Web Desk

തിരുവനന്തപുരം

June 11, 2021, 10:33 pm

എൽഡിഎഫ് പ്രകടനപത്രിക വാഗ്ദാനങ്ങൾ നടപ്പാക്കാന്‍ 100 ദിനപരിപാടി

Janayugom Online

എൽഡിഎഫ് പ്രകടനപത്രിക മുന്നോട്ടുവച്ച വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള കർമ്മ പരിപാടിക്ക് തുടക്കം കുറിച്ചു. ജൂൺ 11 മുതൽ സെപ്റ്റംബർ 19 വരെ നടപ്പാക്കാനുദ്ദേശിക്കുന്ന 100 ദിനപരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. പൊതുമരാമത്ത് വകുപ്പ്, റീബിൽഡ് കേരള ഇനീഷ്യേറ്റീവ്, കിഫ്ബി എന്നിവയിലൂടെ 2,464.92 കോടി രൂപ ചെലവഴിക്കും. കോവിഡ് രണ്ടാം തരംഗത്തിന്റെ നിലവിലെ സാഹചര്യത്തിൽ സാമ്പത്തിക വളർച്ചക്ക് ആക്കം കൂട്ടുവാനുള്ള നിർമ്മാണ പ്രവർത്തനങ്ങളും തൊഴിലവസരങ്ങൾ സൃഷ്ടിക്കലും അടിയന്തര കടമയായി സർക്കാർ ഏറ്റെടുക്കും. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യ സുരക്ഷ എന്നീ മേഖലകളിലെ നേട്ടങ്ങൾ തുടരുന്നതോടൊപ്പം സാമ്പത്തിക വളർച്ച കൂടുതൽ വേഗത്തിലാക്കാനും ഗുണമേന്മയുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമുള്ള നയങ്ങൾക്കും പരിപാടികൾക്കും പ്രാധാന്യം നൽകും.

20 ലക്ഷം അഭ്യസ്തവിദ്യർക്ക് തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്ന സുപ്രധാന പദ്ധതിയുടെ രൂപരേഖ കെ ഡിസ്കിന്റെ ആഭിമുഖ്യത്തിൽ പൂർത്തിയാക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തലത്തിൽ 1000 ൽ അഞ്ച് പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള പദ്ധതിയുടെ കരട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തയ്യാറാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശാസ്ത്ര സാങ്കേതിക മേഖലയിലും നൈപുണ്യ വികസന രംഗത്തും ശ്രദ്ധകേന്ദ്രീകരിച്ച് വിജ്ഞാനത്തിലധിഷ്ഠിതമായ സമ്പദ്ഘടനയുടെ നിർമ്മിതി സാധ്യമാക്കുകയാണ് സർക്കാർ ലക്ഷ്യം. അതീവ ദാരിദ്ര്യ നിർമ്മാർജ്ജനം, സാമ്പത്തിക, സാമൂഹിക അസമത്വങ്ങൾ ഇല്ലായ്മ ചെയ്യൽ, പ്രകൃതി സൗഹൃദ വികസന പരിപ്രേക്ഷ്യം നടപ്പിൽ വരുത്തൽ, ആധുനിക ഖരമാലിന്യ സംസ്കരണ രീതി അവലംബിക്കൽ എന്നിവയ്ക്ക് അതീവ ശ്രദ്ധ നൽകും. കാർഷികമേഖലയിൽ ഉല്പാദന വർധനവിനൊപ്പം വിഷരഹിതമായ ആഹാര പദാർത്ഥങ്ങളുടെ നിർമ്മാണവും പ്രധാന ലക്ഷ്യമാണ്. ഈ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള സമയബന്ധിത ആസൂത്രണത്തിന്റെ ഭാഗമായാണ് 100 ദിനപരിപാടി നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 100 ദിന പരിപാടികളിൽ പ്രധാനപ്പെട്ടവയുടെ വിശദവിവരങ്ങൾ അതാതു വകുപ്പുകൾ പ്രസിദ്ധീകരിക്കും.

പ്രധാന പദ്ധതികള്‍

*മടങ്ങിവന്ന പ്രവാസികൾക്കായി 100 കോടി രൂപയുടെ വായ്പാ പദ്ധതി.
*ഒരു വ്യക്തിക്ക് 25 ലക്ഷം മുതൽ രണ്ട് കോടിവരെ വായ്പ
*പശ്ചാത്തല സൗകര്യ വികസനത്തിന് ആർകെഐ പദ്ധതികൾക്കായി
8,425 കോടി രൂപ
*വിവിധ റോഡുകളുടെ നിർമ്മാണത്തിനായി പൊതുമരാമത്ത് വകുപ്പ് 1,519.57 കോടി രൂപയുടെ പദ്ധതികൾ പൂർത്തീകരിക്കും
*ലൈഫ് മിഷൻ 10,000 വീടുകൾ കൂടി പൂർത്തീകരിക്കും
*വിദ്യാശ്രീ പദ്ധതിയിൽ 50,000 ലാപ്‌ടോപ്പുകളുടെ വിതരണം ആരംഭിക്കും
*നിലാവ് പദ്ധതി 200 ഗ്രാമപഞ്ചായത്തുകളിൽ ആരംഭിക്കും
*യുവ സംരംഭകർക്കായി 25 സഹകരണ സംഘങ്ങൾ ആരംഭിക്കും
*ഭൂനികുതി ഒടുക്കുന്നതിന് മൊബൈൽ ആപ്ലിക്കേഷൻ ആരംഭിക്കും
*തണ്ടപ്പേർ, അടിസ്ഥാന ഭൂനികുതി രജിസ്റ്റർ എന്നിവയുടെ
ഡിജിറ്റലൈസേഷൻ പൂർത്തീകരിക്കും
*ഭൂമി തരം മാറ്റുന്നതിനുള്ള അപേക്ഷ അയക്കാൻ ഓൺലൈൻ മൊഡ്യൂൾ
പ്രാവർത്തികമാക്കും
*കിഫ്ബി മുഖാന്തരം 200.10 കോടിയുടെ റോഡ് — പാലം പദ്ധതികൾ
*100 അർബൻ സ്ട്രീറ്റ് മാര്‍ക്കറ്റ് ആരംഭിക്കും
*25 ലക്ഷം പഴവർഗ വിത്തുകൾ വിതരണം ചെയ്യും
*150 ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് സംഘങ്ങളുടെ പ്രവർത്തനം ആരംഭിക്കും
*ചെല്ലാനം കടൽ തീരത്തെ കടലാക്രമണം തടയാൻ നൂതന
*സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പ്രവൃത്തിക്ക് തുടക്കം
*പട്ടികജാതി വികസന വകുപ്പ് പൂർത്തിയാകാതെ കിടക്കുന്ന
1000 വീടുകളുടെ നിർമ്മാണം പൂർത്തീകരിക്കും
*കുട്ടനാട്, അപ്പർ കുട്ടനാട് ആസ്ഥാനമാക്കി രണ്ട് ആധുനിക
റൈസ് മില്ലുകൾ ആരംഭിക്കും
*നിർധന വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ ലഭ്യമാക്കാൻ
ഒരു വിദ്യാർത്ഥിക്ക് 10,000 രൂപ നിരക്കിൽ പലിശരഹിത വായ്പ
*308 പുനർഗേഹം വ്യക്തിഗത വീടുകൾ (30.80 കോടി രൂപ ചെലവ് ) കൈമാറും
*303 പുനർഗേഹം ഫ്ലാറ്റുകൾ തിരുവനന്തപുരം, കൊല്ലം, മലപ്പുറം
ജില്ലകളിൽ (30.30 കോടി രൂപ ചെലവ്) ഉദ്ഘാടനം ചെയ്യും
*കണ്ണൂർ മെഡിക്കൽ കോളജിൽ ഓക്സിജൻ ജനറേറ്റർ പ്ലാന്റ്, കോന്നിയിൽ ഡ്രഗ് ടെസ്റ്റിങ് ലബോറട്ടറി എന്നിവ ആരംഭിക്കും
*ഏഴ് ജില്ലകളിലെ എയ്ഡ്സ് ബാധിതർക്കായി കെയർ സപ്പോർട്ട് സെന്റർ
