ഒന്നരലക്ഷത്തിലധികം എടിഎമ്മുകളുടെ സേവനം 2019 ഓടെ നിര്‍ത്തലാകും

Web Desk
Posted on November 21, 2018, 6:56 pm

കൊച്ചി: രാജ്യ വ്യാപകമായി 1.13 ലക്ഷത്തോളം എടിഎമ്മുകളുടെ പ്രവര്‍ത്തനം 2019 മാര്‍ച്ചോടെ നിര്‍ത്തലാക്കാന്‍ നിര്‍ബന്ധിതരാവുമെന്ന് ആഭ്യന്തര എടിഎം സേവന ദാതാക്കളുടെ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് എടിഎം ഇന്‍ഡസ്ട്രി (സിഎടിഎംഐ) ചൂണ്ടിക്കാട്ടി. ഒരു ലക്ഷത്തോളം ഓഫ് സൈറ്റ് എടിഎമ്മുകളും 15,000‑ത്തിനു മേല്‍ വൈറ്റ് ലേബല്‍ എടിഎമ്മുകളും ഉള്‍പ്പെടെയായിരിക്കും ഇത്.

രാജ്യത്ത് ഇപ്പോള്‍ ഏകദേശം 2,38,000 എടിഎമ്മുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നാണ് ഏറ്റവും ഒടുവില്‍ ലഭ്യമായിട്ടുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. പ്രവര്‍ത്തനങ്ങള്‍ ലഭ്യമല്ലാത്തതു മൂലം നഗര ഇതര കേന്ദ്രങ്ങളിലെ വലിയൊരു പങ്ക് എടിഎമ്മുകളും പ്രവര്‍ത്തനം അവസാനിപ്പിച്ചേക്കാം. ഇതു സംഭവിക്കുകയാണെങ്കില്‍ ജനങ്ങളെ ബാങ്കിങ് സേവനങ്ങളുടെ പരിധിക്കുള്ളില്‍ കൊണ്ടു വരാനുള്ള പദ്ധതികളെ അതു രൂക്ഷമായി ബാധിക്കും. പ്രധാന്‍ മന്ത്രി ജന്‍ ധന്‍ യോജന പദ്ധതിക്കു കീഴില്‍ തങ്ങളുടെ സബ്‌സിഡികള്‍ എടിഎം വഴി പിന്‍വലിക്കുന്ന ദശലക്ഷക്കണക്കിനു പേര്‍ തങ്ങളുടെ അടുത്തുള്ള എടിഎമ്മുകള്‍ അടച്ചു പോയതായി അറിയുന്നതിനെ തുടര്‍ന്നാവും ഇതുണ്ടാകുക.

നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് എടിഎമ്മുകള്‍ പണം നല്‍കാതിരുന്ന സന്ദര്‍ഭത്തിലുണ്ടായി രുന്നതിനു സമാനമായ നീണ്ട ക്യൂകളും പ്രശ്‌നങ്ങളുമാവും ഇതിന്റെ ഫലമായി ഉണ്ടാകുക. ഈ വ്യവസായ മേഖലയില്‍ ലക്ഷക്കണക്കിനു പേരാണു തൊഴില്‍ ചെയ്യുന്നത്. സിഎടിഎംഐ കണക്കു കൂട്ടുന്നതു പ്രകാരം എടിഎമ്മുകള്‍ അടച്ചു പൂട്ടുന്നത് രാജ്യത്തിന്റെ സമ്പദ്ഘടനയെ മൊത്തത്തില്‍ ബാധിക്കുന്ന രീതിയില്‍ വന്‍ തോതിലുള്ള തൊഴില്‍ നഷ്ടത്തിനാവും വഴി വെക്കുകയെന്നാണ് വ്യക്തമാക്കപ്പെടുന്നത്.

