ആയിരം ദിനം; വാക്ക് പാലിച്ച് പിഎസ്‌സിയും, ഒരു ലക്ഷത്തോളം പേര്‍ക്ക് ജോലി

Web Desk
Posted on March 01, 2019, 12:55 pm

തിരുവന്തപുരം: പിഎസ്‌സി വഴി ഒരു ലക്ഷത്തിലധികം പേര്‍ക്ക് ജോലി നല്‍കി കേരളം. 94,516 പേര്‍ക്കാണ് കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ പിഎസ്‌സി വഴി നിയമന ശുപാര്‍ശ നല്‍കിയത്. പിഎസ്‌സി ചെയര്‍മാന്‍ അഡ്വ. എം കെ സക്കീര്‍ ആണ് ഇക്കാര്യം അറിയിച്ചത്.

വ്യാഴാഴ്ച വരെയുള്ള കണക്ക് അനുസരിച്ചാണിത്. 6000 പേരുടെ നിയമന ശുപാര്‍ശ ഉടന്‍ നല്‍കും. ഇതോടെ, ഇക്കാലയളവില്‍ നിയമനം ലഭിച്ചവരുടെ എണ്ണം 1,00,516 ആയി ഉയരും. 1000 ദിനങ്ങള്‍ക്കിടെ ഇത്രയധികം നിയമനം നടക്കുന്നത് സര്‍വകാല റെക്കോര്‍ഡാണ്. നിയമന നടപടികള്‍ ത്വരിതപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരും പിഎസ്‌സിയും സ്വീകരിച്ച നടപടികളെ തുടര്‍ന്നാണിത്. ഒഴിവുകള്‍ കൃത്യമായി പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് മുഖ്യമന്ത്രി വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. കൂടാതെ, ആയിരക്കണക്കിന് പുതിയ തസ്തികയും സര്‍ക്കാര്‍ സൃഷ്ടിച്ചു.