സംസ്ഥാനത്തെ102 കുടുംബാരോഗ്യ കേന്ദ്രങ്ങൾ നാടിന് സമർപ്പിച്ചു

Web Desk

തിരുവനന്തപുരം

Posted on August 03, 2020, 9:46 pm

ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 102 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്നതിന്റെ ഉദ്‌ഘാടനം വീഡിയോ കോണ്‍ഫറന്‍സ്‌ വഴി മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കോവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉള്‍പ്പെടെ ഉപകരിക്കാവുന്ന വിപുലമായ സൗകര്യങ്ങളാണ്‌ ഈ കേന്ദ്രങ്ങളില്‍ ഒരുക്കിയിരിക്കുന്നത്‌.

സംസ്ഥാനം ആരോഗ്യമേഖലയില്‍ നേരത്തെ പ്രശംസ പിടിച്ചുപറ്റിയതാണെന്നും അത്‌ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ഉദ്ദേശത്തോടെയാണ്‌ ആര്‍ദ്രം മിഷന്‍ ആരംഭിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. മഹാമാരിയെ നേരിടുന്ന ഘട്ടത്തില്‍ രാജ്യവും ലോകവും കേരളത്തിന്റെ പേര്‌ നല്ല മാതൃകയുടെ ഭാഗമായി പല ഘട്ടങ്ങളിലായി എടുത്ത്‌ പറഞ്ഞു. വികേന്ദ്രീകരണാസൂത്രണത്തിന്റെ ഭാഗമായി നല്ല തോതില്‍ വ്യാപിച്ചു കിടക്കുന്ന ആരോഗ്യകേന്ദ്രങ്ങളുണ്ട്‌. പ്രാഥമികാരോഗ്യകേന്ദ്രങ്ങളും കുടുംബാരോഗ്യകേന്ദ്രങ്ങളും പ്രാദേശികമായി ആരോഗ്യസംവിധാനത്തില്‍ സുപ്രധാനമായ പങ്കാണ്‌ വഹിക്കുന്നത്‌. കേരളത്തില്‍ ഏതു ഗ്രാമീണ മേഖലയെടുത്താലും എത്ര പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളായാലും ചികിത്സ ലഭ്യമാകുന്നുണ്ടെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി കെ കെ ശൈലജ അധ്യക്ഷത വഹിച്ചു. മണ്ഡലാനുസരണം എം പി മാർ, എംഎൽഎ മാർ, മറ്റ് ജനപ്രതിനിധികൾ എന്നിവർ ഓൺലൈൻ മുഖേന പങ്കെടുത്തു.

ആര്‍ദ്രം മിഷന്റെ ഒന്നാം ഘട്ടത്തില്‍ 170 കുടുംബാരോഗ്യകേന്ദ്രങ്ങളായിരുന്നു ലക്ഷ്യം വച്ചത്‌. രണ്ടാം ഘട്ടത്തില്‍ 504 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കുകയും അതില്‍ 407 സ്ഥാപനങ്ങളുടെ നിര്‍മ്മാണത്തിന്‌ ഭരണാനുമതി ലഭ്യമാകുകയും ചെയ്‌തു. നിലവില്‍ 284 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ സംസ്ഥാനത്ത്‌ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഇതു കൂടാതെയാണ്‌ 102 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ഇന്നലെ ‌ പ്രവര്‍ത്തനം ആരംഭിച്ചത്. ഇതോടെ ആകെ 386 കുടുംബാരോഗ്യ കേന്ദ്രങ്ങളായി.

 

Sub: 102 Fam­i­ly Health Cen­ters in the state have been ded­i­cat­ed to Ker­ala

 

You msy like this video also