നിക്കാഹ് അടിപൊളിയാക്കി, ലക്ഷങ്ങളുടെ പിഴയുമൊടുക്കി

കെ രംഗനാഥ്

അബുദാബി

Posted on September 13, 2020, 10:05 pm

കെ രംഗനാഥ്

കൊറോണക്കാല കല്യാണങ്ങള്‍ അടിപൊളിയാക്കുന്നവര്‍ക്ക് ഇനി വിവാഹച്ചെലവിനൊപ്പം ലക്ഷങ്ങളുടെ പിഴയും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ വിവാഹ സല്‍ക്കാരം നടത്തിയ വധൂവരന്മാരുടെ മാതാപിതാക്കള്‍ക്കാണ് പിഴശിക്ഷ.

പെണ്ണിന്റെയും ചെക്കന്റെയും അച്ഛനമ്മമാര്‍ രണ്ടുലക്ഷം രൂപ വീതമാണ് പിഴയടയ്ക്കേണ്ടത്. മൊത്തം പിഴ എട്ട് ലക്ഷം രൂപ. എന്തായാലും മണവാളനും മണവാട്ടിക്കും പിഴ ചുമത്തിയിട്ടില്ല. അവിടെയും കഥ തീരുന്നില്ല. നിക്കാഹില്‍ പങ്കെടുത്തവര്‍ക്കെല്ലാം ഒരു ലക്ഷം രൂപ വീതം പിഴ വേറെ. വരന്റെ വീട്ടില്‍ രാജകീയമായ പന്തലൊരുക്കി നടന്ന വിവാഹത്തില്‍ എത്രപേര്‍ സംബന്ധിച്ചുവെന്ന കണക്കുമാത്രം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. സാമൂഹ്യ അകലം പാലിക്കാതെ കൂട്ടം കൂടല്‍ നിരോധനനിയമം ലംഘിച്ചതിനാണ് പിഴശിക്ഷ. മാസ്ക്ക് ധരിക്കാത്തവര്‍ 60,000 രൂപയും ക്വാറന്റെെന്‍ ലംഘിക്കുന്നവര്‍ 10 ലക്ഷം രൂപയും പിഴയടയ്ക്കണം. നിയമം ലംഘിച്ചവര്‍ എത്രയെന്ന് നിക്കാഹ് ചടങ്ങിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു കണ്ടെത്തി പിഴയീടാക്കല്‍ നടപടികള്‍ തുടരും.

ഇത്തരം നിയമങ്ങള്‍ ആവര്‍ത്തിച്ച് ലംഘിക്കുന്നവര്‍ക്ക് പിഴ ഇരട്ടിയാണ്. ഒപ്പം ആറ് മാസം തടവും. ഈ വകുപ്പില്‍പ്പെടുന്നവരും കല്യാണമേളത്തില്‍ പങ്കെടുത്തവരുണ്ടോ എന്നു പരിശോധിച്ചുവരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ വിവാഹങ്ങളിലൂടെ വര്‍ധിച്ചുവരുന്ന നിയമലംഘനങ്ങള്‍മൂലവും രോഗവ്യാപനം വീണ്ടും അനിയന്ത്രിതമായ സാഹചര്യത്തിലാണ് നടപടികള്‍ കര്‍ക്കശമാക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

Eng­lish sum­ma­ry: 10 lakh rupees fine for vio­lat­ing covid pro­to­col

You may also like this video: