സ്വന്തംലേഖകൻ

ആലപ്പുഴ

September 17, 2021, 6:49 pm

ഈ വർഷത്തിനുള്ളിൽ 100 ഫാർമർ പ്രൊഡ്യുസർ ഓർഗനൈസേഷനുകൾ രൂപികരിക്കും: മന്ത്രി പി പ്രസാദ്

നൂറ് ദിനത്തിനുള്ളിൽ 5 കർമ്മ പദ്ധതികളും പൂർത്തീകരിച്ച് കൃഷി വകുപ്പ്
Janayugom Online

ഈ വർഷത്തിനുള്ളിൽ 100 ഫാർമർ പ്രൊഡ്യുസർ ഓർഗനൈസേഷനുകൾ രൂപികരിക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സർക്കാരിന്റെ 100 ദിവസത്തിനുള്ളിൽ 25 എഫ് പി ഒകൾ രൂപികരിച്ചു കഴിഞ്ഞു. ഓരോ പ്രദേശത്തും ലഭ്യമായ കാർഷികോല്പന്നങ്ങളുടെ മൂല്യ വർദ്ധനവും വിപണനവും ലക്ഷ്യമാക്കിയാണ് ഇവ രൂപീകരിക്കുന്നത്. വരും നാളുകളിൽ 500ൽ അധികം കർഷകരെ അംഗങ്ങളാക്കും . ഇവക്ക് അടുത്ത 3 വർഷത്തിനുള്ളിൽ 60 ലക്ഷം രൂപവരെ സർക്കാർ സഹായമായി നൽകും. കാർഷിക ഉൽപന്നങ്ങളുടെ സംഭരണത്തിനും സംസ്‌ക്കരണത്തിനും വിപണനത്തിനായി കാബ്‌കോ കമ്പനിയും രൂപികരിക്കും. സർക്കാർ പ്രഖ്യാപിച്ച അഗ്രോ പാർക്കുകളുടെ തുടർച്ചയാണ്‌ കമ്പനി രൂപീകരിക്കുന്നത്. അഞ്ചു പാർക്കുകളാണ്‌ നിലവിലുള്ളത്‌. ഇവ സംസ്ഥാനത്തിന്റെ മുഴുവൻ മേഖലകളിലേക്കും വ്യാപിപ്പിക്കും. കമ്പനിയുടെ പ്രവർത്തനം, ഘടന എന്നിവയെക്കുറിച്ച്‌ പഠിച്ച്‌ റിപ്പോർട്ട്‌ സമർപ്പിക്കാൻ കൃഷി വകുപ്പ്‌ സെക്രട്ടറിയുടെ നേതൃത്വത്തിൽ 11 വിദഗ്ദർ അടങ്ങുന്ന കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌. 

കാലാവസ്ഥ, ഭൂമിയുടെ ലഭ്യത, മണ്ണിന്റെ ഘടന എന്നിവ പരിഗണിച്ചുള്ള കൃഷിയാണ്‌ ഇനി കേരളത്തിൽ നടപ്പാക്കുക. ഇതിനായി സംസ്ഥാനത്തെ അഞ്ചു അഗ്രോ ഇക്കോളജിക്കൽ മേഖലകളായി തിരിച്ചിട്ടുണ്ട്‌. ഇവയെ 23 യൂണിറ്റുകളായും വിഭിജിച്ചു. അടുത്ത വർഷം ഏപ്രിൽ ഒന്നു മുതൽ കേരളത്തിൽ കൃഷി നടപ്പാക്കുക ഈ അഗ്രോ സോണുകളെ അടിസ്ഥാനമാക്കിയായിരിക്കും. അസൂത്രണം, വിളനിർണയം, സഹായം എന്നിവയെല്ലാം സോണുകളെ അടിസ്ഥാനപ്പെടുത്തി നടപ്പാക്കും. വെറുമൊരു സർക്കാർ ഓഫീസ്‌ എന്നതിനു പകരം കൃഷി ഭവനുകളെ സ്മാർട്ടാക്കാനുള്ള പദ്ധതികളും നടപ്പാക്കും. സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തുന്ന കടലാസ്‌ രഹിതമായ കൃഷിഭവനുകളാകും ഇവ. തുടക്കത്തിൽ 28 കൃഷിഭവനുകളെ സ്മാർട്ടാക്കും. ഇക്കോ ഷോപ്പ്‌, ബയോ ക്ലിനിക്ക്‌, കോൾ സെന്റർ തുടങ്ങിയവ ഇവയുടെ ഭാഗമാക്കും. 

കടലാസ്‌ ജോലികൾ കുറച്ച്‌ കൃഷി ഓഫീസർമാർക്ക്‌ കൂടുതൽ സമയം പാടത്തും പറമ്പിലും ചെലവിടാനുള്ള സാഹചര്യവും ഒരുക്കും. സർക്കാരിന്റെ നൂറു ദിന കർമ പദ്ധതിയലുൾപ്പെടുത്തിയ അഞ്ചു പദ്ധതികളുും കൃഷി വകുപ്പ്‌ വിജയകരമായി പൂർത്തിയാക്കിയതായി മന്ത്രി അറിയിച്ചു. സുരക്ഷിത ഭക്ഷ്യ ഉൽപാദനം ലക്ഷ്യമിട്ട് ആരംഭിച്ച ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി ഏറെ വിജയമായി . ഇതിന്റെ ഭാഗമായി 70 ലക്ഷം പച്ചക്കറി വിത്ത് പായ്‌ക്കറ്റുകളും ഒന്നരകോടി പച്ചക്കറി തൈകളും വിതരണം ചെയ്തു . 24,000 ഹെക്ടറിൽ വീട്ടുവളപ്പിലെ പച്ചക്കറി കൃഷിയിലൂടെ 3. 7 ലക്ഷം ടൺ പച്ചക്കറി ഉൽപാദിപ്പിക്കാൻ സാധിച്ചു . 25 ലക്ഷം ഫലവൃക്ഷ തൈകളും വിതരണം ചെയ്തു . കർഷകരിൽ നിന്ന് നാടൻ ഉൽപന്നങ്ങൾ നേരിട്ട് ശേഖരിച്ച് നഗര പ്രദേശങ്ങളിൽ എത്തിക്കുന്നതിനായി സംസ്ഥാനത്ത് നൂറ് നഗര വഴിയോര കാർഷിക വിപണി ആരംഭിച്ചെന്നും മന്ത്രി പറഞ്ഞു . കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ സുഭിക്ഷം സുരക്ഷിതം ഭാരതീയ പ്രകൃതി കൃഷി പദ്ധതി 23,566 ഹെക്ടർ പ്രദേശത്ത് പൂർത്തീകരിച്ചുവെന്നും മന്ത്രി പറഞ്ഞു . കൃഷി വകുപ്പ് സെക്രട്ടറി സി എ ലതയും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. 

ENGLISH SUMMARY:100 Farmer Pro­duc­er Orga­ni­za­tions to be formed by this year: Min­is­ter P Prasad
You may also like this video