Web Desk

തിരുവനന്തപുരം

April 23, 2020, 6:07 pm

ചില ജില്ലകളിൽ പുതിയ രോഗികൾ; ഓറഞ്ച് സോണിൽ 10 ജില്ലകൾ

Janayugom Online

തിരുവനന്തപുരം: റെഡ് സോണായ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകൾ ഒഴികെ പത്ത് ജില്ലകളും ഓറഞ്ച് സോണിലായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഗ്രീൻ സോണിൽ ഉൾപ്പെടുത്തി ഇളവുകൾ നൽകിയിരുന്ന കോട്ടയത്തും ഇടുക്കിയിലും പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇവയെ ഓറഞ്ച് സോണിലേക്ക് മാറ്റുന്നത്. ഓറഞ്ച് മേഖലയിലുള്ള പത്ത് ജില്ലകളിലെ ഹോട്ട്സ്പോട്ടുകളായ പഞ്ചായത്തുകൾ പൂർണമായി അടച്ചിടും. ഒരു പഞ്ചായത്തിനെ ഒറ്റ യൂണിറ്റായാണ് കണക്കാക്കുന്നത്. എന്നാൽ നഗരസഭകളിൽ വാർഡുകളാണ് അടിസ്ഥാനമാകുന്നത്.

കോർപ്പറേഷനിൽ ഡിവിഷനും അടിസ്ഥാനമാകും. വാർഡുകളും, ഡിവിഷനും അടച്ചിടും. ഏതൊക്കെ പ്രദേശമാണ് ഹോട്ട്സ്പോട്ട് പരിധിയിൽ വരികയെന്ന് ജില്ലാ ഭരണസംവിധാനം തീരുമാനിക്കും. നാല് ജില്ലകൾ ഇപ്പോഴും റെഡ് സോണിൽ തന്നെ തുടരേണ്ട സ്ഥിതിയാണ്. കണ്ണുരിൽ നിരീക്ഷണത്തിലുള്ളത് 2,592 പേരാണ്. കാസർകോട് 3,126 പേരും കോഴിക്കോട് 2,770, മലപ്പുറത്ത് 2,465 പേരുമാണ് നിരീക്ഷണത്തിലുളളത്. റെഡ് സോണുകളിൽ കർശന നിയന്ത്രണം തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മൂന്നാംഘട്ടം രോഗ വ്യാപനം ഉണ്ടായില്ല എന്നതാണ് നിലവിലെ കണക്കുകൾ. സാമൂഹ്യവ്യാപനം ഉണ്ടായില്ലെങ്കിലും അതിന്റെ ഭീഷണി ഒഴിവായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ, ആരോഗ്യമന്ത്രി കെ കെ ശൈലജ എന്നിവരും പങ്കെടുത്തു.

അനധികൃത യാത്രകൾ കർക്കശമായി തടയുമെന്ന് മുഖ്യമന്ത്രി

നിലവിൽ അന്തർ സംസ്ഥാന യാത്ര സാധ്യമല്ലെന്നും അനധികൃത യാത്രകൾ കർക്കശമായി തടയുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പലർക്കും അത്യാവശ്യം ഉണ്ട്. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ അത് അനുവദിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട്, കർണാടക അതിർത്തിപ്രദേശങ്ങളിലൂടെ ഇരുവശത്തേക്കും ആൾക്കാർ കടക്കുന്നത് തടയാൻ കർശന നടപടി സ്വീകരിച്ചിട്ടുണ്ട്. മെഡിക്കൽ ആവശ്യങ്ങൾ ഉൾപ്പെടെ അത്യാവശ്യയാത്രകൾക്ക് വേണ്ടി ജില്ല കടന്ന് പോകുന്നതിന് ജില്ലാ പൊലീസ് ആസ്ഥാനത്ത് നിന്നും പൊലീസ് മേധാവിമാരുടെ ഓഫീസിൽ നിന്നും എമർജൻസി പാസ് വാങ്ങേണ്ടതുണ്ട്. ഇവർക്ക് മാത്രമേ ജില്ല കടന്ന് പോകുന്നതിന് അനുമതി ഉണ്ടാകുകയുള്ളു. കളിയിക്കാവിളയിൽ അതിർത്തി കടന്നെത്തിയ തമിഴ്‌നാട് ഹെൽത്ത് സർവീസിലെ വനിതാഡോക്ടറെയും അവരെ അതിർത്തി കടത്താൻ സഹായിച്ച സംസ്ഥാനസർക്കാരിലെ ഡോക്ടറായ അവരുടെ ഭർത്താവിനെയും ക്വാറന്റൈൻ ചെയ്തിട്ടുണ്ട്. രണ്ട് പേർക്കുമെതിരെ കേരള പകർച്ച വ്യാധി ഓർഡിനൻസ് പ്രകാരവും ഐപിസി പ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിർത്തി കടക്കാൻ ശ്രമിച്ചതിന് കൊല്ലം തെന്മലയിൽ നാല് കേസുകൾ രജിസ്റ്റർ ചെയ്തു. അഞ്ച് പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. കേന്ദ്രീയ വിദ്യാലയ അധ്യാപിക വയനാട് അതിർത്തിയിലൂടെ കർണാടകയിൽ പ്രവേശിച്ച സംഭവത്തിൽ വൈത്തിരി പൊലീസ് കേസ് എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

ENGLISH SUMMARY: 10 more covid cas­es in Kerala

YOU MAY ALSO LIKE THIS VIDEO