Sunday
21 Jul 2019

ഗോവയില്‍ കോണ്‍ഗ്രസില്‍ നിന്നു രാജിവച്ച പത്ത് എംഎല്‍എമാര്‍ ബിജെപിയില്‍ ,മന്ത്രിമാരുടെ സത്യപ്രതിജ്ഞ നാളെ

By: Web Desk | Friday 12 July 2019 3:23 PM IST


പനാജി : നിയമ നടപടി സ്വീകരിക്കാനുള്ള പഴുത് അടച്ചുകൊണ്ട് ഗോവയില്‍ കോണ്‍ഗ്രസില്‍ നിന്നു രാജിവച്ച പത്ത് എംഎല്‍എമാര്‍ ഔദ്യോഗികമായി ബിജെപിയില്‍ ചേര്‍ന്നു.

ബി.ജെ.പിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ നാളെ നടക്കും. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ എംഎല്‍എമാര്‍ക്ക് കൂടി പ്രാതിനിധ്യം നല്‍കി മന്ത്രി സഭയില്‍ അഴിച്ചു പണി നടക്കും. പുതിയതായി നാലുപേര്‍ക്ക് മന്ത്രി സ്ഥാനം നല്‍കിയേക്കും. മിഷേല്‍ ലോബോ,ബാബു കവലേക്കര്‍,ബാബുഷ് മോണ്‍സ്രെട്ട,ഫിലിപ്പ് നേരി റോഡ്രിഗ്‌സ് എന്നിവരെയാണ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

ഇന്നലെ ദില്ലിയില്‍ അമിത് ഷായുമായി മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ നേതൃത്വത്തില്‍ എംഎല്‍എമാര്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രിയും ബി.ജെ.പി അധ്യക്ഷനുമായ അമിത് ഷായുമായും ഇവര്‍ കൂടിക്കാഴ്ച നടത്തി.

ഇവരെ ഉള്‍പ്പെടുത്തി ഉടന്‍ ഗോവ മന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചിരുന്നു. കര്‍ണാടകത്തില്‍ രാഷ്ട്രീയപ്രതിസന്ധി രൂക്ഷമായി തുടരവെയാണ്, നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് കോണ്‍ഗ്രസിലെ മൂന്നില്‍ രണ്ട് എംഎല്‍എമാരും 15ല്‍ പത്ത് പേര്‍ പാര്‍ട്ടിയില്‍ നിന്ന് രാജി വച്ച് ബിജെപിയില്‍ ചേരുകയാണെന്ന് സ്പീക്കര്‍ക്ക് കത്ത് നല്‍കിയത്. ഇതോടെ 40 അംഗ നിയമസഭയില്‍ ബിജെപിയുടെ അംഗബലം 27 ആയി. 17 അംഗങ്ങളായിരുന്നു ബിജെപിക്ക് ഉണ്ടായിരുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 17 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസിന് ഇപ്പോള്‍ അഞ്ച് എംഎല്‍എമാര്‍ മാത്രമാണ് ഉള്ളത്. രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ നേരത്തേ ബിജെപിയില്‍ ചേര്‍ന്നിരുന്നു.

ഒരു പാര്‍ട്ടിയെ മൂന്നില്‍ രണ്ട് എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജി വച്ചാല്‍ കൂറുമാറ്റ നിരോധന നിയമം ബാധകമാവില്ല. അതല്ലെങ്കില്‍ രാജി നിര്‍ബന്ധപൂര്‍വമാണെന്ന് സ്പീക്കര്‍ക്ക് ബോധ്യപ്പെടണം. ഇതോടെ, രാജിക്കെതിരെ നിയമനടപടി സ്വീകരിക്കാനും കോണ്‍ഗ്രസിന് മുന്നില്‍ വാതിലുകളടഞ്ഞു.