October 1, 2023 Sunday

Related news

September 24, 2023
August 6, 2023
July 1, 2023
July 1, 2023
June 11, 2023
June 2, 2023
May 17, 2023
April 12, 2023
March 24, 2023
March 11, 2023

ജനാധിപത്യത്തിലേക്കിനി 10 മാസങ്ങള്‍

യെസ്‌കെ
June 11, 2023 4:30 am

ഇന്ത്യയില്‍ ജനാധിപത്യം അപകടത്തിലാണെന്ന് ഇന്നാട്ടിലെ പൗരന്മാര്‍ മാത്രമല്ല, ലോകമെട്ടാകെ ആശങ്കയുയര്‍ന്ന ഒമ്പതു വര്‍ഷങ്ങളാണ് കടന്നുപോയത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന വിളിപ്പേര് നഷ്ടമാകുമെന്ന ഭീഷണിയിലാണ് നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ഹിന്ദുത്വ ഭരണത്തിന്‍കീഴിലെ ഭാരതം. പ്രതിപക്ഷത്തെ അടിച്ചമര്‍ത്തിയും എതിര്‍ശബ്ദങ്ങളെ തുറുങ്കിലാക്കിയും ജനാധിപത്യമര്യാദകള്‍ കാറ്റില്‍പ്പറത്തിയും, ഭരണഘടനയെ തമസ്കരിക്കുകയും പൗരാണികകെട്ടുകഥകളിലേക്ക് സമൂഹത്തെ പിന്‍നടത്തുകയും ചെയ്യുന്ന ഭരണകൂടത്തിനു കീഴില്‍ ആഗോള സൂചികകളിലെല്ലാം നിലവിലുണ്ടായിരുന്ന പിന്നാക്കരാജ്യങ്ങളെക്കാള്‍ പിന്നിലേക്ക് ഇന്ത്യ കൂപ്പുകുത്തിയിരിക്കുന്നു. മനുകാലത്തെ മതസങ്കല്പത്തിലേക്ക് രാജ്യത്തെ തിരികെക്കൊണ്ടുപോകാന്‍ എല്ലാ ഇടപെടലുകളും നടത്തുന്ന ഫാസിസ്റ്റ് ഭരണം ഇന്ത്യയില്‍ അധികാരത്തിലെത്തിയത് 2014ലാണ്. ഭരണകക്ഷിയായിരുന്ന കോണ്‍ഗ്രസിന്റെ കെടുകാര്യസ്ഥതയും അഴിമതിയുമാണ് ഹിന്ദുത്വവാദികളിലേക്ക് ഭരണമെത്തിച്ചത്. പരസ്പരം പോരടിച്ചുനിന്ന പ്രതിപക്ഷപാര്‍ട്ടികള്‍ 2019ല്‍ കേവലം 32 ശതമാനം വോട്ടുള്ള ബിജെപിക്ക് തുടര്‍ഭരണം അനുവദിക്കുകയും ചെയ്തു. മാറിയ സാഹചര്യത്തില്‍ പ്രതിപക്ഷം രാജ്യത്തിന്റെ ദുരവസ്ഥ തിരിച്ചറിഞ്ഞിരിക്കുന്നു എന്നതൊരു പ്രതീക്ഷയാണ്. 2024 ഏപ്രില്‍, മേയ് മാസങ്ങളിലായിരിക്കും പൊതു തെരഞ്ഞെടുപ്പ്. കേവലം 10 മാസം മാത്രമാണ് രാജ്യത്തെ ഫാസിസ്റ്റ് ഭരണത്തില്‍ നിന്ന് മോചിപ്പിച്ചു ജനാധിപത്യം തിരികെ കൊണ്ടുവരാന്‍ അവശേഷിക്കുന്നത്. ബിജെപി-സംഘ്പരിവാര്‍ പിടിയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ പ്രതിപക്ഷം മുമ്പെങ്ങുമില്ലാത്ത ഒരുമയോടെ നീങ്ങുകയാണ്.

