ലിബിയ: ബോട്ടപകടത്തില്‍ മരിച്ചത് നൂറ് അഭയാര്‍ഥികള്‍

ട്രിപ്പോളി: ഈ മാസം ഒന്നിന് ലിബിയന്‍ തീരത്ത് ബോട്ടപകടത്തില്‍ പെട്ട് നൂറ് അഭയാര്‍ഥികള്‍ മരിച്ചതായി ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് (എംഎസ്എന്‍)അറിയിച്ചു. ബോട്ടപകടങ്ങളില്‍ നിന്ന് രക്ഷപെട്ടവര്‍ സര്‍ക്കാരിന്റെ നിയമവിധേയമല്ലാത്ത തടവില്‍ തുടരുകയാണെന്നും ഇവരില്‍ പൊള്ളലേറ്റവരും ഗര്‍ഭിണികളും കുട്ടികളുമുണ്ടെന്ന് എംഎസ്എന്‍ പറഞ്ഞു.
വിവിധരാജ്യങ്ങളില്‍ നിന്ന് നൂറുകണക്കിന് അഭയാര്‍ഥികളുമായി ലിബിയന്‍ തീരത്തെയ്ക്ക് എത്തിയ രണ്ട് റബര്‍ ബോട്ടുകളാണ് ഈ മാസം ഒന്നിന് ലിബിയന്‍ തീരത്ത് അപകടത്തില്‍പ്പെട്ടത്.
രണ്ട് ബോട്ടുകളില്‍ നിന്നുമായി 276 പേരെ ലിബിയന്‍ കോസ്റ്റ് ഗാര്‍ഡ് രക്ഷപെടുത്തി. ബോട്ടിലെ ഇന്ധനം ചോര്ന്നതിനെതുടര്ന്നുണ്ടായ തീപിടിത്തത്തില്‍ പരിക്കേറ്റവരാണ് രക്ഷപെട്ടവരില്‍ കൂടുതലും. എംഎന്എന്നിലെ ഒരു വിഭാഗം ഇപ്പോഴും അവരുടെ ചികിത്സയക്കാണ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നതെന്നും എംഎസ്എന്‍ പറഞ്ഞു.
പരിക്കേറ്റവരില്‍ 19 പേരുടെ നില അതീവഗുരുതരമായിരുന്നു. ഇവരെയും പ്രാഥമിക ചികിത്സയ്ക്ക് ശേഷം ലിബിയന്‍ അതോരിറ്റിയുടെ നിയന്ത്രണത്തിലുള്ള തടവറകളിലേക്ക് മാറ്റുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് തടവറയില്‍ കഴിയുന്നവരുടെ അവസ്ഥയില്‍ എംഎസ്എന്‍ സംഘാംഗങ്ങള്‍ ആശങ്ക രേഖപ്പെടുത്തി. ഇടുങ്ങിയ മുറിക്കുള്ളില്‍, വൃത്തിയില്ലാത്ത അന്തരീക്ഷത്തില്‍, പുതപ്പോ നിലത്തോ കിടന്ന്, അസഹനീയമായ വേദന അവര്‍ എങ്ങനെ മറികടക്കുമെന്നാണ് ഇവരുടെ ആശങ്ക.