*ശിശുമരണനിരക്ക് കുറയ്ക്കാൻ ലക്ഷ്യമിടുന്ന ‘പ്രഥമ സഹസ്രദിനങ്ങൾ’ എന്ന പരിപാടി 28 ഐസിഡിഎസ് പ്രോജക്ടുകളിലേക്ക് കൂടി വ്യാപിപ്പിക്കും
*വിമൻ ആന്റ് ചിൽഡ്രൻ ഹോമുകളിൽ ദീർഘകാലം താമസിക്കുന്ന
18 വയസിൽ താഴെയുള്ള കുട്ടികൾക്ക് തൃശൂർ രാമവർമപുരത്ത് മോഡൽ
വിമൻ ആന്റ് ചിൽഡ്രൻ ഹോം
*വ്യവസായ സംരംഭകർക്ക് ഭൂമി ലീസിൽ അനുവദിക്കാൻ സംസ്ഥാന
തലത്തിൽ ഏകീകൃത നയം പ്രഖ്യാപിക്കും
*കുട്ടനാട് ബ്രാൻഡ് അരി മില്ലിന്റെ പ്രവർത്തനം ആരംഭിക്കും. കാസർകോട് ഇഎംഎൽ ഏറ്റെടുക്കും
ഉയർന്ന ഉല്പാദന ശേഷിയുള്ള 10 ലക്ഷം കശുമാവിൻ തൈകൾ കർഷകർക്ക് വിതരണം ചെയ്യും
*സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി 250 പഞ്ചായത്തുകളിൽ മത്സ്യകൃഷി
100 സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റ്
30 മൾട്ടി യൂട്ടിലിറ്റി വാഹനങ്ങൾ ഫയർ ആന്റ് സേഫ്റ്റി വകുപ്പിന് നൽകും
*പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് പഠനമുറി നിർമ്മാണം, വൈദ്യുതീകരണം, ഫർണിച്ചർ എന്നിവയുൾപ്പെടെ 1,000 എണ്ണം പൂർത്തീകരിക്കും
* 465 ഓളം ആദിവാസി കോളനികളിലും സമീപ പ്രദേശങ്ങളിലും 10, 000 ത്തോളം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കും. * മൂന്നാർ കുറിഞ്ഞിമല സാങ്ച്വറിയിൽ 10, 000 കുറിഞ്ഞിത്തൈകൾ വച്ചുപിടിപ്പിക്കും. * തീരദേശ ഷിപ്പിംഗ് സർവീസ് ബേപ്പൂരിൽ നിന്നും കൊച്ചിവരെയും കൊല്ലത്തു നിന്നും കൊച്ചി വരെയും ആരംഭിക്കും. * തിരുവനന്തപുരം മെഡിക്കൽ കോളജിൽ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് ആരംഭിക്കും * കോവിഡ് പ്രതിസന്ധിയിലുള്ള ദുർബല വിഭാഗങ്ങൾക്ക് 20, 000 എഡിഎസ് വഴി 200 കോടി രൂപയുടെ ധനസഹായം. * യാത്രികർക്കായി 100 ടേക്ക് എ ബ്രേക്ക് ടോയ്‌ലറ്റ് കോംപ്ലക്സുകൾ.
* ബിപിഎൽ വിദ്യാർത്ഥികൾക്കുള്ള ഹയർ എഡ്യൂക്കേഷൻ സ്കോളർഷിപ്പ് വിതരണംചെയ്യും. *നിർമ്മാണം പൂർത്തിയാക്കിയ 90 സ്കൂൾ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്യും * ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ഭക്ഷണ ഭദ്രതാ അലവൻസ്, ഭക്ഷ്യ കിറ്റായി വിതരണം ചെയ്യും * സംസ്ഥാനത്തെ ഹോട്ടലുകളെയും റിസോർട്ടുകളെയും ഓഗസ്റ്റ് 31നകം ഉത്തരവാദിത്ത ടൂറിസം ക്ലാസിഫിക്കേഷനിൽ കൊണ്ടുവരും
