ്റേവ് ടെസിക് എന്ന എഴുത്തുകാരനാണ് ഈ പദം ആദ്യം ഉപയോഗിക്കുന്നത്.

ഡൊണാൾഡ് ട്രംപിന്റെ തെരഞ്ഞെടുപ്പു കാലത്ത് ഈ വാക്ക് വ്യാപകമായി ഉപയോഗിക്കപ്പെട്ടു. ആ തെരഞ്ഞെടുപ്പിൽ 217 കള്ളങ്ങൾ പ്രചരിപ്പിക്കപ്പെട്ടു എന്ന് പറയപ്പെടുന്നു. അവയിൽ 79 ശതമാനം അസത്യങ്ങൾ പ്രചരിപ്പിച്ചത് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും 21 ശതമാനം അസത്യങ്ങൾ പ്രചരിപ്പിച്ചത് ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയുമായിരുന്നു എന്ന് യൂണിവിഷൻ ഡിജിറ്റൽ ന്യൂസ് എഡിറ്റർ ബോർജ എച്ചവേറിയ പുറത്തുവിട്ടു. ബോധപൂർവം നടത്തിയ ഈ നുണപ്രചരണത്തെ വിശേഷിപ്പിക്കാൻ പോസ്റ്റ് ട്രൂത്ത് എന്ന സംപ്രത്യയം അവർ ഉപയോഗിച്ചു. ആ വർഷത്തെ ഓക്സ്ഫോർഡ് ഡിക്‌ഷണറിയുടെ ‘ഇന്റർനാഷണൽ വേർഡ് ഓഫ് ദ ഇയർ’ പുരസ്കാരം സത്യാനന്തര കാലം എന്ന പദത്തിനായിരുന്നു. വസ്തുതാപരമായ വിവരങ്ങളെക്കാൾ വികാരങ്ങളും വ്യക്തിവിശ്വാസങ്ങളും പൊതുജനാഭിപ്രായത്തെ നിർണയിക്കുന്ന സാഹചര്യവുമായി ബന്ധപ്പെട്ടതോ അല്ലെങ്കിൽ അതിനെക്കുറിക്കാനുപയോഗിക്കുന്നതോ ആയത്, എന്നിങ്ങനെയാണ് ഓക്സ്ഫോർഡ് ഡിക്‌ഷണറി ഈ പുതിയ പദത്തെ നിർവചിച്ചത്.


ഇതുകൂടി വായിക്കുക: ജാതിവെറിയുടെ പകർന്നാട്ടങ്ങൾ


വസ്തുനിഷ്ഠമായ യഥാർത്ഥ വസ്തുതകൾ, ആവശ്യങ്ങൾ എന്നിവയെക്കാൾ താൽക്കാലിക വികാരങ്ങൾക്കും വിശ്വാസങ്ങൾക്കും പ്രാധാന്യം കല്പിക്കുന്ന ഒരു വലിയ സമൂഹത്തെയാണ് ട്രംപും ഹിലാരിയും അഭിസംബോധന ചെയ്തത്. ഇന്ന് റഷ്യ, ഇസ്രായേൽ, തുർക്കി, ബ്രസീൽ, ഇന്ത്യ, പാകിസ്ഥാൻ തുടങ്ങി വലതുപക്ഷ ഫാസിസ്റ്റുകൾ അത്തരം സമൂഹത്തെ നയിക്കുന്നു. ഇത് ഇംഗ്ലണ്ടിലും സംഭവിച്ചു. യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടൺ പുറത്തുകടക്കാൻ ആഗ്രഹിച്ചവർ, അങ്ങനെ പുറത്തു കടന്നാൽ തങ്ങൾക്ക് ലഭിക്കുന്ന സൗകര്യങ്ങളെക്കുറിച്ച് ബ്രക്സിറ്റ് റഫറണ്ടത്തിന് മുമ്പ് ജനങ്ങളുടെ മുന്നിൽ അവതരിപ്പിച്ച് അവരെ വിശ്വാസത്തിലെടുത്തു. എന്നാൽ പിന്നീട് ജനങ്ങൾ അറിഞ്ഞു ഈ വിവരങ്ങൾ മുഴുവൻ കളവായിരുന്നു എന്ന്. യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്ത് കടന്നാൽ ബ്രിട്ടന് ഉണ്ടാവാനിടയുള്ള സാമ്പത്തിക പ്രയാസങ്ങളെക്കുറിച്ച് വസ്തുതാപരമായ വിവരങ്ങൾ നിരത്തി അക്കാലത്ത് പലരും മുന്നറിയിപ്പു നൽകിയിരുന്നു. സത്യാനന്തര കാലത്ത് ഏറ്റവും അധികം വെല്ലുവിളി നേരിടുന്ന ഒരു രംഗം മാധ്യമപ്രവർത്തന രംഗമാണ്. മുമ്പ് യഥാർത്ഥ വസ്തുതകൾ ഏറ്റവും വേഗത്തിൽ അവതരിപ്പിക്കുക എന്നതായിരുന്നു പരമ്പരാഗത മാധ്യമങ്ങളുടെ മുന്നിലുള്ള പ്രധാന ലക്ഷ്യം. എന്നാൽ ഇന്ന് സാമൂഹിക മാധ്യമങ്ങൾ ആ ലക്ഷ്യം മാറ്റാരേക്കാളും വേഗത്തിൽ നിറവേറ്റുന്നു.

