കമ്മ്യൂണിസ്റ്റ് ഇന്‍റര്‍നാഷണലിന് നൂറുവയസ്സ്

Web Desk
Posted on October 09, 2019, 12:20 am

വിപ്ലവ പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ ലെനിന്റെ നേതൃത്വത്തിലും സജീവ പങ്കാളിത്തത്തിലും 1919 ല്‍ രൂപം കൊണ്ട കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന് നിര്‍ണായക സ്ഥാനമുണ്ട്. തൊഴിലാളി വര്‍ഗ താല്‍പ്പര്യങ്ങളും സോഷ്യലിസത്തിന്റെ ലക്ഷ്യങ്ങളും തകര്‍ക്കുന്ന നീക്കങ്ങള്‍ക്കെതിരെ പോരാടാനും തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനങ്ങളുടെ ഐക്യനിര വളര്‍ത്തിയെടുക്കാനും കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ വഴിയൊരുക്കി.
1864 സെപ്റ്റംബര്‍ 28 നാണ് ലണ്ടനില്‍ വച്ച് കമ്മ്യൂണിസ്റ്റുകാരുടെ ആദ്യത്തെ സാര്‍വദേശീയ സംഘടന ജന്മം കൊണ്ടത്. സാര്‍വദേശീയ പണിയാളസംഘം (ഇന്റര്‍നാഷണല്‍ വര്‍ക്കിംഗ് മെന്‍സ് അസോസിയേഷന്‍) എന്നായിരുന്നു ആദ്യം അതിന്റെ പേര്. ഒരു വ്യാഴവട്ടക്കാലത്തെ ആയുസ് മാത്രമേ ഇതിന് കിട്ടിയുള്ളു. 1876 ജൂലൈ 15 ന് അമേരിക്കയിലെ ഫിലോഡെല്‍ഫിയയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ വച്ച് സംഘടന പിരിച്ചു വിടാന്‍ തീരുമാനിക്കുകയാണുണ്ടായത്. അതുവരെ കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ എന്ന പേരിലാണ് ഇത് അറിയപ്പെട്ടത്. 13 കൊല്ലത്തിനുശേഷം 1889 ല്‍ ഇത്തരത്തിലുള്ള രണ്ടാമതൊരു സംഘടന പാരീസില്‍ ജന്മം കൊണ്ടതിനുശേഷമാണ് ഇതിനെ ഒന്നാം ഇന്റര്‍നാഷണല്‍ എന്ന് വിശേഷിപ്പിക്കാന്‍ തുടങ്ങിയത്.
കാഴ്ചപ്പാടുകളുടേതായ പഴയലോകം കൊഴിഞ്ഞു പോകുകയില്ലെന്നും, അണ്ടത് മറിച്ചിട്ട് പുതിയൊരുലോകം വാര്‍ത്തെടുക്കാന്‍ ഏറ്റവും കെല്പുള്ള തൊഴിലാളി വര്‍ഗ്ഗത്തിന്, കാല്‍ച്ചങ്ങലയല്ലാതെ മറ്റൊന്നും നഷ്ടപ്പെടാനില്ലാത്ത നിസ്വവര്‍ഗ്ഗത്തിന്, സ്വന്തമായൊരു പാര്‍ട്ടി, സ്വന്തം വര്‍ഗത്തിന്റേതായ ഒരു പാര്‍ട്ടി, കൂടിയേ തീരൂ എന്നുമുള്ള അടിയുറച്ച വിശ്വാസത്തോടെ, കാള്‍ മാര്‍ക്‌സും ഏംഗല്‍സും ചേര്‍ന്ന് ലണ്ടനിലിരുന്നുകൊണ്ട് ലോകവ്യാപകമായി തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനം 1846 ല്‍ ആരംഭിച്ചു.
