നിത്യോപയോഗ സാധനങ്ങളുടെയും ഭക്ഷ്യോല്പന്നങ്ങളുടെയും വില രാജ്യത്ത് കുതിച്ചുയരുന്ന സാഹചര്യമാണുള്ളതെന്നും ഈ വിലക്കയറ്റം കേരളത്തിൽ ഒരു പരിധിവരെ പിടിച്ചു നിർത്താൻ സാധിക്കുന്നത് സംസ്ഥാന സർക്കാരിന്റെ കൃത്യമായ വിപണി ഇടപെടൽ മൂലമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. 30 വരെ നടക്കുന്ന സപ്ലൈക്കോ ക്രിസ്മസ് ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. വിലക്കയറ്റം പിടിച്ചുനിർത്താൻ പ്രധാന ശക്തിയായി പ്രവർത്തിക്കുന്നത് സപ്ലൈകോയാണ്. ഉത്സവകാലത്ത് നിത്യോപയോഗ സാധനങ്ങളുടെ വില വർധിക്കാനിടയുള്ളതിനാലാണ് സർക്കാർ വിപണിയിൽ ഇടപെടുന്നത്. സംസ്ഥാന വ്യാപകമായുള്ള ഫലപ്രദമായ ഇടപെടലിൽ സപ്ലൈകോയ്ക്കൊപ്പം കൺസ്യൂമർ ഫെഡുമുണ്ട്. പ്രാഥമിക സഹകരണ സംഘങ്ങളും ഉത്സവകാലങ്ങളിൽ ഇടപെടുന്നുണ്ട്.
കേരളത്തിൽ മാത്രമാണ് ഇത്ര വിപുലമായ വിപണി ഇടപെടൽ നടത്തുന്നതും വിലക്കയറ്റം ഫലപ്രദമായി തടഞ്ഞുനിർത്താൻ കഴിയുന്നതും. ഇത് കൃത്യമായ കാഴ്ചപ്പാടുള്ളതുകൊണ്ടാണ്. സാധാരണക്കാരും പാവപ്പെട്ടവരും വിലക്കയറ്റം മൂലം പൊറുതിമുട്ടരുതെന്ന നിലപാടാണ് സർക്കാരിനുള്ളത്. കേരളം ഭക്ഷ്യോല്പാദന രംഗത്ത് നല്ല രീതിയിൽ മുന്നേറുന്ന സമയമാണ്. നെല്ലിന്റെ കാര്യത്തിൽ ഉല്പാദനക്ഷമത നല്ലതുപോലെ വർധിപ്പിക്കാനായി. നാളികേരത്തിന്റെയും ഉല്പാദനക്ഷമത വർധിക്കുകയാണ്. കാർഷികോല്പന്നങ്ങളെ മൂല്യവർധിത ഉല്പന്നങ്ങളാക്കി മാറ്റുന്ന നടപടികളും സ്വീകരിക്കുന്നുണ്ടെന്നു മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പുത്തരിക്കണ്ടം മൈതാനിയില്‍ നടന്ന നടന്ന ചടങ്ങില്‍ ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍ അധ്യക്ഷനായി. സപ്ലൈകോ മാനേജിങ് ഡയറക്ടര്‍ പി ബി നൂഹ് സ്വാഗതം പറഞ്ഞു. ആര്‍ സരസ്വതിയ്ക്ക് മുഖ്യമന്ത്രി ആദ്യ വില്‍പന നടത്തി. ആന്റണി രാജു എംഎല്‍എ, ഡെപ്യൂട്ടി മേയര്‍ പി കെ രാജു, പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷന്‍ മുകുന്ദ് ടാക്കൂര്‍, കൗണ്‍സിലര്‍ സിമി ജ്യോതിഷ് എന്നിവര്‍ സംസാരിച്ചു. സപ്ലൈകോ തിരുവനന്തപുരം മേഖല മാനേജര്‍ എ സജാദ് നന്ദി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.