കാളയെ രക്ഷിക്കാൻ വാഹനം വെട്ടിച്ചു; മിനി ബസുകൾ കൂട്ടിയിടിച്ച് 11 മരണം, 9 പരിക്ക്

Web Desk
Posted on November 23, 2019, 2:02 pm

ജയ്പൂര്‍: രാജസ്ഥാനില്‍ മിനി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം. അപകടത്തില്‍ 11 പേര്‍ മരണപ്പെട്ടു. ഒന്‍പതോളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം. കാളയെ രക്ഷിക്കാന്‍ വേണ്ടി വാഹനം വെട്ടിച്ചപ്പോഴാണ് അപകടം സംഭവിച്ചത്.

മരിച്ചവരില്‍ നാല് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടുന്നുണ്ട്. മഹാരാഷ്ട്രയിലെ ലാത്തൂര്‍, ഷോലാപുര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. ഹരിയാനയിലെ ഹിസാറിലുള്ള ഒരു ആത്മീയ ആശ്രമത്തിലേയ്ക്ക് പോയതായിരുന്നു സംഘം. ഹനുമാന്‍ഘട്ട് മെഗാ ഹൈവേ കടക്കുന്നതിനിടെയാണ് വാഹനത്തിന് മുന്‍പില്‍ കാള ചാടിയത്.

കാളയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട ബസ് സമീപത്തുള്ള ഒരു മരത്തില്‍ ഇടിച്ചു. പിന്നാലെ വന്ന രണ്ടാമത്തെ ബസും ഇതോടെ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.