ലോക വിപ്ലവശക്തികളുടെ ചാലക ശക്തിയാവാന്‍ കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണലിനു കഴിഞ്ഞു. സാമ്രാജ്യത്വത്തിനെതിരെ സമാധാനത്തിനും ജനാധിപത്യത്തിനും സോഷ്യലിസത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നവരെ കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ ഏകോപിപ്പിച്ചു.
കാള്‍ മാര്‍ക്‌സിന്റെയും ഏംഗല്‍സിന്റെയും പാത പിന്തുടര്‍ന്ന് മാര്‍ക്‌സിസംലെനിനിസത്തില്‍ വിശ്വസിക്കുന്ന ലോക തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തെ ഒരുമിച്ചു അണിനിരത്താന്‍ കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ പ്രവര്‍ത്തിച്ചു. ഒക്ടോബര്‍ വിപ്ലവത്തെ തുടര്‍ന്ന് ഉയര്‍ന്നുവന്ന വിപ്ലവചിന്തകളെ സമന്വയിപ്പിച്ച് പുത്തന്‍ വിപ്ലവചിന്തകള്‍ വളര്‍ത്തിയെടുക്കാന്‍ കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണലിനു സാധിച്ചു. ഏതാണ്ട് കാല്‍നൂറ്റാണ്ടുകാലം ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നായക ശക്തിയായി കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ പ്രവര്‍ത്തിച്ചു. തൊഴിലാളി വര്‍ഗത്തിനും മറ്റ് തൊഴിലാളി വിഭാഗങ്ങള്‍ക്കും ഇടയില്‍ ഐക്യദാര്‍ഢ്യം വളര്‍ത്തിയെടുക്കാന്‍ കമ്മ്യൂണിസ്റ്റു ഇന്റര്‍നാഷണലിനു കഴിഞ്ഞു. നമ്മുടെ യുഗത്തിലെ എല്ലാ വിപ്ലവശക്തികളെയും ഒരുമിച്ച് അണിനിരത്താന്‍ ഇതുവഴി കഴിഞ്ഞു. ലോക വിപ്ലവ ശക്തികളുടെ വിപ്ലവകരമായ പാരമ്പര്യം കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ ഉയര്‍ത്തിപ്പിടിച്ചു. സോവിയറ്റ് റഷ്യയില്‍ വിപ്ലവത്തെ തുടര്‍ന്ന് സോഷ്യലിസം കെട്ടിപ്പടുക്കാന്‍ ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണലിനു ഉണര്‍വ് പകര്‍ന്നു. ഒക്ടോബര്‍ വിപ്ലവം വെട്ടിത്തുറന്ന പുതുയുഗത്തിന്റെ മാര്‍ഗത്തിലൂടെ സഞ്ചരിച്ച് ലോകമെങ്ങുമുള്ള വിപ്ലവപ്രസ്ഥാനത്തിന് പുത്തന്‍ മാനങ്ങള്‍ കണ്ടെത്താന്‍ കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ വഴിതെളിച്ചു.
ബൂര്‍ഷ്വാസിയും പ്രോലറ്റേറിയനും തമ്മിലുള്ള അഭിപ്രായ സംഘട്ടനത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ശരിയായ പാത തെരഞ്ഞെടുക്കാനും രാഷ്ട്രീയമായും ആശയപരമായും സംഘടനാപരമായും അടിത്തറ ഉണ്ടാക്കാനും കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണലിനു കഴിഞ്ഞു. ലെനിന്റെ ആശയങ്ങളില്‍ ഉറച്ച് നിന്ന് ലോകമെമ്പാടുമുള്ള വിപ്ലവകാരികളെ ഒരുമിച്ചു നിര്‍ത്തുന്നതിന് കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ തുടക്കമിട്ടു.
