September 26, 2022 Monday

പരിസ്ഥിതി സംരക്ഷണത്തിന് 1.09 കോടി വൃക്ഷത്തൈകള്‍ നടുന്നു

Janayugom Webdesk
തിരുവനന്തപുരം
May 13, 2020 8:50 pm

കേരളത്തിന്റെ പരിസ്ഥിതി സംരക്ഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം സംസ്ഥാനത്ത് ഒരു കോടി ഒമ്പതു ലക്ഷം (1.09 കോടി) വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കും. തൈകള്‍ നടുന്നതിന്റെ തയ്യാറെടുപ്പ് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അവലോകനം ചെയ്തു. വനം മന്ത്രി കെ രാജുവും കൃഷിമന്ത്രി വി എസ് സുനില്‍കുമാറും ബന്ധപ്പെട്ട വകുപ്പുകളുടെ സെക്രട്ടറിമാരും പങ്കെടുത്തു. ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് 81 ലക്ഷം തൈകളാണ് നടുന്നത്. രണ്ടാംഘട്ടമായി ജൂലൈ ഒന്ന് മുതല്‍ ഏഴ് വരെയുള്ള ദിവസങ്ങളില്‍ 28 ലക്ഷം തൈകള്‍ കൂടി നടും. വനം വകുപ്പും കൃഷിവകുപ്പും ചേര്‍ന്നാണ് തൈകള്‍ തയ്യാറാക്കിയത്.

തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ 12 ലക്ഷം തൈകളും ഒരുക്കിയിട്ടുണ്ട്. ജൂണ്‍ അഞ്ചിന് വിതരണം ചെയ്യുന്ന 81 ലക്ഷം തൈകളില്‍ 47 ലക്ഷം വനം വകുപ്പിന്റേതും 22 ലക്ഷം കൃഷിവകുപ്പിന്റേതും 12 ലക്ഷം തൊഴിലുറപ്പ് പദ്ധതിയുടേതുമാണ്. രണ്ടാം ഘട്ടത്തില്‍ പത്ത് ലക്ഷം തൈകള്‍ വനംവകുപ്പും 18 ലക്ഷം തൈകള്‍ കൃഷിവകുപ്പും ലഭ്യമാക്കും. 75 ശതമാനം തൈകളും സൗജന്യമായി വീടുകളിലെത്തിക്കും. എ­ന്നാല്‍ ടിഷ്യൂകള്‍ച്ചര്‍ ചെയ്തതും ഗ്രാഫ്റ്റ് ചെയ്തതുമായ ഫലവൃക്ഷത്തൈകള്‍ക്ക് വിലയുടെ 25 ശതമാനം ഈടാക്കും. വിതരണം ചെയ്യുന്ന തൈകളില്‍ ഭൂരിഭാഗവും ഫലവൃക്ഷങ്ങളായിരിക്കും.

പ്ലാവ്, മാവ്, മുരിങ്ങ, കറിവേപ്പ്, വാളന്‍ പുളി, കൊടംപുളി, റംബൂട്ടാന്‍, കടച്ചക്ക, മാങ്കോസ്റ്റീന്‍, ചാമ്പക്ക, പപ്പായ, സപ്പോട്ട, പേരക്ക, അവക്കാഡോ, ഓറഞ്ച്, നാരങ്ങ, മാതളം, പാഷന്‍ ഫ്രൂട്ട് മുതലായവയുടെ തൈകള്‍ ഇതില്‍ ഉള്‍പ്പെടും. മുന്‍വര്‍ഷങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ വഴിയാണ് തൈകള്‍ വിതരണം ചെയ്തിരുന്നത്. എന്നാല്‍ ഇത്തവണ ജൂണ്‍ അഞ്ചിന് സ്കൂള്‍ തുറക്കുമോ എന്ന് പറയാറായിട്ടില്ലാത്ത സാഹചര്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ തൈകള്‍ വീടുകളില്‍ എത്തിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓരോ സ്ഥലത്തെയും കൃഷി ഓഫീസര്‍മാര്‍ മുന്‍കൈയെടുത്ത് പ്രാദേശിക സ്ഥാപനങ്ങളുടെ സഹായത്തോടെ തൈകള്‍ വീടുകളില്‍ എത്തിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.