ഗണേശ വിഗ്രഹ നിമജ്ഞനത്തിനിടെ ബോട്ട് മറിഞ്ഞ് 11 മരണം, നാലു പേരെ കാണാനില്ല

Web Desk
Posted on September 13, 2019, 9:16 am

ഭോപ്പാല്‍: ഗണപതി വിഗ്രഹം നിമഞ്ജനം ചെയ്യുന്നതിനിടെ  ഭോപ്പാലില്‍ ബോട്ട് മറിഞ്ഞ് 11 പേര്‍ മരിച്ചു. നാലു പേരെ കാണാതായി. പുലര്‍ച്ചെ ഭോപ്പാല്‍ നഗരത്തിലെ ഖട്ട്‌ലപുര ക്ഷേത്ര ഗാട്ടിലാണ് അപകടമുണ്ടായത്. ഒരുപാട് പേര്‍ ഒരുമിച്ച് ബോട്ടില്‍ കയറിയതാണ് അപകടത്തിന് കാരണം. അപകടത്തില്‍പ്പെട്ട ഒമ്പത് പേരെ രക്ഷപ്പെടുത്തി.

വിഗ്രഹങ്ങള്‍ നിമജ്ഞനം ചെയ്യുന്ന ഖട്‌ലാപുര ഘട്ടിന് സമീപമാണ് ഒരു ബോട്ട് മുങ്ങിയത്. ഇതിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ടാമത്തെ ബോട്ട് മുങ്ങിയത്. രക്ഷപ്പെട്ടവരുടെ നില മെച്ചപ്പെട്ടു. മൃതദേഹങ്ങള്‍ ഹമിദീയ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി നീക്കി.സംഭവം നിര്‍ഭാഗ്യകരമാണെന്ന് സംസ്ഥാന നിയമമന്ത്രി പി സി ശര്‍മ പ്രതികരിച്ചു. അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ വീതം നല്‍കുമെന്ന് കളക്ടര്‍ അറിയിച്ചു. ഇതില്‍ അന്‍പതിനായിരം രൂപ അടിയന്തര സഹായമായി അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം വീതം നല്‍കുമെന്ന് മധ്യപ്രദേശ് നിയമമന്ത്രി പി സി ശര്‍മ അറിയിച്ചു.