അതേസമയം സമൂഹ മാധ്യമങ്ങൾ സത്യത്തെക്കാൾ നിറം പിടിപ്പിച്ച അസത്യങ്ങളാണ് പലപ്പോഴും പടച്ചുവിടുന്നത്. അതുകൊണ്ടു തന്നെ പൊതുസമൂഹം പരമ്പരാഗത മാധ്യമങ്ങളെ പൂർണമായും തള്ളിക്കളഞ്ഞിട്ടില്ല. എന്നാൽ പരമ്പരാഗത മാധ്യമങ്ങള്‍ വ്യക്തികളുടെയും രാഷ്ട്രീയ സാമൂഹ്യ മത പ്രസ്ഥാനങ്ങളുടെയും കോർപറേറ്റുകളുടെയും പക്ഷം പിടിച്ച് വസ്തുതാവിരുദ്ധമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നു. വസ്തുതകളെ ശാസ്ത്രീയമായി വിശകലനം ചെയ്ത് അവതരിപ്പിക്കാൻ പരമ്പരാഗത മാധ്യമങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. പക്ഷെ അവർക്ക് ഇപ്പോളത് കഴിയുന്നില്ല. കാരണം വസ്തുതകൾക്കല്ല, വൈകാരിക വിശകലനങ്ങൾക്കാണ് കൂടുതൽ മാർക്കറ്റ് എന്ന് അവർ മനസിലാക്കുന്നു. അങ്ങനെ സത്യാനന്ത യുക്തികളെ മാധ്യമങ്ങൾ സർവാത്മനാ സ്വീകരിക്കുന്നു. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ കാവൽക്കാർ മാധ്യമങ്ങളാണെന്ന് പലരും മറക്കുന്നു.


ഇതുകൂടി വായിക്കുക:  ചിന്തയ്ക്ക് ദാരിദ്ര്യം സംഭവിക്കുന്നു


 

എന്നാൽ യഥാർത്ഥത്തിൽ സത്യാനന്തര കാലത്തെ നിർമ്മിക്കുന്നത് മാധ്യമങ്ങളെക്കാൾ ഏറെ അതിന്റെ സ്രഷ്ടാക്കളായി വർത്തിക്കുന്നത് സ്വേച്ഛാധിപതികളായ രാഷ്ട്രത്തലവന്മാരും മൂലധനശക്തികളും ആണ്. ഇന്ന്, ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളിൽ ഏകാധിപതികൾ എല്ലാം മാധ്യമങ്ങൾ വഴി കൃത്രിമമായി സൃഷ്ടിച്ച ആശയങ്ങളിലൂടെയും ഇമേജിലുടെയുമാണ് ജനങ്ങളെ നയിക്കുന്നത് എന്നതാണ് സത്യാനന്തര കാലത്തെ കുറിച്ച് പഠിച്ച ചിന്തകർ പറയുന്നത്. രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ പല നേതാക്കളും സ്വന്തം പ്രസ്ഥാനത്തിനകത്ത് തങ്ങളുടെ പ്രതിച്ഛായ വർധിപ്പിക്കുന്നതിന് നിരന്തരം കൂട്ടുപിടിക്കുന്നത് അസത്യങ്ങളെയാണ്. അസത്യങ്ങൾ അണികളെ കൊണ്ട് വിശ്വസിപ്പിച്ച്, അവരെ വികാരാധീനരാക്കുന്നു. സ്തുതിപാഠകർ ആക്കുന്നു. അങ്ങനെയുള്ള നേതൃത്വം മാർക്കറ്റിങ് തന്ത്രത്തിലൂടെ, വീരനായകവേഷം ചമയുന്നു. യഥാർത്ഥത്തിൽ അതൊക്കെ ഊതിവീർപ്പിച്ച ബലൂൺ പോലെയാണ്. ഇന്ന് സ്വേച്ഛാധിപതികളും സ്വയം പൊള്ളയായ പ്രതിഛായ സൃഷ്ടിക്കുന്ന നേതൃത്വങ്ങളും ചെയ്യുന്നത്, സത്യമെന്ന് തോന്നിപ്പിക്കുന്ന വിധത്തിൽ അസത്യം പ്രചരിപ്പിക്കുക, യാഥാർത്ഥ്യമെന്ന് തോന്നിപ്പിക്കും വിധം അയഥാർത്ഥ്യത്തെ അവതരിപ്പിക്കുക എന്നതാണ്. ഇത്തരത്തിലാണ് അവർ ജനങ്ങളെയും അണികളെയും അഭിസംബോധന ചെയ്യുന്നത്.

