Web Desk

December 27, 2019, 10:28 pm

പൗരന്മാരല്ലാതാകാൻ 11 കോടി

Janayugom Online

ഭോപ്പാൽ: ദേശീയ പൗരത്വ രജിസ്റ്റർ, ദേശീയ ജനസംഖ്യാ രജിസ്റ്റർ എന്നീ സംവിധാനങ്ങൾ നടപ്പാക്കുന്നതോടെ രാജ്യത്തെ 11 കോടി നാടോടികളുടെ പൗരത്വം നഷ്ടപ്പെടുമെന്ന് ആശങ്ക. കേന്ദ്രസർക്കാർ നിയോഗിച്ച രങ്കേ സമിതി റിപ്പോർട്ട് പ്രകാരം മധ്യപ്രദേശിൽ മാത്രം നാടോടികളായി 60 ലക്ഷത്തിലധികം പേരുണ്ട്. പ്രസ്തുത സമിതി റിപ്പോർട്ട് പ്രകാരം രാജ്യത്താകെ ഇത് 11 കോടിയോളം വരും.

നാടോടി വിഭാഗത്തിലെ ഭൂരിഭാഗം പേർക്കും ജനിച്ച രേഖകളോ, ഭൂമിയോ ഇല്ല. എവിടെ ജനിച്ചു, എന്ന് ജനിച്ചു എന്ന കാര്യം പോലും നിരക്ഷരരായ ഈ വിഭാഗങ്ങൾക്കറിയില്ല. നാടോടി വിഭാഗക്കാർക്ക് ജാതി സർട്ടിഫിക്കറ്റ് നൽകുമെന്ന് ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുണ്ടായിരുന്ന മധ്യപ്രദേശിലെ മുൻ സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പാക്കിയില്ല. 60 ലക്ഷത്തിൽ അഞ്ച് ലക്ഷത്തിൽ താഴെ പേർക്ക് മാത്രമാണ് ജാതി സർട്ടിഫിക്കറ്റുള്ളത്. ഈ സാഹചര്യത്തിൽ പൗരത്വ രജിസ്റ്റർ നടപ്പാക്കാനുള്ള മോഡി സർക്കാരിന്റെ നീക്കം രാജ്യത്തെ 11 കോടിയോളം വരുന്ന നാടോടികളുടെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്ന അവസ്ഥ സൃഷ്ടിക്കും. 2012ലെ മധ്യപ്രദേശിലെ ബിജെപി സർക്കാർ 51 ജാതിയിൽപ്പെട്ടവരെ ആദിവാസി പട്ടികയിൽ നിന്നും ഒഴിവാക്കി നാടോടികളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഏകദേശ കണക്കുകളല്ലാതെ നാടോടി വിഭാഗക്കാരുടെ എണ്ണം ഉൾപ്പെടെയുള്ള യഥാർഥ വിവരങ്ങൾ കേന്ദ്ര സർക്കാരിന്റെ പക്കലില്ല.

കഴിഞ്ഞ തിങ്കളാഴ്ച്ച 3941.35 കോടി രൂപയാണ് ദേശീയ ജനസംഖ്യാ രജിസ്റ്ററിനായി കേന്ദ്ര സർക്കാർ അനുവദിച്ചത്. ഇത് ദേശീയ പൗരത്വ രജിസ്റ്ററിന്റെ ആദ്യപടിയായാണ് വിദഗ്ധർ വിലയിരുത്തുന്നത്. 2020 ഏപ്രിൽ മാസത്തിൽ ജനസംഖ്യാ രജിസ്റ്ററുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് മോഡി സർക്കാരിന്റെ തീരുമാനം.
‘you may also like this video’