പുതിയ രൂപത്തിലുള്ള വിപ്ലവ പാര്‍ട്ടികളെ സാമ്രാജ്യവിരുദ്ധ പോരാട്ടത്തില്‍ കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ അണിനിരത്തി. മഹാനായ ലെനിനിനാണ് ഇത്തരമൊരു പ്രസ്ഥാനമെന്ന ആശയം മുന്നോട്ടു വച്ചത്. ഒന്നാംലോക മഹായുദ്ധത്തിന്റെ തുടക്കത്തിലായിരുന്നു ഇത്.
ദേശീയ വിമോചന പ്രസ്ഥാനത്തിന്റെ കാഴ്ചപ്പാടുകള്‍ ലെനിന്‍ നിര്‍ദ്ദേശിച്ചു. അതില്‍ നാലു പ്രധാന കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചു.
ഒന്നാമതായി, മര്‍ദ്ദക രാഷ്ട്രീയവും മര്‍ദ്ദിത രാഷ്ട്രീയവും തമ്മില്‍ മൗലികമായ വൈരുദ്ധ്യം ഉണ്ടെന്നു കാണണം. അവ തമ്മിലുള്ള വ്യത്യാസവും കാണണം. സാമ്രാജ്യത്വ രാഷ്ട്രങ്ങള്‍ മര്‍ദ്ദക രാഷ്ട്രങ്ങളാണ്. കോളനികള്‍ മര്‍ദ്ദിത രാഷ്ട്രങ്ങളും.
രണ്ടാമതായി, സോവിയറ്റ് യൂണിയനും ഇതര വിപ്ലവ ശക്തികളും ഒരുഭാഗത്തും സാമ്രാജ്യത്വം മറുഭാഗത്തും ആയി നിന്നുകൊണ്ടുള്ള വൈരുദ്ധ്യമാണ് ലോകരംഗത്തെ പ്രധാന വൈരുദ്ധ്യം എന്നു കാണണം.
മൂന്നാമതായി, കോളനികളിലെ പരിഷ്‌കരണവാദ പ്രസ്ഥാനങ്ങളും ദേശീയ വിമോചന പ്രസ്ഥാനങ്ങളും തമ്മിലുള്ള വ്യത്യാസം കമ്മ്യൂണിസ്റ്റുകാര്‍ കാണണം. സാമ്രാജ്യത്വവുമായി കൂട്ടുകൂടുന്ന ബൂര്‍ഷ്വാ വിഭാഗമാണ് പരിഷ്‌കരണവാദ പ്രസ്ഥാനം നയിക്കുന്നത്. കോമിന്റേണ്‍ ദേശീയ വിമോചന പ്രസ്ഥാനങ്ങളെയാണ് സഹായിക്കേണ്ടത്.
നാലാമതായി, കോളനികളിലും പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളിലും മുതലാളിത്തേതര മാര്‍ഗ്ഗത്തിനു സാദ്ധ്യതകള്‍ ഉണ്ടെന്നു കാണണം. ഇത്തരം രാജ്യങ്ങള്‍ മുതലാളിത്ത ഘട്ടങ്ങളില്‍ കൂടി കടന്നുപോകേണ്ടതില്ല.
ലെനിന്റെ റിപ്പോര്‍ട്ടിനെ ആധാരമാക്കി കോമിന്റേണ്‍ തയ്യാറാക്കിയ നിര്‍ദ്ദേശങ്ങളാണ് ഏഷ്യയിലും ആഫ്രിക്കയിലും ലാറ്റിന്‍ അമേരിക്കയിലും വളര്‍ന്നുവന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ അവയുടെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കാന്‍ പര്യാപ്തങ്ങളാക്കിയത്. കോളനികളിലെയും അര്‍ദ്ധ കോളനികളിലെയും ദേശീയ ബൂര്‍ഷ്വാ വര്‍ഗത്തിന്റെ സ്വഭാവത്തെക്കുറിച്ചു കമ്മ്യൂണിസ്റ്റുകാരുടെ ഇടയിലുണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ തീര്‍ക്കാന്‍ ഈ നിര്‍ദ്ദേശങ്ങള്‍ സഹായകമായി.