17 June 2024, Monday

ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ 1000 കോടിയുടെ ക്രമക്കേട്

Janayugom Webdesk
തിരുവനന്തപുരം
August 22, 2021 9:15 pm

മഹാത്മാ ഗാന്ധി ദേശീയതൊഴിലുറപ്പ് പദ്ധതിക്കായി അനുവദിച്ചതുകയില്‍ നാലുവര്‍ഷത്തിനിടെ വിവിധ സംസ്ഥാനങ്ങളില്‍ 1000ത്തോളം കോടിരൂപയുടെ ക്രമക്കേട്. കൈക്കൂലി, നിലവിലില്ലാത്തവര്‍ക്ക് വേതനം, ഉപകരണങ്ങള്‍ വാങ്ങിയതിന് എന്ന പേരില്‍ ഇടനിലക്കാര്‍ക്ക് തുക നല്കല്‍ എന്നിങ്ങനെയാണ് 935 കോടി രൂപ വകമാറ്റിയിരിക്കുന്നത്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഒരുരൂപ പോലും ദുരുപയോഗം ചെയ്തില്ലെന്നും കേന്ദ്ര ഗ്രാമീണ വികസന വകുപ്പിന്റെ സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. മന്ത്രാലയത്തിന്റെ വിവര കൈകാര്യ സംവിധാനത്തില്‍ നിന്നുള്ള 2017–18 മുതല്‍ 20–21 വര്‍ഷം വരെയുള്ള കണക്കുകള്‍ പരിശോധിച്ചാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇങ്ങനെ ദുരുപയോഗം ചെയ്യുന്ന തുക പൂര്‍ണമായും തിരിച്ചു പിടിക്കണമെന്ന് വ്യവസ്ഥയുണ്ട്. എന്നാല്‍ 1.34 ശതമാനം (12.5കോടി) മാത്രമാണ് തിരിച്ചുപിടിച്ചതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

2.65 ലക്ഷം ഗ്രാമ പഞ്ചായത്തുകളിലാണ് സോഷ്യല്‍ ഓഡിറ്റ് നടന്നത്. സുതാര്യതയും വിശ്വാസ്യതയും ഉറപ്പുവരുത്തുന്നതിനാണ് തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിനെ സംബന്ധിച്ച് സോഷ്യല്‍ ഓഡിറ്റ് നടത്തുന്നത്. തമിഴ്‌നാട്ടിലാണ് ഏറ്റവുമധികം തുകയുടെ ക്രമക്കേട് കണ്ടെത്തിയത്. ഇവിടെ 12,525 ഗ്രാമപഞ്ചായത്തുകളില്‍ 12,525 കോടിരൂപ വക മാറ്റി.എന്നാല്‍ ഇതുവരെയായി 2.07 കോടി മാത്രമാണ് തിരിച്ചുപിടിച്ചത്. ക്രമക്കേടിനെ തുടര്‍ന്ന് രണ്ട്പേരെ പിരിച്ചുവിടുകയും ഒരാളെ സസ്പെന്‍ഡ് ചെയ്യുകയുമുണ്ടായെങ്കിലും ആര്‍ക്കെതിരെയും കേസെടുത്തിട്ടില്ല. ആന്ധ്രപ്രദേശില്‍ 12,982 ഗ്രാമ പഞ്ചായത്തുകളിലായി 31,795 സോഷ്യല്‍ ഓഡിറ്റുകള്‍ നടന്നതില്‍ 239.31 കോടിരൂപയുടെ ക്രമക്കേട് കണ്ടെത്തി. 4.48 കോടിരൂപ മാത്രമാണ് തിരിച്ചുപിടിച്ചത്. കര്‍ണാടകയില്‍ 173.6, ബിഹാറില്‍ 12.34. പശ്ചിമ ബംഗാളില്‍ 2.45, ഝാര്‍ഖണ്ഡില്‍ 51.29 കോടിരൂപ വീതവും ഗുജറാത്തില്‍ 6,749 രൂപയുമാണ് ദുര്‍വിനിയോഗം ചെയ്തത്.

കേരളം ഉള്‍പ്പെടെ പത്ത് സംസ്ഥാന — കേന്ദ്രഭരണ പ്രദേശങ്ങളിലാണ് ദുരുപയോഗം കണ്ടെത്താതിരുന്നത്. രാജസ്ഥാന്‍, അരുണാചല്‍പ്രദേശ്, ഗോവ, ലഡാക്ക്, ആന്‍ഡമാന്‍ നികോബാര്‍, ലക്ഷദ്വീപ്, ദാദ്ര നാഗര്‍ ഹവേലി, ഡാമന്‍ ഡിയു എന്നിവയാണ് ദുരുപയോഗം നടന്നിട്ടില്ലാത്ത പ്രദേശങ്ങള്‍.

ഇക്കാലയളവിനിടയില്‍ ഒന്നോ രണ്ടോതവണ മാത്രമാണ് സോഷ്യല്‍ ഓഡിറ്റ് നടന്നത് എന്നതിനാല്‍ ദുരുപയോഗം ചെയ്യപ്പെട്ട യഥാര്‍ത്ഥ തുക കണ്ടെത്തിയതിന്റെ മുന്നോ നാലോ ഇരട്ടിയായിരിക്കുമെന്നാണ് വിദഗധരുടെ അനുമാനം. ദുരുപയോഗം ചെയ്യുകയോ വക മാറ്റുകയോ ചെയ്തതായി കണ്ടെത്തിയ തുക തിരിച്ചുപിടിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കിയതായി കേന്ദ്ര ഗ്രാമ വികസന വകുപ്പ് സെക്രട്ടറി നാഗേന്ദ്രനാഥ് സിന്‍ഹ പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് വാര്‍ത്തയില്‍ പറയുന്നു. വളരെ കുറച്ച് തുക മാത്രമേ തിരിച്ചുപിടിച്ചിട്ടുള്ളൂ എന്നും അദ്ദേഹം വെളിപ്പെടുത്തി.

Eng­lish sum­ma­ry; 1000 crore irreg­u­lar­i­ties in the Nation­al Employ­ment Guar­an­tee Scheme

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.