3 November 2024, Sunday
KSFE Galaxy Chits Banner 2

വിപ്ലവത്തിന്റെ പ്രകാശഗോപുരം

രാജാജി മാത്യു തോമസ്
January 21, 2024 4:30 am

മനുഷ്യ ചരിത്ര പരിണാമത്തെ ഇത്രയേറെ ആഴത്തിൽ സ്വാധീനിക്കുകയും സാർവലൗകിക മാനവികതയുടെ പുതിയ ഉയരങ്ങളിലേക്ക് വഴിതിരിച്ച് നയിക്കുകയും ചെയ്ത മഹാ വിപ്ലവകാരികളുടെ മുൻനിരയിൽ ഇടംപിടിച്ച വ്ലാദിമിർ ഇല്ലിച്ച് ഉല്യാനോവ് ‘ലെനി‘ന്റെ 100-ാത് ചരമവാർഷികമാണ് ഇന്ന്. പോയ നൂറ്റാണ്ടിനെ ഇത്രമേൽ നിർണായകമായി സ്വാധീനിച്ച വിപ്ലവകാരി, രാഷ്ട്രമീമാംസകൻ, ചിന്തകൻ, രാഷ്ട്രതന്ത്രജ്ഞൻ, ഭരണനിപുണൻ, സാഹിത്യാസ്വാദകൻ, എഴുത്തുകാരൻ തുടങ്ങിയ സവിശേഷതകൾ സമന്വയിച്ച മറ്റൊരു ബഹുമുഖ പ്രതിഭയെ ആധുനിക മനുഷ്യചരിത്രത്തിൽ കണ്ടെത്തുക ദുഷ്കരമാണ്. 100 വർഷങ്ങൾക്കുമുമ്പ് അന്തരിച്ച ലെനിന്റെ സംരക്ഷിച്ച് സൂക്ഷിച്ചിട്ടുള്ള ഭൗതികശരീരം ദർശിക്കാനും ആദരമർപ്പിക്കാനുമെത്തുന്ന നിലയ്ക്കാത്ത മനുഷ്യപ്രവാഹം മറ്റൊരു മഹാന്റെയും ശവകുടീരത്തിലില്ല എന്നതുതന്നെ ആ മഹാവിപ്ലവകാരിയുടെ പ്രതിഭാവിലാസത്തിന്റെ ഈ നൂറ്റാണ്ടിലെയും പ്രസക്തിയെയും അനശ്വരതയെയുമാണ് അടയാളപ്പെടുത്തുന്നത്. 1917ലെ ബോൾഷെവിക് വിപ്ലവത്തെത്തുടർന്ന് സ്ഥാപിതമായ ലോകത്തെ ആദ്യത്തെ തൊഴിലാളിവർഗ രാഷ്ട്രമായ യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെ (യുഎസ്എസ്ആർ) സ്ഥാപകൻ എന്ന നിലയിൽ മാത്രമല്ല ലെനിൻ ചരിത്രത്തിൽ സ്ഥാനംപിടിക്കുന്നത്.

ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവവും യുഎസ്എസ്ആറിന്റെ സ്ഥാപനവും അക്ഷരാർത്ഥത്തിൽ അന്ന് നിലവിലുണ്ടായിരുന്ന ലോകാ ക്രമത്തെ പിടിച്ചുലയ്ക്കുകതന്നെ ചെയ്തു. ആ ഭൂചലനത്തിന്റെ തുടർകമ്പനങ്ങൾ മനുഷ്യരാശി ഉള്ളിടത്തോളം കാലവും നിലനിൽക്കുമെന്നാണ് ചരിത്രാനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നത്. ലെനിൻ നയിച്ച ആ വിപ്ലവത്തിന്റെ അലയൊലികളാണ് ഇന്ത്യയടക്കം ഏഷ്യയിലെയും ആഫ്രിക്കയിലെയും തെക്കേ അമേരിക്കയിലെയും ശതകോടികൾ വരുന്ന ജനതതിയെ സാമ്രാജ്യത്വ അടിമവ്യവസ്ഥയുടെ ഇരുളിൽനിന്നും സ്വാതന്ത്ര്യത്തിന്റെയും സമത്വ സ്വപ്നങ്ങളുടെയും സൂര്യവെളിച്ചത്തിലേക്ക് നയിച്ചത്. അത് സാർവലൗകികമായ ഒരു വികാരമായും പ്രചോദനമായും ഇന്നും പ്രഭ ചൊരിയുന്നു. മനുഷ്യ മഹാഭൂരിപക്ഷത്തെയും പ്രപഞ്ചപ്രകൃതിയടക്കം സമസ്ത ജീവജാലങ്ങൾക്കും അവകാശപ്പെട്ട സകലതിനെയും അതിക്രൂരമായി ചൂഷണംചെയ്യുന്ന മൂലധനവ്യവസ്ഥയുടെ സമസ്തരൂപങ്ങളെയും തുടച്ചുനീക്കി ‘അന്യന്റെ ശബ്ദം സംഗീതംപോലെയും അവന്റെ ചലനങ്ങൾ നൃത്തംപോലെയും’ ആസ്വദിക്കാൻ കഴിയുന്ന ഒരു സമൂഹ സൃഷ്ടിയെപ്പറ്റിയുള്ള സ്വപ്നങ്ങൾക്ക് താൽക്കാലികമായി തിരിച്ചടികൾ ഏൽക്കേണ്ടിവന്നുവെങ്കിലും മാർക്സും ഏംഗല്‍സും വിഭാവനം ചെയ്തതും ലെനിൻ പ്രാവർത്തികമാക്കിയതുമായ സമൂഹം മർദിത ജനകോടികളെ ഇന്നും പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ആ സ്വപ്ന സാക്ഷാത്കാരത്തിനായുള്ള മനുഷ്യരാശിയുടെ പോരാട്ടം അനുസ്യൂതം തുടർന്നുകൊണ്ടേയിരിക്കുന്നു എന്നാണ് ചരിത്രസംഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്. അതിന്റെ ഉറവവറ്റാത്ത സ്രോതസായി ലെനിന്റെ ജീവിതവും പോരാട്ടങ്ങളും അദ്ദേഹത്തിന്റെ ചിന്തകളും എക്കാലത്തും പരിലസിക്കും.


