25 July 2024, Thursday
KSFE Galaxy Chits Banner 2

ഒരു മാസംകൊണ്ട് രാജ്യത്ത് തൊഴില്‍ നഷ്ടം 1.3 കോടി

Janayugom Webdesk
July 10, 2022 11:03 pm

വെെകിയ കാലവര്‍ഷം, തകര്‍ന്ന സമ്പദ്‌വ്യവസ്ഥ, തൊഴിൽ മേഖലകളിലെ സർക്കാരിന്റെ ‌നിഷ്ക്രിയത്വം എന്നിവ മൂലം കഴിഞ്ഞമാസം മാത്രം രാജ്യത്ത് നഷ്ടമായത് 1.3 കോടി പേരുടെ തൊഴില്‍. സെന്റര്‍ ഓഫ് മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമിയുടെ ഏറ്റവും പുതിയ കണക്കുകളനുസരിച്ച് മേയില്‍ 40.4 കോടിയായിരുന്ന തൊഴിലെടുക്കുന്നവരുടെ എണ്ണം ജൂൺ അവസാനത്തോടെ 39.1 കോടിയായി കുറഞ്ഞു. കഴിഞ്ഞ ഒരു വർഷമായി തൊഴിലാളികളുടെ എണ്ണം ചെറിയ ഏറ്റക്കുറച്ചിലോടെ 40 കോടിയായി തുടരുകയായിരുന്നു.
നിലവില്‍ രാജ്യത്ത് തൊഴിലെടുക്കുന്ന പ്രായത്തിലുള്ളവരില്‍ 36 ശതമാനത്തിന് മാത്രമാണ് ജോലിയുള്ളത്. തൊഴിൽ പങ്കാളിത്ത നിരക്കാകട്ടെ മേയ് മാസത്തിലെ 39.91 ശതമാനത്തിൽ നിന്ന് ജൂണിൽ 38.3 ശതമാനമായി കുറഞ്ഞു. 2020 ഏപ്രിൽ- മേയ് മാസങ്ങളിലെ ആദ്യത്തെ ലോക്ഡൗണിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ എൽപിആർ ആണിത്. കുറഞ്ഞ എൽപിആർ കാണിക്കുന്നത് നിരാശരായ ജനങ്ങള്‍ നിലവിലെ തൊഴിൽ സേനയിൽ നിന്ന് പിന്മാറി മറ്റു ജോലികള്‍ തേടുന്നുവെന്നാണ്.
തൊഴിലില്ലായ്മാ നിരക്ക് മേയ് മാസത്തിലെ 7.1 ശതമാനത്തിൽ നിന്ന് ജൂണിൽ 7.8 ശതമാനമായി ഉയർന്നു. കഴിഞ്ഞ കുറേ മാസങ്ങളായി തൊഴിലില്ലായ്മ നിരക്ക് 7–8 ശതമാനം ഉയരുകയാണ്. ഇത് രാജ്യത്തെ തൊഴിലില്ലായ്മയുടെ കടുത്ത അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്.
ജൂണിൽ കാലവര്‍ഷം വെെകിയതാണ് തൊഴില്‍ദിനങ്ങളും തൊഴിലാളികളുടെ പങ്കാളിത്തവും കുറയുന്നതിന് കാരണമെന്ന് റിപ്പോര്‍ട്ട് പറയുന്നു. സാധാരണയായി നെൽക്കൃഷി പോലുള്ള മണ്‍സൂണ്‍ വിളകളുടെ ജോലി ജൂണിൽ ആരംഭിക്കും. സ്ത്രീകളുൾപ്പെടെ ലക്ഷക്കണക്കിന് തൊഴിലാളികൾ വയലുകളിലെത്തും. ഇത്തവണ ജൂൺ അവസാന വാരത്തോടെയാണ് മഴ ശക്തമായത്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് ജൂൺ പകുതി വരെ 32 ശതമാനത്തിലധികം മഴ കുറവായിരുന്നു. ഇതോടെ കർഷകത്തൊഴിലാളികളില്‍ ഭൂരിഭാഗവും തൊഴിലില്ലാതിരിക്കാന്‍ നിർബന്ധിതരായി. ഇത് തൊഴിലില്ലായ്മയുടെ വർധനവിനും എൽപിആർ കുറയുന്നതിനും കാരണമായി. കർഷകത്തൊഴിലാളികളും ചെറുകിട/ നാമമാത്ര കർഷകരും സമൂഹത്തിലെ ഏറ്റവും ദുർബലരായ വിഭാഗമാണ്. ഈ വിഭാഗങ്ങളിലെ തൊഴിലില്ലായ്മ സാമ്പത്തിക തകര്‍ച്ചക്ക് ആക്കം കൂട്ടും.
ജൂണില്‍ 25 ലക്ഷം പേര്‍ക്ക് മാസവേതനമുള്ള ജോലികൾ നഷ്ടപ്പെട്ടതായും സിഎംഐഇ കണക്കാക്കുന്നു. കാലവർഷം വൈകിയതുമായി ഇതിന് കാര്യമായ ബന്ധമൊന്നുമില്ല. രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ ചിത്രമാണിത്. വ്യവസായ മേഖലയുടെ വളര്‍ച്ച വളരെ സാവധാനത്തിലോ സ്തംഭനാവസ്ഥയിലോ ആണ്. പുതിയ തൊഴില്‍ മേഖല സൃഷ്ടിക്കാന്‍ ഈ മേഖലക്ക് കഴിയുന്നില്ല.
ഈ സാഹചര്യത്തിലും തൊഴിൽ പ്രതിസന്ധി ഉയർത്തുന്ന നയങ്ങളാണ് മോഡി സർക്കാർ സ്വീകരിക്കുന്നത്. കരാർ ജോലികൾ വർധിപ്പിക്കുന്ന ലേബർ കോഡുകൾ നടപ്പിലാക്കാൻ ശ്രമിക്കുന്നു. അഗ്നിപഥ് പദ്ധതിയിലൂടെ ഭാഗിക കരാർ പ്രഖ്യാപനം നടത്തി സായുധ സേനയിൽ സുരക്ഷിതമായ തൊഴിൽ സാധ്യതകൾ കുറച്ചു. ഇത് പണപ്പെരുപ്പത്തിന്റെ പിടിയിലിരിക്കുന്ന സമ്പദ്‌വ്യവസ്ഥയിൽ ജനങ്ങളുടെ ദുരിതം വർധിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 

Eng­lish Sum­ma­ry: 1.3 crore job loss­es in the coun­try in one month

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.