നാട്ടു മാവുകളുടെ സംരക്ഷണത്തിനായി സംസ്ഥാന സർക്കാർ ആവിഷ്കരിക്കുന്ന ‘നൂറു മാന്തോപ്പ്’ പദ്ധതിക്ക് ജനുവരിയിൽ തുടക്കമാകുമെന്ന് കൃഷി മന്ത്രി വി എസ് സുനിൽ കുമാർ പറഞ്ഞു. കൊച്ചുവേളിയിലെ ടൈറ്റാനിയം ക്യാമ്പസിൽ ഉല്പാദിപ്പിച്ച ജൈവ പച്ചക്കറികളുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറു മാന്തോപ്പ് പദ്ധതിയുടെ ഭാഗമായി നൂറിനം മാവുകളുടെ നൂറു മാന്തോപ്പുകൾ നിർമ്മിക്കും. ഇവിടെ നട്ടുപിടിപ്പിക്കുന്നതിനായി കൃഷി വകുപ്പിനു കീഴിൽ കണ്ണൂരിൽ പ്രവർത്തിക്കുന്ന തോട്ടത്തിൽ 127 ഇനങ്ങളിലുള്ള 12,000 മാവിൻതൈകൾ വികസിപ്പിച്ചിട്ടുണ്ട്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളം 35,000 ഹെക്ടർ സ്ഥലത്ത് ഇതുവരെ കൃഷിയിറക്കിയിട്ടുണ്ട്. ആറുലക്ഷം ടണ്ണിൽ നിന്നും 15.75 ലക്ഷം ടണ്ണിലേക്ക് കഴിഞ്ഞ നാലരവർഷത്തിനുള്ളിൽ സംസ്ഥാനത്തെ പച്ചക്കറി ഉല്പാദനം ഉയർത്താനായെന്നും ടൈറ്റാനിയത്തിലെ ജൈവപച്ചക്കറി കൃഷി മറ്റ് സ്ഥാപനങ്ങൾക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. നൂറു മാന്തോപ്പുകളിൽ ഒരെണ്ണം ട്രാവൻകൂർ ടൈറ്റാനിയത്തിൽ നിർമ്മിക്കാമെന്നും മന്ത്രി പറഞ്ഞു.
ട്രാവൻകൂർ ടൈറ്റാനിയത്തിൽ കഴിഞ്ഞ 72 വർഷമായി തരിശായിക്കിടന്ന ഭൂമിയിലാണ് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായുള്ള ജൈവ കൃഷിയിൽ നൂറുമേനി വിളയിച്ചത്. നഗരസഭയുടെ, ഉറവിട മാലിന്യ സംസ്കരണ സംവിധാനങ്ങളായ എയ്റോബിക്ബിൻ, കിച്ചൻബിൻ എന്നിവയിൽ നിന്നുള്ള കമ്പോസ്റ്റ് ഉപയോഗിച്ചാണ് തീരദേശത്തെ മണ്ണിൽ കൃഷിയുടെ വിസ്മയം തീർത്തത്.
സുഭിക്ഷ കേരളം പദ്ധതി വിജയകരമായി നടപ്പിലാക്കിയ ടൈറ്റാനിയത്തിനുള്ള പ്രശംസാപത്രം ചെയർമാൻ എ എ റഷീദിന് മന്ത്രി കൈമാറി. മാനേജിങ് ഡയറക്ടർ ജോർജി നൈനാൻ, കൃഷി അഡീഷണൽ ഡയറക്ടർ രാജേന്ദ്ര ലാൽ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ജോർജ്,കൃഷി ഓഫീസർ ജോസഫ്,കൃഷി അസിസ്റ്റന്റ് ഷിനു എന്നിവർ പങ്കെടുത്തു.
English summary: 100 manthoppu project
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.