Web Desk

കൊച്ചി

March 21, 2020, 7:17 pm

കുഫോസിന് 108.44 കോടി രൂപയുടെ ബജറ്റ്; ഫിഷറീസ് പഠന മേഖലയുടെ സമഗ്ര വികസനം ലക്ഷ്യം

Janayugom Online

കൊച്ചി — പനങ്ങാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരള ഫിഷറീസ് സമുദ്ര പഠന സര്‍വ്വകലാശാലയ്ക്ക്ക് ( കുഫോസ്)  2020–21 സാമ്പത്തിക വര്‍ഷത്തേക്ക് 108.44 കോടി രൂപയുടെ വാര്‍ഷിക ബജറ്റിന് സര്‍വ്വകലാശാല ജനറല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കി.   85.86 കോടി രൂപ പദ്ധതി ചെലവുകള്‍ക്കും 22.78 കോടി രൂപ പദ്ധതി  ഇതര ചെലവുകള്‍ക്കും  വകയിരുത്തുന്ന ബജറ്റ്,  വിവിധ പ്രൊജക്ടുകളിലായി 6.65 കോടി സഹായം ബാഹ്യ ഏജന്‍സികളില്‍ നിന്നും പ്രതീക്ഷിക്കുന്നു.   ഫുഡ് സയൻസ് ആന്റ് ടെക്നോളജിൽ എം.ടെകും സസ്റ്റേനബിൽ സയൻസ് ആന്റ് കാർബൺ എമിഷനിൽ എം.എസ്.സി  കോഴ്സും അടുത്ത അദ്ധ്യയന വർഷം തുടങ്ങും. ഇതുൾപ്പടെയുള്ള കോഴ്സുകളുടെ നവീകരണത്തിനും അക്കാഡമിക് ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി പുതിയ ഉപകരണങ്ങള്‍ വാങ്ങാനും ലാബോറട്ടറികള്‍ സ്ഥാപിക്കാനും 8 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനവും കടലിലെ പ്ളാസ്റ്റിക് മലീകരണതോതിന്റെ വർദ്ധനവും കണക്കിലെടുത്ത് സമുദ്രപരിസ്ഥിതി വിദ്യാഭ്യാസം ജനകീയമാക്കുന്നതിനായി ഡിസ്റ്റൻസ് മോഡിൽ ഓൺലൈൻ കോഴ്സുകൾ അടുത്ത അദ്ധ്യയന വർഷം ആരംഭിക്കാനും ബഡ്ജറ്റ് ലക്ഷ്യമിടുന്നു. ഇതിനായി  മൂക് ആന്റ് ഓൺ ലൈൻ ഡിസ്റ്റൻസ് ലേണിങ്ങ്  ഡയറക്ടറേറ്റ് കുഫോസിൽ ആരംഭിക്കും.

കുഫോസ് ആസ്ഥാനത്ത് ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ.എ.രാമചന്ദ്രനാണ് ബജറ്റ് അവതരിപ്പിച്ചത്. യുജിസിയുടെ പുതിയ നിബന്ധന അനുസരിച്ച് 2030 ആകുന്പോൾ രാജ്യത്തെ ഓരോ സർവ്വകലാശാലകളിലും  30,000 വിദ്യാർത്ഥികൾ വീതം വേണം. അല്ലാത്ത പക്ഷം സർവ്വകലാശാല പദവി നഷ്ടപ്പെടും. ഇത് മുന്നിൽ കണ്ട് കൊണ്ടാണ് പുതിയ കോഴ്സുകൾക്ക് രൂപം നൽകുന്നത് എന്ന് വൈസ് ചാൻസലർ ഡോ.എ.രാമചന്ദ്രൻ ബഡ്ജറ്റ് അവതരണത്തിൽ പറഞ്ഞു.