വാക്കും ചിന്തയും പ്രവൃത്തിയും ഒന്നിക്കുന്നതാണ് സത്യം എന്നു പറഞ്ഞ ഗാന്ധിജിയുടെ നാട്ടിലാണ് ഇതെല്ലാം നടക്കുന്നത്. ചരിത്രത്തെ ദുർവ്യാഖ്യാനിക്കുന്നു. ഫാസിസ്റ്റുകൾ അസത്യ പ്രചരണം നിത്യപ്രവർത്തനം ആക്കി മാറ്റി. ഐതിഹ്യങ്ങളെയും കാല്പനിക കഥകളെയും ചേർത്തു പിടിച്ച്, പരമ്പരാഗത വിശ്വാസത്തിൽ ആഴ്ന്നിറങ്ങിയ ഇന്ത്യൻ സമൂഹത്തിൽ, വളരെ യാഥാസ്ഥിതിക ചിന്തകൾ പ്രചരിപ്പിക്കുന്നു. അത്തരം ചിന്തകൾക്കാണ് ഇന്ന് വേരോട്ടം. ഇവിടെ പരമ്പരാഗത വിശ്വാസത്തിലും ആചാരങ്ങളിലും ആഴ്ന്നിറങ്ങിയ സമൂഹത്തിന് ജനാധിപത്യം, മതേതരത്വം തുടങ്ങിയ ആശയങ്ങളുമായി വേണ്ടത്ര പൊരുത്തപ്പെടാൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ ഇടതുപക്ഷത്തിന് വലിയ ഉത്തരവാദിത്തം നിറവേറ്റാനുണ്ട്. ഇവിടെ ഇടതുപക്ഷ പൊതുമണ്ഡലം ഉയർന്നു വരണം, സത്യം പ്രചരിപ്പിക്കാൻ. എന്നാൽ വർഗീയവാദികളുടെയും യാഥാസ്ഥിതിക ശക്തികളുടെയും കടുത്ത വെല്ലുവിളികളെ നേരിടുന്നു ഇടതു പക്ഷപൊതുമണ്ഡലം. ജ്ഞാനവിരോധത്തെയും അന്ധവിശ്വാസങ്ങളെയും മതവിശ്വാസങ്ങളെയും ഉൾപ്പെടുത്തി വർഗീയവാദികൾ വൻതോതിൽ അസത്യം പ്രചരിപ്പിക്കുന്നു. അവരുടെ എന്തു ഹീനപ്രവൃത്തികളും സത്യാനന്തര കാലം എന്നതിന്റെ പേരിൽ നീതീകരിക്കപ്പെടുന്ന സ്ഥിതി സംജാതമാകുന്നുവോ? വിദ്യാഭ്യാസ സാംസ്കാരിക സ്ഥാപനങ്ങൾ ഫാസിസ്റ്റുകൾ കയ്യടക്കുന്നു. ഇതിന്റെ ഫലമായി രാജ്യത്ത് പൊതുമണ്ഡലത്തിന് പുരോഗമനാത്മകവും ആധുനികവുമായ മുഖം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. ദീർഘകാലത്തെ സാന്നിധ്യവും പുരോഗമനാത്മകവുമായ വീക്ഷണം ഉണ്ടായിട്ടും ഇടതു പക്ഷത്തിന് ഭൂരിപക്ഷം ജനതയുടെ ഭാവനയെ ഇന്ന് എന്തുകൊണ്ട് സ്വാധീനിക്കാൻ കഴിയുന്നില്ല എന്നത് നിർണായകമായ ചോദ്യമാണ്. ഇതിനെ കുറിച്ച് ഗഹനമായ പഠനങ്ങൾ നടക്കേണ്ടിയിരിക്കുന്നു. സത്യം പ്രചരിപ്പിക്കുക, മാനവികതയെ ചേർത്തുപിടിക്കുക എന്നതാണല്ലൊ എക്കാലത്തും ഇടതുപക്ഷത്തിന്റെ പ്രധാന ദൗത്യം. ആ ദൗത്യം നിറവേറ്റിയേ മതിയാകൂ.