എടിഎം ഹാര്‍ഡ്‌വെയറുകള്‍, സോഫ്റ്റ്‌വെയറുകള്‍ എന്നിവ സംബന്ധിച്ച അടുത്തിടെ ഉണ്ടായ നിയന്ത്രണ മാര്‍ഗനിര്‍ദ്ദേശങ്ങള്‍, പണം കൈകാര്യം ചെയ്യുന്ന നിലവാരം, പണം നിറക്കുന്ന സംവിധാനം എന്നിവ സംബന്ധിച്ച് അടുത്തിടെ വരുത്തിയ നിബന്ധനകള്‍ എന്നിവ മൂലം പ്രവര്‍ത്തനം ലഭ്യമാകാതെ വന്നതാണ് എടിഎമ്മുകള്‍ അടച്ചു പൂട്ടാന്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യം സൃഷ്ടിക്കുന്നതെന്ന് സിഎടിഎംഐ ചൂണ്ടിക്കാട്ടി.
എടിഎം കൈകാര്യം ചെയ്യുന്ന സേവന ദാതാക്കള്‍, ബ്രൗണ്‍ ലേബല്‍ എടിഎം. സ്ഥാപിക്കുന്നവര്‍, വൈറ്റ് ലേബല്‍ എടിഎം സേവന ദാതാക്കള്‍ എന്നിവര്‍ അടങ്ങുന്ന തങ്ങളുടെ അംഗങ്ങള്‍ നോട്ട് നിരോധനത്തെ തുടര്‍ന്നുള്ള വന്‍ നഷ്ടത്തിന്റെ ഫലമായി ഇപ്പോള്‍ തന്നെ സാമ്പത്തിക ആഘാതത്തിന്റെ പിടിയിലാണെന്ന് സിഎടിഎംഐ സൂചിപ്പിച്ചു. പണത്തിന്റെ വിതരണത്തെ ബാധിച്ചതും മാസങ്ങളോളും അസുന്തലിതാവസ്ഥ തുടര്‍ന്നതുമാണ് ഇതിനിടയാക്കിയത്. വന്‍ തോതില്‍ ചെലവു വര്‍ധിക്കുന്ന രീതിയിലെ പുതിയ നിയന്ത്രണ മാര്‍ക്ഷ നിര്‍ദ്ദേശങ്ങള്‍ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാക്കി. ഇത്തരത്തിലുള്ള വന്‍ സാമ്പത്തിക ചെലവുകള്‍ താങ്ങാന്‍ മാര്‍ഗങ്ങളില്ലാത്ത സേവന ദാതാക്കള്‍ക്ക് ഈ എടിഎമ്മുകള്‍ അടച്ചു പൂട്ടുകയല്ലാതെ നിര്‍വ്വാഹമില്ല. നിയന്ത്രണങ്ങള്‍ പാലിക്കുന്നതിന്റെ പേരിലുള്ള ഈ അധിക ചെലവുകള്‍ വഹിക്കാന്‍ ബാങ്കുകള്‍ മുന്നോട്ടു വന്നാലല്ലാതെ ഇതിനു മാറ്റമുണ്ടാകില്ല. വളരെ കുറഞ്ഞ തോതിലുള്ള എടിഎം ഇന്റര്‍ ചെയ്ഞ്ചും എന്നും വര്‍ധിക്കുന്ന ചെലവുകളും മൂലം എടിഎം സേവനം ലഭ്യമാക്കുന്നതില്‍ നിന്നുള്ള വരുമാനം ഒരിക്കലും ഉയരുന്നില്ലെന്നും സിഎടിഎംഐ. കൂട്ടിച്ചേര്‍ത്തു.
പണം കൈകാര്യം ചെയ്യുന്നതും കാസറ്റുകളില്‍ നിറക്കുന്നതും സംബന്ധിച്ച പുതിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ മാത്രം 3,500 കോടി രൂപയുടെ അധിക ചെലവു വരുമെന്നാണ് സിഎടിഎംഐ കണക്കാക്കുന്നത്. ബാങ്കുകളുമായുള്ള കരാര്‍ ഒപ്പിടുന്ന വേളയില്‍ ഇത്തരം ആവശ്യങ്ങള്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇത്തരം ബാധ്യതകള്‍ ഇല്ലാതിരുന്ന നാലോ അഞ്ചോ വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഈ ധാരണകളില്‍ പലതും ഒപ്പിട്ടത്. നിബന്ധനകള്‍ പാലിക്കുന്നതിനുള്ള ഈ ചെലവുകള്‍ 15,000 ത്തില്‍ ഏറെ വരുന്ന വൈറ്റ് ലേബല്‍ എടിഎമ്മുകളെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിലേക്കാണു നയിക്കുന്നത്. വൈറ്റ് ലേബല്‍ സേവന ദാതാക്കള്‍ ഇപ്പോള്‍ തന്നെ വലിയ നഷ്ടം നേരിട്ടിരിക്കുകയാണ്. അവര്‍ക്ക് അധിക ചെലവുകള്‍ താങ്ങാനാവുന്ന സാഹചര്യമല്ല ഉള്ളത്.
വൈറ്റ് ലേബല്‍ എടിഎമ്മുകളുടെ ഏക വരുമാന സ്രോതസായ എടിഎം ഇന്റര്‍ചെയ്ഞ്ച് വര്‍ധിപ്പിക്കണമെന്നുള്ള തുടര്‍ച്ചയായ ആവശ്യങ്ങള്‍ക്കിടയിലും അതു സ്ഥിരമായി നില്‍ക്കുയാണ്. ഈ നിക്ഷേപങ്ങള്‍ നടത്തുന്നതിനുള്ള നഷ്ടം നികത്താന്‍ ബാങ്കുകള്‍ മുന്നോട്ടു വന്നില്ലെങ്കില്‍ കരാറുകളില്‍ നിന്നു പിന്‍വാങ്ങുകയും വന്‍ തോതിലുള്ള എ.ടി.എം. അടച്ചു പൂട്ടലുകളിലേക്കു നയിക്കുകയും ചെയ്യുന്ന അവസ്ഥയിലൂടെയാണ് ഈ വ്യവസായം നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് സി എടിഎംഐ പറഞ്ഞു.