ബിജെപി ഇതര സംസ്ഥാനസര്‍ക്കാരുകള്‍ക്ക് മേല്‍ ഫെഡറല്‍നിയമങ്ങള്‍ ലംഘിച്ചുള്ള കേന്ദ്രഭരണകൂടത്തിന്റെ കടന്നുകയറ്റം പ്രതിപക്ഷ ഐക്യത്തിന് പ്രധാനകാരണമായി. പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസും സിപിഐ, സിപിഐ(എം) തുടങ്ങി ഇടതുപാര്‍ട്ടികളും സഖ്യത്തിനുള്ള യോജിച്ച നീക്കങ്ങളിലാണ്. കഴിഞ്ഞമാസം നടന്ന കര്‍ണാടക തെരഞ്ഞെടുപ്പിലെ ബിജെപിയുടെ പരാജയം പ്രതിപക്ഷത്തിന് കൂടുതല്‍ ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്. ബിജെപിക്കെതിരെ ഐക്യരൂപീകരണ ചർച്ചകളുടെ ഭാഗമായി പ്രതിപക്ഷ പാർട്ടികളുടെ യോഗം 23 ന് ബിഹാറിലെ പട്നയിൽ നടക്കും. ജൂണ്‍ 12നായിരുന്നു യോഗം ആദ്യം തീരുമാനിച്ചിരുന്നത്. 18 പാർട്ടികളാണ് യോഗത്തിൽ പങ്കെടുക്കുകയെന്നാണ് റിപ്പോർട്ട്. ബിഹാറിലെ മഹാസഖ്യ മാതൃകയിൽ ദേശീയ തലത്തിൽ ബിജെപി വിരുദ്ധ മുന്നണി രൂപീകരിക്കാനായിരിക്കും ശ്രമം. കോണ്‍ഗ്രസുമായി ഇടഞ്ഞുനില്‍ക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളെ ഏകോപിപ്പിക്കാനുള്ള ചുമതല ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറിനാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ബിജെപി വിരുദ്ധ തന്ത്രങ്ങൾ മെനയുന്നതിനുള്ള യോഗത്തിൽ പാർട്ടി അധ്യക്ഷന്മാർ തന്നെ എത്തണമെന്ന് നിതീഷ് കുമാറാണ് നിലപാടെടുത്തത്. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, മമത ബാനർജി, എം കെ സ്റ്റാലിൻ, അരവിന്ദ് കെജ്‍രിവാൾ എന്നിവർ യോഗത്തിൽ പങ്കെടുക്കുമെന്ന് ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് പറഞ്ഞു. മഹാരാഷ്ട്രയിൽ നിന്ന് എൻസിപി നേതാവ് ശരദ് പവാറും ശിവസേന നേതാവ് ഉദ്ധവ് താക്കറെയും പങ്കെടുക്കും. യുപിയിൽ നിന്നു സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും യോഗത്തിനെത്തും.


ഇതുകൂടി വായിക്കൂ: ഭരണഘടനയെ തോല്പിക്കുവാനുള്ള ഓര്‍ഡിനന്‍സ് 


പ്രതിപക്ഷ ഐക്യവുമായി ബന്ധപ്പെട്ട വിഷയങ്ങളും ബിജെപിയെ നേരിടാനുള്ള തന്ത്രങ്ങളും ഒരുമിച്ചിരുന്ന് ചർച്ച ചെയ്യുമെന്നാണ് നിതീഷ് കുമാർ പറഞ്ഞത്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി കഴിഞ്ഞ മാസം കൊൽക്കത്തയിൽ നിതീഷ് കുമാറിനെയും തേജസ്വി യാദവിനെയും കണ്ടിരുന്നു. അതേദിവസം തന്നെ ലഖ്നൗവിൽ അഖിലേഷ് യാദവിനെ കണ്ട് നിതീഷ് കുമാറും തേജസ്വിയും ചർച്ച നടത്തി. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിൽ നിന്നും 21 പ്രതിപക്ഷ പാർട്ടികൾ വിട്ടു നിന്നിരുന്നു. ഉദ്ഘാടന ചടങ്ങിൽ രാഷ്ട്രപതിയെ പങ്കെടുപ്പിക്കാത്തതിനെതിരെയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. പുതിയ പാർലമെന്റ് നിർമ്മാണം സംബന്ധിച്ചും ഉദ്ഘാടനം സംബന്ധിച്ചും മുതിർന്ന പാർലമെന്റ് അംഗങ്ങളുമായി ചർച്ച നടത്താത്ത കേന്ദ്ര സർക്കാർ നടപടിയെ എൻസിപി അധ്യക്ഷൻ ശരദ് പവാറും വിമർശിച്ചിരുന്നു. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ചിത്രത്തിനൊപ്പം ശവപ്പെട്ടിയുടെ രൂപം കൂടി ട്വീറ്റ് ചെയ്താണ് ആർജെഡി കെട്ടിടത്തെ ശവപ്പെട്ടിയോട് ഉപമിച്ചത്. വിവാദങ്ങൾ ശക്തമായതോടെ സംവാദങ്ങൾ നടക്കാത്ത പാർലമെന്റ് ജനാധിപത്യത്തിന്റെ ശവപ്പെട്ടി ആയെന്നാണ് തങ്ങൾ ചൂണ്ടിക്കാട്ടിയതെന്ന് ആർജെഡി വിശദീകരിച്ചു. തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾക്ക് ബിജെപിയും തുടക്കമിട്ടുകഴിഞ്ഞു. അതിന് മുന്നോടിയായി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും നിർണായക യോഗം ഇന്ന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുകയാണ്. യോഗത്തിന്റെ പ്രധാന അജണ്ട 2024ലെ തെരഞ്ഞെടുപ്പ് ആയിരിക്കുമെന്നും കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ, ബി എൽ സന്തോഷ് എന്നിവരും സംസ്ഥാന സംഘടനാ സെക്രട്ടറിമാരും പങ്കെടുക്കുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിക്കുന്നു. കഴിഞ്ഞ ബുധനാഴ്ച ജെ പി നഡ്ഡ, യുപിയിലെ ഗൗതം ബുദ്ധ നഗറിൽ പാർട്ടി പ്രവർത്തകരുമായി പ്രത്യേക ‘ടിഫിൻ മീറ്റിങ്’ നടത്തിയിരുന്നു. ജനങ്ങളുടെ ഹൃദയം കീഴടക്കാൻ വ്യത്യസ്ത വഴികൾ കണ്ടെത്തണമെന്ന് അദ്ദേഹം പാർട്ടി പ്രവർത്തകരോട് നിർദേശിച്ചു. ‘അഹങ്കാരം വെടിഞ്ഞ് അച്ചടക്കത്തോടെ പ്രവർത്തിക്കാം. നിങ്ങളുടെ ഉത്തരവാദിത്തം ഓർമ്മിക്കണം, പരസ്പരം ഐക്യത്തോടെ പ്രവർത്തിക്കുക’യെന്നാണ് അദ്ദേഹം ഉപദേശിച്ചത്.

കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ നടന്ന വിധാന്‍സഭ, തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പുകളുടെ സ്ഥിതിവച്ച് യുപിയില്‍ പാര്‍ട്ടിയുടെ സ്ഥിതി ദുര്‍ബലമാണെന്നാണ് വിലയിരുത്തല്‍. നിലവിലെ 62 സീറ്റില്‍ നിന്ന് കുറഞ്ഞത് 20 എണ്ണമെങ്കിലും നഷ്ടപ്പെടാമെന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. അതുകൊണ്ട് ‘കർഷകപ്രശ്നം, ഗുസ്തി താരങ്ങളുടെ വിഷയം മറ്റേതെതെങ്കിലും സാമൂഹിക വിഷയങ്ങള്‍ എന്നിവ ഉന്നയിക്കുമ്പോള്‍ മാന്യമായി പ്രതികരിക്കാൻ ശ്രമിക്കണമെന്നും ബിജെപി എപ്പോഴും സമൂഹത്തോടൊപ്പമാണെന്ന് അവരെ ബോധ്യപ്പെടുത്തണമെന്നുമായിരുന്നു അദ്ദേഹം ഉപദേശിച്ചത്. ‘സമ്പർക്ക് സേ സമർത്ഥൻ’ എന്ന ക്യാമ്പയിനും ബിജെപി തുടങ്ങിയിട്ടുണ്ട്. വിവിധ മേഖലകളിൽ നിന്നുള്ള അഞ്ച് ലക്ഷം പൗരപ്രമുഖരെ ലക്ഷ്യംവച്ചു കൊണ്ടാണിത് നടപ്പിലാക്കുന്നത്. ഈ അഞ്ച് ലക്ഷം പേര്‍ വഴി മുഴുവന്‍ വോട്ടര്‍മാരിലേക്കും തങ്ങളുടെ ആശയങ്ങൾ എത്തിക്കാമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. 2019ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ ‘സമർത്ഥൻ കേ ലിയേ സമ്പർക്ക്’ പരിപാടിയുടെ തുടര്‍ച്ചയാണ് അവര്‍ ലക്ഷ്യമിടുന്നത്. ആദ്യഘട്ടമായി മഹാ സമ്പർക്ക് അഭിയാൻ നടത്താൻ 250 ബിജെപി നേതാക്കൾ അടങ്ങുന്ന സംഘം തയ്യാറെടുത്തു കഴിഞ്ഞു. ഇവര്‍ രാജ്യത്തെ വിവിധ മേഖലകളിൽ കഴിവു തെളിയിച്ച പ്രമുഖ വ്യക്തികളെ നേരിട്ടു കണ്ട് സംസാരിക്കും. നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായി പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. ആഭ്യന്തര മന്ത്രി അമിത് ഷാ, ജെ പി നഡ്ഡ, കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിങ്, സ്മൃതി ഇറാനി, അനുരാഗ് ഠാക്കൂർ, നിർമ്മലാ സീതാരാമൻ എന്നിവരും ബിജെപി മുഖ്യമന്ത്രിമാരും സംസ്ഥാന അധ്യക്ഷന്മാരും അടങ്ങുന്നതാണ് നേതൃസംഘം.


