ഇന്ത്യയില്‍ പ്രതിവര്‍ഷം 1.6 കോടി ഗര്‍ഭച്ഛിദ്രം

Web Desk
Posted on December 13, 2017, 11:01 pm

മുംബൈ: രാജ്യത്ത് പ്രതിവര്‍ഷം 1.56 കോടി ഗര്‍ഭച്ഛിദ്രം നടക്കുന്നതായി റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം പതിനഞ്ച് വര്‍ഷമായി പ്രതിവര്‍ഷം ഏഴ് ലക്ഷം ഗര്‍ഭച്ഛിദ്രങ്ങള്‍ മാത്രമാണ് നടക്കുന്നത്.
ദ ലാന്‍സെറ്റ് ഗ്ലോബല്‍ ഹെല്‍ത്ത് എന്ന മെഡിക്കല്‍ ജേണല്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരമുളളത്. ഇതില്‍ 81 ശതമാനം സ്ത്രീകളും വീട്ടില്‍ തന്നെയാണ് ഗര്‍ഭം അലസിപ്പിക്കുന്നത്. ഇതിനായി ഗുളികളും മറ്റുമാണ് ഇവര്‍ ഉപയോഗിക്കുന്നതെന്നും പഠനം പറയുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ നടക്കുന്ന ശസ്ത്രക്രിയ ഗര്‍ഭച്ഛിദ്രം മാത്രമാണ് ഔദ്യോഗിക കണക്കുകളില്‍ പെടുത്തുന്നത്. സ്വകാര്യ ആശുപത്രികളിലും വീടുകളിലും നടക്കുന്ന ഗര്‍ഭച്ഛിദ്രങ്ങള്‍ കണക്കില്‍ പെടുന്നില്ല.
1.27 കോടി ഗര്‍ഭച്ഛിദ്രങ്ങള്‍ മരുന്നുകള്‍ മാത്രം ഉപയോഗിച്ച് നടത്തപ്പെടുന്നവയാണ്. 22 ലക്ഷം മാത്രമാണ് ശസ്ത്രക്രിയയിലൂടെ നടക്കുന്നത്. 80,000ത്തോളം മറ്റ് തരത്തിലും അലസിപ്പിക്കുന്നു. ഇത് പലപ്പോഴും സുരക്ഷിതമല്ലാത്തവയുമാണ്.
മുംബൈയിലും ചെന്നൈയിലും മറ്റും നടന്ന പല പഠനങ്ങളിലും നേരത്തെയും ഇത്തരം വലിയ കണക്കുകള്‍ പുറത്ത് വന്നിട്ടുണ്ട്. അത് കൊണ്ടുതന്നെ ഈ കണക്കുകള്‍ തെല്ലും അമ്പരിപ്പിക്കുന്നതല്ല. ഗര്‍ഭച്ഛിദ്രത്തിനുളള മരുന്നുകളുടെ വില്‍പ്പന ഇതിന്റെ കൃത്യമായ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ടെന്ന് പഠനത്തില്‍ പങ്കെടുത്ത ഡോ. നോസെര്‍ ഷെരിയാര്‍ പറയുന്നു.