* കോസ്റ്റൽ റെഗുലേറ്ററി സോൺ ക്ലിയറൻസിനായുള്ള അപേക്ഷ ഓൺലൈനാക്കും * തൃശൂർ, പഴയന്നൂരിൽ ഭൂരഹിത, ഭവനരഹിതർക്കായി 40 യൂണിറ്റുകളുളള ഭവന സമുച്ചയം കെയർഹോം രണ്ടാം ഘട്ടം പദ്ധതിയുടെ ഭാഗമായി കൈമാറും
* മാസ്ക്, സാനിറ്റൈസർ ഉൾപ്പെടെയുള്ള കോവിഡ് പ്രതിരോധ ഉല്പന്നങ്ങളുടെ 10 വനിതാ സഹകരണ നിർമ്മാണ യൂണിറ്റ് ആരംഭിക്കും * പട്ടികവർഗ വികസന വകുപ്പ് തയ്യാറാക്കിയ സാമൂഹ്യസാമ്പത്തിക സർവെ റിപ്പോർട്ട് പ്രസിദ്ധീകരിക്കും
* ആറളം ഫാം, അട്ടപ്പാടി സഹകരണ ഫാമിംഗ് സൊസൈറ്റി എന്നിവയുടെ പുനരുദ്ധാരണത്തിന് ഫാം റിവൈൽ പാക്കേജ് ആരംഭിക്കും
* 14 ഇന്റഗ്രേറ്റഡ് ഫോറസ്റ്റ് ചെക്ക്പോസ്റ്റ് കെട്ടിടങ്ങൾ, 15 ഫോറസ്റ്റ് സ്റ്റേഷൻ കെട്ടിടങ്ങൾ എന്നിവയുടെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കും
* ഏഴ് നഗരവനങ്ങൾ വച്ചുപിടിപ്പിക്കൽ ആരംഭിക്കും. 22 സ്ഥലങ്ങളിൽ വിദ്യാവനം വച്ചുപിടിപ്പിക്കും. * കെഎസ്ആർടിസി ബസിലെ യാത്രക്കാരെ ബസ് സ്റ്റാൻഡുകളിൽ നിന്നും വീടുകളിൽ എത്തിക്കുന്ന ഇ ഓട്ടോറിക്ഷാ ഫീഡർ സർവീസ് തുടങ്ങും
* പിഎസ്‌സിക്ക് നിയമനങ്ങൾ വിട്ടുനൽകാനായി തീരുമാനമെടുത്തിട്ടുള്ള സ്ഥാപനങ്ങൾക്കുള്ള സ്പെഷ്യൽ റൂൾ രൂപീകരിക്കും * ജിഎസ്‌ടി വകുപ്പിൽ അധികമായി വന്നിട്ടുള്ള 200 ഓളം തസ്തികകൾ തദ്ദേശ സ്വയംഭരണ വകുപ്പിൽ സൃഷ്ടിച്ച് പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യും
* ഗെയിൽ പൈപ്പ് ലൈൻ (കൊച്ചി — പാലക്കാട്) ഉദ്ഘാടനം * പരിസ്ഥിതി സൗഹൃദ കെട്ടിട നിർമ്മാണത്തിനുള്ള ഗ്രീൻ റിബേറ്റ് ആഗസ്റ്റിൽ പ്രാബല്യത്തിൽ വരത്തക്ക രീതിയിൽ മാനദണ്ഡങ്ങൾ രൂപീകരിക്കും * ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും ജീവൻ രക്ഷാമരുന്നുകൾ വീട്ടുപടിക്കൽ എത്തിക്കുന്നതിന്റെ ഉദ്ഘാടനം
* കോവിഡ് ബാധിച്ച് മാതാപിതാക്കൾ മരണമടഞ്ഞ അനാഥരായ കുട്ടികൾക്കുള്ള ധനസഹായവിതരണം ആരംഭിക്കും * ഖരമാലിന്യ സംസ്കരണത്തിന് ഫലപ്രദമായ സംവിധാനം ഒരുക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പുരസ്കാരം നൽകും * വിശപ്പ് രഹിതകേരളം ജനകീയ ഹോട്ടലുകൾക്ക് റേറ്റിംഗ് നൽകുന്ന പരിപാടി ആരംഭിക്കും