ഇതുകൂടി വായിക്കൂ: രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ്


ഡോക്ടർമാർ, അധ്യാപകർ, വിരമിച്ച സൈനികോദ്യോഗസ്ഥർ, പത്മ അവാർഡ് ജേതാക്കൾ, അഭിഭാഷകർ, കായിക താരങ്ങൾ, അഭിനേതാക്കൾ എന്നിവരുൾപ്പെടുന്ന അഞ്ച് ലക്ഷം പ്രമുഖരെയാണ് ഇവർ സന്ദർശിക്കുക. ജെ പി നഡ്ഡ ഇതിനോടകം തന്നെ മുൻ സൈനിക മേധാവി ദൽബീർ സിങ് സുഹാഗ്, മുൻ വ്യോമസേനാ മാർഷൽ ഡെൻസിൽ കീലോർ, മുൻ ലഫ്നന്റ് ജനറൽ എ എസ് ലാംബ എന്നിവരെ സന്ദർശിച്ചു കഴിഞ്ഞിട്ടുണ്ട്. തീവ്രഹിന്ദുത്വവും നരേന്ദ്ര മോഡി പ്രഭാവവും കൊണ്ട് തെരഞ്ഞെടുപ്പ് ജയിക്കാന്‍ കഴിയില്ലെന്ന് കഴിഞ്ഞദിവസം ആര്‍എസ്എസ് വിലയിരുത്തിയിരുന്നു. അത് മറികടക്കാനാണ് സാമൂഹിക പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടാനും സംഘ്പരിവാര്‍ അനുകൂല പൗരപ്രമുഖരെ പ്രചരണായുധമാക്കാനും ബിജെപി ശ്രമിക്കുന്നത്. എന്നാല്‍ ശക്തമായ പ്രതിപക്ഷ ഐക്യമുണ്ടായാല്‍ സംഘ്പരിവാറിനെ പരാജയപ്പെടുത്തുക അസാധ്യമല്ല എന്ന് പാര്‍ലമെന്റ് ബഹിഷ്കരണത്തിലൂടെ സന്ദേശം ജനങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. മതേതരമുഖമുള്ള കോണ്‍ഗ്രസ് ഇല്ലാതെ പ്രതിപക്ഷ ഐക്യം പൂര്‍ണമാകില്ല എന്ന് മറ്റ് പാര്‍ട്ടികളെ ബോധ്യപ്പെടുത്താന്‍ ഇടതുപാര്‍ട്ടികള്‍ക്ക് കഴിഞ്ഞത് വലിയ നേട്ടമാണ്. മറ്റുപാര്‍ട്ടികളില്ലാതെ ഒറ്റയ്ക്ക് ഭരിക്കാമെന്ന പഴയചിന്ത കോണ്‍ഗ്രസ് മാറ്റിവച്ചു എന്നതാണ് അതിലും ശ്രദ്ധേയമായ കാര്യം. 250 സീറ്റുകൾ കേന്ദ്രീകരിച്ച് ഊർജിത പ്രവർത്തനം നടത്താനും 150 സീറ്റെങ്കിലും ജയിക്കാനുമാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഇവയിലധികവും ബിജെപിയുമായി നേരിട്ടു മത്സരിക്കുന്നവയാണ്. 543 ലോക്‌സഭാ സീറ്റുകളിൽ 423 എണ്ണത്തിലാണ് 2019 ൽ കോൺഗ്രസ് മത്സരിച്ചത്. ജയിച്ചത് കേവലം 52 സീറ്റിൽ മാത്രം. ഇത്തവണ പ്രാദേശിക കക്ഷികൾക്ക് സ്വാധീനമുള്ള സീറ്റുകളിൽ മത്സരിച്ച് പ്രതിപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കരുതെന്നാണ് നേതൃത്വം കരുതുന്നത്. പ്രതിപക്ഷ ഐക്യം ഉറപ്പാക്കാൻ സീറ്റ് വിഭജനത്തിലടക്കം വിട്ടുവീഴ്ചയ്ക്കു തയാറാകുമെന്നും സൂചിപ്പിച്ചിട്ടുണ്ട്. ഓരോ പാർട്ടിയുമായും ചർച്ചയ്ക്ക് ഓരോ നേതാവിനെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.