ഫിഷറീസ് വിദ്യാഭ്യാസ മേഖലയുടെ സമഗ്ര വികസനത്തിലൂന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ബജറ്റ് മുന്‍തൂക്കം നല്‍കിയിട്ടുള്ളത്. ഗവേഷണ പ്രവർത്തനങ്ങൾ ഊർജിതമാക്കാനായി സർവ്വകലാശാലയിൽ പ്രവർത്തിക്കുന്ന നാല് ഗവേഷണ മികവിന്റെ കേന്ദ്രങ്ങൾക്ക് 5.60 കോടി രുപ വകയിരിത്തിയിട്ടുണ്ട്. കുഫോസിന്റെ പയ്യന്നൂർ, കൊല്ലം റീജണൽ സെന്ററുകളുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപ വീതവും ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്.  പുതുവൈപ്പിൻ കാന്പസിൽ മള്‍ട്ടി സ്പീഷിസ് ഫിന്‍ ഫിഷ് ഹാച്ചറി, കണ്ടല്‍കാടുകളുടെ പരിസ്ഥിതി പ്രാധാന്യത്തിന്റെ ബോധവത്കരണത്തിനായി മാംഗ്രൂവ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ എന്നിവയടക്കം ഫിഷറീസ് പഠന മേഖലയുടെ ഉന്നനത്തിനായി പല പദ്ധതികളും ബജറ്റ് മുന്നോട്ട് വയ്ക്കുന്നു. സര്‍വ്വകലാശാലയുടെ ഗവേഷണനേട്ടങ്ങളും അറിവുകളും കര്‍ഷകരിലേക്ക് എത്തിക്കുന്ന വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ക്ക് 1.60 കോടി രുപ ബജറ്റ് വകയിരുത്തിയിട്ടുണ്ട്. പുതുവൈപ്പ് ഫിഷറീസ് സ്റ്റേഷന്‍ കാമ്പസ്സിന്റെ സമഗ്രവികസനം ലക്ഷ്യമിടുന്ന ബജറ്റ് , വിവിധ പദ്ധതികളിലായി 1.83 കോടി രുപ അവിടേയ്ക്ക് അനുവദിച്ചു.   ഫിഷറീസ് ഫാക്കല്‍റ്റി പ്രവര്‍ത്തിക്കുന്ന മാടവനയിലെ വെസ്റ്റേണ്‍ കാമ്പസ്സില്‍ പുതിയ അക്കാഡമിക് ബ്‌ളോക്ക് നിര്‍മ്മിക്കാനായി 2 കോടിയും ലൈബ്രററിയ്ക്കും ഓഫിസ് ഓട്ടോമേഷനും ആയി 1.75 കോടി  രൂപയും മാറ്റിവെച്ചു.   ഇതുൾപ്പടെ സർവ്വകലാശാലയുടെ പശ്ചാത്തല വികസനത്തിനായി 47.43 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.   അടുത്ത വര്‍ഷത്തെ ദേശിയ വൈസ് ചാന്‍സലേഴ്‌സ് കോണ്‍ഫറന്‍സിനും കുഫോസ് ആതിഥേയത്വം വഹിക്കും  ഇതിനായി 25 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.   കുഫോസ് ഭരണ സമിതി അംഗങ്ങളായ അഡ്വ മനു സിപുളിക്കല്‍, ഡോ.എംആര്‍ ഭൂബേന്ദ്രനാഥ്, കെകെരഘുരാജ്, അബ്രഹാം ജോണ്‍ തരകന്‍, ഡോ.അനു ഗോപിനാഥ്, ഡോ.കെവിപീറ്റര്‍,  ഡോ.എസ്സുരേഷ് കുമാര്‍, ഡോ.സുഭാഷ് ചന്ദ്രൻ,രജിസ്ട്രാര്‍ ഡോ.മനോജ് കുമാർ, ഫിനാൻസ് ഓഫിസർ ജോബി ജോർജ് എന്നിവര്‍  ബഡ്ജറ്റ് അവതരണ  യോഗത്തില്‍ പങ്കെടുത്തു.

ENGLISH SUMMARY: 108.44 crore rupees bud­get for kufos

YOU MAY ALSO LIKE THIS VIDEO