Sunday
08 Dec 2019

ആരോഗ്യ മേഖലയില്‍ വന്‍ മുന്നേറ്റം: 1000 പുതിയ തസ്തികകള്‍

By: Web Desk | Wednesday 3 July 2019 10:55 PM IST


തിരുവനന്തപുരം: ആരോഗ്യ മേഖലയില്‍ രാജ്യത്തെ മുന്‍നിരയിലുള്ള കേരളത്തിലെ ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആര്‍ദ്രം മിഷന്റെ രണ്ടാം ഘട്ടത്തില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്നതിനായി 1,000 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കി. ഇതോടെ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ആരോഗ്യ മേഖലയിലാകെ 5,250 ഓളം തസ്തികകളാണ് സൃഷ്ടിച്ചിട്ടുള്ളത്.

ഓരോ കുടുംബാരോഗ്യ കേന്ദ്രത്തിലും രണ്ട് അസിസ്റ്റന്റ് സര്‍ജന്‍, രണ്ട് സ്റ്റാഫ് നഴ്‌സ്, ഒരു ലാബ് ടെക്‌നീഷ്യന്‍ എന്ന മാനദണ്ഡം അടിസ്ഥാനമാക്കിയാണ് 400 അസിസ്റ്റന്റ് സര്‍ജന്‍, 400 സ്റ്റാഫ് നഴ്‌സ്, 200 ലാബ് ടെക്‌നീഷ്യന്‍ എന്നീ തസ്തികകള്‍ സൃഷ്ടിക്കുന്നത്. ആര്‍ദ്രം മിഷന്‍ പ്രഖ്യാപിക്കപ്പെട്ട ഉടനെ ആദ്യഘട്ടത്തില്‍ 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയത്. ഇതിനായി 830 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. രണ്ടാം ഘട്ടത്തില്‍ 504 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാനായി തെരഞ്ഞെടുത്തത്. ഇതിന്റെ ആദ്യഘട്ടമായാണ് 1,000 തസ്തികകള്‍ സൃഷ്ടിക്കുന്നത്.
നിലവില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ഉച്ചവരെ ഒരു ഡോക്ടര്‍ എന്നതായിരുന്നു വ്യവസ്ഥ. ഉച്ചയ്ക്ക് ശേഷം സാധാരണക്കാര്‍ക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഉപകാരപ്രദമായിരുന്നില്ല. അതിനാല്‍ അവരെല്ലാം ചികിത്സയ്ക്കായി ദ്വിതീയ തൃതീയ മേഖലകളെ ആശ്രയിക്കേണ്ടതായി വന്നിരുന്നു. ഇതിനൊരു മാറ്റം വരുത്തിക്കൊണ്ടാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം രാവിലെ ഒന്‍പത് മണിമുതല്‍ വൈകുന്നേരം ആറ് മണിവരെയാക്കി വര്‍ധിപ്പിച്ചുകൊണ്ട് മികച്ച സൗകര്യങ്ങളൊരുക്കി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയത്.
സംസ്ഥാനത്ത് എല്ലായിടത്തും ആധുനിക ലബോറട്ടറികള്‍ സ്ഥാപിച്ചു.

പ്രീ ചെക്ക് കൗണ്‍സിലിംഗ്, എന്‍സിഡി ക്ലിനിക്കുകള്‍, തുടങ്ങിയവയും വ്യായാമത്തിനുള്ള സൗകര്യങ്ങള്‍ (യോഗ, വെല്‍നസ് സെന്റര്‍) എന്നിവയും ഏര്‍പ്പെടുത്തി. പഞ്ചായത്തിലെ മുഴുവന്‍ പൗരന്‍മാരുടെ മാനസികവും ശാരീരികവുമായ ആരോഗ്യ സുസ്ഥിരത ഉറപ്പു വരുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുകയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ലക്ഷ്യം.

Related News