ഇതുകൂടി വായിക്കൂ:പശ്ചിമേഷ്യയിലെ യുദ്ധമേഘങ്ങളെ ശാന്തമാക്കണം


ആ ലക്ഷ്യ സാക്ഷാത്കാരത്തിനായുള്ള മനുഷ്യരാശിയുടെ സൈദ്ധാന്തിക അടിത്തറയാണ് മാർക്സും ഏംഗല്‍സും ലോകത്തിന് നൽകിയത്. അതിനായുള്ള തൊഴിലാളി കർഷക ജനതകളുടെയും മറ്റെല്ലാ അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും വിപ്ലവ മാർഗമാണ് ലെനിന്റെ പാർട്ടി സങ്കല്പം മുന്നോട്ടുവച്ചത്. മൂലധന ചൂഷണത്തിന്റെ ഏറ്റവും ഉയർന്ന അവസ്ഥയാണ് സാമ്രാജ്യത്വമെന്ന് ലോകമെങ്ങുമുള്ള മർദിത ജനകോടികളെ ബോധ്യപ്പെടുത്തി മാർക്സിസ്റ്റ് പ്രത്യയശാസ്ത്രത്തെ വികസിപ്പിച്ചു എന്നതാണ് സൈദ്ധാന്തിക രംഗത്തെ ലെനിന്റെ പ്രമുഖ സംഭാവന. മൂലധന ചൂഷണത്തിനും അതിനെ സംരക്ഷിച്ച് നിലനിർത്തുന്ന സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾക്കും എതിരായ പോരാട്ടത്തിൽ തൊഴിലാളികളുടെയും കർഷകരുടെയും അധ്വാനിക്കുന്ന ജനതയുടെയും മുന്നണിപ്പോരാളിയായ പാർട്ടിയെപ്പറ്റിയുള്ള വ്യക്തമായ സങ്കല്പം അദ്ദേഹം റഷ്യൻ ജനതയ്ക്ക് മാത്രമല്ല ലോകത്തിനാകെ പ്രദാനം ചെയ്തു. അത്തരം ഒരു പാർട്ടി എങ്ങനെയായിരിക്കണം എങ്ങനെ പ്രവർത്തിക്കണം എന്ന കാഴ്ചപ്പാടും രൂപരേഖയും അദ്ദേഹം മുന്നോട്ടുവച്ചു. ലെനിനുശേഷം ഒരു നൂറ്റാണ്ട് പിന്നിടുമ്പോൾ ലോക രാഷ്ട്രീയ സാമ്പത്തിക ഭൂമികയിലാകെ വലിയ മാറ്റങ്ങൾ കാണാനാവും. നിരന്തരമായ മാറ്റങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ലോക യാഥാർത്ഥ്യങ്ങൾക്ക് അനുസൃതമായി വിപ്ലവശക്തികളുടെ മുന്നേറ്റങ്ങൾക്ക് വെളിച്ചം പകരുന്ന പ്രകാശഗോപുരമായി മാർക്സിസ്റ്റ് ലെനിനിസ്റ്റ് ചിന്തകൾ തലയുയർത്തി നിൽക്കുന്നു.

കോളനി മേധാവിത്തത്തിനെതിരായ ഇന്ത്യയുടെ ദേശീയ വിമോചന പോരാട്ടത്തിൽ ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവവും ലെനിന്റെ ചിന്തകളും യുഎസ്എസ്ആറിന്റെ രൂപീകരണവും നിർണായക സ്വാധീനവും പ്രചോദനവുമായിരുന്നു. സ്വാതന്ത്ര്യ സമരം മുതൽ സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രനിർമ്മാണ പ്രക്രിയയിലുടനീളം ലെനിന്റെയും അദ്ദേഹം പ്രോദ്ഘാടനം ചെയ്ത സോഷ്യലിസ്റ്റ് രാഷ്ട്രസങ്കല്പങ്ങളുടെയും സ്വാധീനം പ്രകടമാണ്. എന്നാൽ സമകാലിക ലോകത്തെ ഗ്രസിച്ചിരിക്കുന്ന നവഉദാരീകരണ വലതുപക്ഷ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക സങ്കല്പങ്ങൾ മാർക്സിസ്റ്റ് ലെനിനിസ്റ്റ് ആശയങ്ങൾ മുന്നോട്ടുവയ്ക്കുന്ന സാർവലൗകിക മാനവികതയ്ക്കെതിരെ അഭൂതപൂർവമായ വെല്ലുവിളിയാണ് ഉയർത്തുന്നത്. മൂലധന ആധിപത്യവും വർഗീയ വംശീയ ഫാസിസ്റ്റ് പ്രവണതകളും മനുഷ്യവിമോചനത്തിനെതിരെ ഉയർത്തുന്ന വെല്ലുവിളികളെ ചെറുത്ത് പരാജയപ്പെടുത്താൻ ലെനിനിസ്റ്റ് ആശയങ്ങളും ധീരോദാത്തവും സർഗാത്മകവുമായ ആ വിപ്ലവ ജീവിതവും വരുംതലമുറകൾക്കും വെളിച്ചവും പ്രചോദനവുമായി തുടർന്നും നിലകൊള്ളും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.