കലഹണ്ടി ജില്ലയിലെ ഒരു വ്യവസായിയിൽ നിന്നും 10 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ധരംഗഢ് ജില്ലയിലെ സബ്കലക്ടറായ ഐഎഎസ് ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിലായി. ധിമാൻ ചക്മ എന്ന ഐഎസ് ഉദ്യോഗസ്ഥനാണ് പിടിയിലായത്. ഇദ്ദേഹം ആവശ്യപ്പെട്ടതിനെത്തുടർന്ന് 10 ലക്ഷം രൂപയുമായെത്തിയ വ്യവസായി പണം കൈമാറുന്നതിനിടയിൽ പിടിയിലാകുകയായിരുന്നുവെന്ന് വിജിലൻസ് വകുപ്പ് പ്രസ്താവനയിലൂടെ അറിയിച്ചു.
പ്രതി പരാതിക്കാരനെ തൻറെ ഔദ്യോഗിക വസതിയിലേക്ക് വിളിച്ചുവരുത്തി പണം സ്വീകരിക്കുകയായിരുന്നു. പരാതിക്കാരനിൽ നിന്നും പണം വാങ്ങിയ ശേഷം അത് തൻറെ ഇരു കൈകളും ഉപയോഗിച്ച് എണ്ണി നോക്കുകയും പിന്നീട് അത് വസതിയിലെ ഓഫീസ് ടേബിളിൻറെ ഡ്രോയറിൽ സൂക്ഷിക്കുകയായിരുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.
കലഹണ്ടി ജില്ലയിലെ ധരംഗഢിൽ സ്ഥിതി ചെയ്യുന്ന സ്റ്റോൺ ക്രഷർ യൂണിറ്റിനെതിരെ നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തി പരാതിക്കാരനിൽ നിന്നും പ്രതിയായ സബ്കലക്ടർ വൻ തുക ആവശ്യപ്പെടുകയായിരുന്നുവെന്ന് വൃത്തങ്ങൾ അറിയിച്ചു.
ഒടുവിൽ നിവൃത്തികെട്ട സ്റ്റോൺ ക്രഷർ യൂണിറ്റ് ഉടമ, വിജിലൻസിനെ സമീപിച്ച് കെണിയൊരുക്കി ധിമാൻ ചക്മയെ കുടുക്കുകയായിരുന്നു. തുടർന്ന് ഇദ്ദേഹത്തിൻറെ ഔദ്യോഗിക വസതിയിൽ നടത്തിയ തിരച്ചിലിൽ 47 ലക്ഷം രൂപയാണ് കണ്ടെടുത്തത്. തിരച്ചിലുകൾ പുരോഗമിക്കുകയാണെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.