ഇതുകൂടി വായിക്കുക:  മതരഹിതരുടെ സംവരണം


യാന്ത്രികമായ മാർക്സിസത്തിന്റെ സമീപന രീതിയെ മറികടന്നേ മതിയാകൂ. ഇടതുപക്ഷ ബദൽ അന്വേഷണത്തിന് അത് അനിവാര്യമാണ്. ഇന്ത്യയിൽ ഇടതുപക്ഷ പ്രത്യയശാസ്ത്രത്തിന് പ്രസക്തിയുണ്ട്. ജനജീവിതം ദുസഹവും, ദുരിതപൂർണവും ആകുമ്പോൾ ജാതിയും മതവും മൂലം ജനം വിഭജിക്കപ്പെടുമ്പോൾ, പട്ടിണി വർധിക്കുമ്പോൾ, മനുഷ്യന് ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുമ്പോൾ, മാർക്സിസത്തിനല്ലാതെ എന്തിനാണ് പ്രസക്തി. ഗാന്ധിയൻ ചിന്തകളും മാർക്സിയൻ ചിന്തകളും മാനവികത ഉദ്ഘോഷിക്കുന്നു. അതിന്റെ സമന്വയത്തിലൂടെ സത്യത്തിന്റെ പ്രചാരകരാകാം. ഇടതുപക്ഷ പൊതുമണ്ഡലം സൃഷ്ടിച്ചെടുക്കാൻ ചർച്ചകൾ വേണം, പഠനങ്ങൾ വേണം, സംവാദങ്ങൾ വേണം. സർഗാത്മകമായ ആശയങ്ങൾ രൂപീകരിക്കപ്പെടണം. അഭിപ്രായ സ്വാതന്ത്ര്യം കൂടുതൽ ജനാധിപത്യത്തിനു വഴി തെളിയിക്കും. ഈ കാലത്ത് അസത്യങ്ങളെ മറികടക്കാൻ പാവങ്ങളുടെ, പാർശ്വവത്കരിക്കപ്പെട്ടവരുടെ രാഷ്ട്രീയ ശക്തിയെ ഉണർത്തി വിടാൻ ഇടതുപക്ഷം കഠിനാദ്ധ്വാനം ചെയ്യണം. സത്യമാണ് ഇന്ന് ലോകത്ത് നിന്ന് അപ്രത്യക്ഷമായത്. വസ്തുനിഷ്ഠമായ, യുക്തിപരമായ, ശാസ്ത്രീയ സമീപനത്തിലൂടെ മുന്നേറി സത്യത്തെ പ്രചരിപ്പിക്കണം.

ചരിത്രകാരന്മാർ പറയുന്നത് സത്യം മാത്രമുള്ള കാലം ഉണ്ടായിട്ടില്ല എന്നതാണ്. യുവൽ നോവാ ഹരാരിയുടെ അഭിപ്രായപ്രകാരം സത്യാനന്തര കാലം അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുമ്പും നിലവിലുണ്ട് എന്നാണ്. സത്യകാലം എന്നൊന്ന് ലോകത്തിലുണ്ടായിട്ടില്ലത്രെ. മനുഷ്യവംശത്തിന്റെ ആരംഭം തൊട്ട് തന്നെ സത്യത്തിനും യാഥാർത്ഥ്യത്തിനും വസ്തുതകൾക്കും വിരുദ്ധമായ കല്പിത കഥകൾ നിർമ്മിച്ചുകൊണ്ടാണ് മനുഷ്യൻ വളർന്നുവന്നത് എന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിൽ അസത്യ നിർമ്മാണത്തിലൂടെ ലോകം കീഴടക്കാൻ ശ്രമിച്ച എത്രയോ എകാധിപതികൾ ഉണ്ട്. ഹിറ്റ്ലർ, അദ്ദേഹത്തിന്റെ ആസ്ഥാന ബുദ്ധിജീവി ഗീബൽസ്, സ്റ്റാലിൻ, അദ്ദേഹത്തിന്റെ ആസ്ഥാന ബുദ്ധിജീവി ഷഡനോവ് എന്ന പേരുകൾ വിസ്മരിക്കണ്ട. ഒരു കളവ് ആയിരം തവണ ആവർത്തിച്ചാൽ അത് സത്യമായി തീരും എന്ന ഗീസൽസിയൻ സിദ്ധാന്തം സത്യാനന്തര കാലത്തിനുവേണ്ടി കഴിഞ്ഞ നൂറ്റാണ്ടിൽ നിർമ്മിച്ച സൂത്രവാക്യമാണെന്ന് പറയാം. 2014ൽ ഉക്രെയ്‌നിൽ റഷ്യ നടത്തിയ രക്തരൂക്ഷിതമായ അധിനിവേശത്തെ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ലോകത്തിനു മുന്നിൽ അവതരിപ്പിച്ചത് ഹരാരി ചൂണ്ടി കാണിക്കുന്നു. ഉക്രയ്‌നിൽ അധിനിവേശം നടത്തിയത് തങ്ങളല്ലെന്നും റഷ്യയുടേതെന്ന് തോന്നിപ്പിക്കുന്ന ആയുധങ്ങൾ പ്രാദേശികകടകളിൽ നിന്നും സംഘടിപ്പിച്ച് സ്വയം സന്നദ്ധ സംഘങ്ങളാണ് അത് നടത്തിയതെന്നുമാണ് പുടിൻ അവകാശപ്പെട്ടത്.


ഇതുകൂടി വായിക്കുക:   ഫാസിസ്റ്റ് ഭരണവും ; മാധ്യമ സ്വാതന്ത്ര്യവും


എന്നാൽ ഇത് വസ്തുതാ വിരുദ്ധമാണെന്ന് ഏവർക്കും അറിയാം. ഏകാധിപതികൾ തങ്ങളുടെ സ്ഥാപിത താല്പര്യത്തിനായി വ്യാജവാർത്തകൾ ഉണ്ടാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന രീതികൾ അന്തർദേശീയ രാഷ്ട്രതന്ത്ര പഠനത്തിൽ ഇപ്പോൾ മുഖ്യവിഷയമാണ്. ഇന്ത്യ, ചൈന, റഷ്യ, വടക്കൻ കൊറിയ, അമേരിക്ക, ബ്രസീൽ, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളെ നിരീക്ഷിച്ചാൽ അസത്യം പ്രചരിക്കുന്നത് എങ്ങനെ എന്നു കാണാം. ജനകീയ പ്രക്ഷോഭങ്ങളിലൂടെയും ജനാധിപത്യ പ്രക്ഷോഭങ്ങളിലൂടെയും കഴിഞ്ഞ ദശകങ്ങളിൽ നമ്മുടെ പൗരസമൂഹമാർജജിച്ച മഹത്തായതെല്ലാം ദ്രുതഗതിയിൽ നഷ്ടമാവുന്നതിന് നാം സാക്ഷിയാവുകയാണ്. നീതിനിഷ്ഠമായ സമൂഹം സ്വപ്നം കാണുന്നവർക്കെല്ലാം ഈ പിറകോട്ടടി പുതിയ വീണ്ടുവിചാരങ്ങൾക്ക് പ്രേരകമാകണം. ഇടതുപക്ഷ പൊതുമണ്ഡലത്തെ ശക്തിപ്പെടുത്തണം. ഗഹനമായ ചർച്ചകളിലൂടെ, ആന്തരിക വിമർശനങ്ങളിലൂടെ, തുറന്ന സംവാദങ്ങളിലൂടെ, വിശ്വാസ്യതയാർന്ന പ്രവർത്തനത്തിലൂടെ സത്യത്തെ ഉയർത്താൻ ഇടതുപക്ഷത്തിനെ സാധിക്കൂ. അതാണ് ഏറ്റവും പ്രമുഖമായ കടമ…

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.