77,350 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും

വിവിധ വകുപ്പുകളുടെ കീഴില്‍ പ്രത്യക്ഷമായും പരോക്ഷമായും 77,350 തൊഴിലവസരങ്ങളാണ് നൂറുദിവസത്തിനുള്ളില്‍ സൃഷ്ടിക്കുക.
വ്യവസായ വകുപ്പ് — 10,000, സഹകരണം — 10,000, കുടുംബശ്രീ — 2,000, കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ — 2,000, വനിതാവികസന കോര്‍പ്പറേഷന്‍ — 2,500, പിന്നോക്കവികസന കോര്‍പ്പറേഷന്‍ — 2,500, പട്ടികജാതി, പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ — 2,500, ഐടി മേഖല — 1,000, തദ്ദേശ സ്വയംഭരണ വകുപ്പ് — 7,000 (യുവ വനിതാ സംരംഭകത്വ പരിപാടി 5,000, സൂക്ഷ്മ സംരംഭങ്ങള്‍ 2,000), ആരോഗ്യവകുപ്പ് — 4,142 (പരോക്ഷമായി), മൃഗസംരക്ഷണ വകുപ്പ് — 350 (പരോക്ഷമായി), ഗതാഗത വകുപ്പ് — 7,500, റവന്യു വകുപ്പില്‍ വില്ലേജുകളുടെ റീസര്‍വേയുടെ ഭാഗമായി — 26,000 സര്‍വേയര്‍, ചെയിന്‍മാന്‍ എന്നിവയുള്‍പ്പെടെയാണ് പുതുതായി സൃഷ്ടിക്കപ്പെടുന്നത്.

റോഡുകള്‍ക്ക് 1,519.57 കോടി

നൂറുദിന പരിപാടിയിൽ സംസ്ഥാനത്ത് വിവിധ റോഡുകളുടെ നിർമ്മാണത്തിനായി പൊതുമരാമത്ത് വകുപ്പ് 1,519.57 കോടി രൂപയുടെ പദ്ധതികൾ പൂര്‍ത്തീകരിക്കും. തലശ്ശേരി — കളറോഡ് റോഡ് (156.33 കോടി), കളറോഡ് — വളവുപാറ റോഡ് (209.68 കോടി), പ്ലാച്ചേരി — പൊന്‍കുന്നം റോഡ് (248.63 കോടി), കൊല്ലം, ആലപ്പുഴ ജില്ലകളെ ബന്ധിപ്പിക്കുന്ന വലിയ അഴീക്കല്‍ പാലം (146 കോടി രൂപ). ആലപ്പുഴ, തുരുത്തിപുരം, അഴിക്കോട്, പറവണ്ണ, പാല്‍പ്പെട്ടി, പുല്ലൂര്‍ എന്നിവിടങ്ങളില്‍ ആറ് മള്‍ട്ടി പര്‍പ്പസ് സൈക്ലോണ്‍ ഷെല്‍ട്ടറുകള്‍ ( 26.51 കോടി). കിഫ്ബി മുഖാന്തിരം 200.10 കോടിയുടെ റോഡ് — പാലം പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും.

കണിയാമ്പറ്റ — മീനങ്ങാടി റോഡ്, (44 കോടി), കയ്യൂർ ‑ചെമ്പ്രക്കാനം — പാലക്കുന്ന് റോഡ് (36.64 കോടി), കല്ലട്ക്ക — പെർള — ഉക്കിനട റോഡ്, (27.39 കോടി), ഈസ്റ്റ് ഹില്‍ — ഗണപതിക്കാവ് — കാരപ്പറമ്പ റോഡ്, (21 കോടി), മാവേലിക്കര — പുതിയകാവ് — പള്ളിക്കല്‍ റോഡ്, (18.25 കോടി), കാവുംഭാഗം — ഇടിഞ്ഞില്ലം റോഡ് (16.83 കോടി), ശിവഗിരി റിംഗ് റോഡ് (13 കോടി), അക്കിക്കാവ് — കടങ്ങോട് — എരുമപ്പെട്ടി റോഡ് (11.99 കോടി), അടൂര്‍ ടൗണ്‍ ബ്രിഡ്ജ് (11 കോടി) എന്നിവയാണിത്.

ആറ്റിങ്ങല്‍ ഗവണ്‍മെന്റ് കോളജ്, പാലക്കാട്, മട്ടന്നൂര്‍, ഗവണ്‍മെന്‍റ് പോളിടെക്നിക്കുകള്‍, പയ്യന്നൂര്‍ വനിത പോളിടെക്നിക്, എറണാകുളം മോഡല്‍ എന്‍ജിനീയറിംഗ് കോളജ്, പൂഞ്ഞാര്‍ മോഡല്‍ പോളിടെക്നിക്, പയ്യപ്പാടി കോളജ്, കൂത്തുപറമ്പ് അപ്ലൈഡ് സയന്‍സ് കോളജ് എന്നിവിടങ്ങളിലെ വിവിധ ബ്ലോക്കുകള്‍ പൂര്‍ത്തീകരിച്ച് തുറക്കും. ആലപ്പുഴ പൈതൃക പദ്ധതിയുടെ ഭാഗമായി പുരാതന മോസ്ക് ആയ മാക്വം മസ്ജിദ് പുനരുദ്ധാരണം, ലിയോ തേര്‍ട്ടീന്‍ത് സ്കൂള്‍ പുനരുദ്ധാരണം, മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി ഗോതുരുത്തിലെ സെന്റ് സെബാസ്റ്റ്യന്‍ പള്ളിയുടെ അനുബന്ധ ഭാഗം നിര്‍മ്മിക്കല്‍, ചേന്ദമംഗലത്തെ 14-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഹോളി ക്രോസ് പള്ളിയുടെ സംരക്ഷണം, പുരാതന മസ്ജിദായ ചേരമാന്‍ ജുമാ മസ്ജിദിന്റെ പുനരുദ്ധാരണം എന്നിവ പൂര്‍ത്തിയാക്കും.

റീബില്‍ഡ് കേരളയില്‍ വിവിധ പദ്ധതികള്‍

കേരളം വന്‍ പ്രകൃതി ദുരന്തങ്ങളെ നേരിട്ട സാഹചര്യത്തിൽ ദുരന്താഘാതം പ്രതിരോധിക്കുന്നതിന് ശേഷിയുള്ള പശ്ചാത്തല സൗകര്യങ്ങള്‍ സമയബന്ധിതമായി സൃഷ്ടിക്കാനായി രൂപപ്പെടുത്തിയ പദ്ധതിയാണ് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് (ആര്‍കെഐ). ഇതിനായി അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങളായ ലോകബാങ്ക്, ജര്‍മ്മന്‍ ബാങ്കായ കെഎഫ്ഡബ്ല്യൂ, ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ബാങ്ക് (എഐഐബി) എന്നിവയില്‍ നിന്നും 5,898 കോടി രൂപയുടെ വായ്പ അനുവദിച്ചിട്ടുണ്ട്. സംസ്ഥാന വിഹിതം കൂടി ചേരുമ്പോള്‍ ആർകെഐ പദ്ധതികള്‍ക്കായി 8,425 കോടി രൂപ ലഭ്യമാകും.
ഈ തുക ചെലവഴിച്ച് വിവിധ പദ്ധതികളാണ് നൂറു ദിനങ്ങളില്‍ നടപ്പിലാക്കുക.

പദ്ധതികളുടെ വിശദാംശങ്ങൾ ചുവടെ ചേർക്കുംപ്രകാരമാണ്. പത്തനംതിട്ട — അയിരൂര്‍ റോഡ് (107.53 കോടി), ഗാന്ധിനഗർ — മെഡിക്കല്‍ കോളജ് റോഡ് (121.11 കോടി), കുമരകം — നെടുമ്പാശ്ശേരി റോഡ് (97.88 കോടി), മൂവാറ്റുപുഴ — തേനി സ്റ്റേറ്റ് ഹൈവേ (87.74 കോടി), തൃശൂർ — കുറ്റിപ്പുറം റോഡ് (218.45 കോടി), ആരക്കുന്നം — ആമ്പല്ലൂർ — പൂത്തോട്ട — പിറവം റോഡ് (31.40 കോടി), കാക്കടശ്ശേരി — കാളിയാര്‍ റോഡ് (67.91 കോടി), വാഴക്കോട് — പ്ലാഴി റോഡ് (102.33 കോടി), വടയാര്‍മുട്ടുചിറ റോഡ് (111.00 കോടി)

ENGLISH SUMMARY:100 days to imple­ment LDF man­i­festo promises
You may also like this video