August 7, 2022 Sunday

Related news

July 31, 2022
July 29, 2022
July 4, 2022
June 27, 2022
June 21, 2022
May 19, 2022
April 21, 2022
April 16, 2022
April 13, 2022
April 13, 2022

കർഷക പ്രക്ഷോഭം: ചർച്ച അലസിപിരിഞ്ഞു

സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി
January 22, 2021 5:34 pm

മോഡി സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷോഭം നയിക്കുന്ന കർഷക സംഘടനാ പ്രതിനിധികളും കേന്ദ്രസര്‍ക്കാരും തമ്മില്‍ നടത്തിയ പതിനൊന്നാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടു. കേന്ദ്രത്തിന്റെ കര്‍ഷക ദ്രോഹനിയമങ്ങള്‍ പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടില്‍ കര്‍ഷകര്‍ ഉറച്ചുനിന്നു. എന്നാല്‍ നിയമങ്ങളില്‍ വിട്ടുവീഴ്ച്ചയ്ക്കില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വാദം. വിജ്ഞാന്‍ ഭവനിലാണ് ചര്‍ച്ച നടന്നത്. സമരം ശക്തമായി തുടരുമെന്നും കർഷക നേതാക്കൾ പ്രഖ്യാപിച്ചു. റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ ട്രാക്ടര്‍ റാലിയും നടത്തും.
അടുത്ത യോഗതീയതി പോലും നിശ്ചയിക്കാതെയാണ് പതിനൊന്നാം വട്ട ചർച്ച അലസിപിരിഞ്ഞത്. കാർഷിക നിയമങ്ങൾ ഒന്നര വർഷം വരെ മരവിപ്പിക്കാമെന്ന നിർദ്ദേശം തള്ളിയത് പുനഃപരിശോധിക്കണമെന്ന് കേന്ദ്രസർക്കാർ കർഷക സംഘടനകളോട് ആവശ്യപ്പെട്ടു. കേന്ദ്രം മുന്നോട്ടുവച്ചതിനേക്കാൾ മികച്ച നിർദ്ദേശമുണ്ടെങ്കിൽ അക്കാര്യം അറിയിക്കാമെന്നും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമർ പറഞ്ഞു.

റിപ്പബ്ലിക് ദിനത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് നാളെ ഉച്ചയ്ക്ക് പന്ത്രണ്ടിന് വിജ്ഞാൻ ഭവൻ സീൽ ചെയ്യും. എന്തെങ്കിലും നിദ്ദേശമുണ്ടെങ്കിൽ അതിന് മുൻപ് അറിയിച്ചാൽ പ്രത്യേക ചർച്ചയാകാമെന്നും നരേന്ദ്രസിങ് തോമർ വ്യക്തമാക്കി. സര്‍ക്കാര്‍ നിര്‍ദ്ദേശം തള്ളിയ കര്‍ഷകര്‍ നിയമം പിന്‍വലിക്കുക എന്ന നിലപാടില്‍ ഉറച്ചു നിന്നതിന് പുറമെ മിനിമം താങ്ങുവിലയ്ക്ക് നിയമ പരിരക്ഷ ഉറപ്പാക്കണമെന്ന നിലപാടും തുടര്‍ന്നു.

ഇതോടെ, കേന്ദ്രം നിലപാട് കടുപ്പിച്ചു. ഇതിൽ കൂടുതൽ വഴങ്ങാനാവില്ലെന്ന് വ്യക്തമാക്കിയ കേന്ദ്രമന്ത്രിമാർ വീണ്ടും ചർച്ചയ്ക്കിരിക്കണമെങ്കിൽ കർഷക സംഘടനകൾക്ക് തീയതി അറിയിക്കാമെന്ന് അറിയിച്ച് പുറത്തേക്ക് പോയി. വിഷയം ചർച്ച ചെയ്യുമെന്ന് കർഷക നേതാക്കൾ വ്യക്തമാക്കി. ഇന്നലെ ഉച്ചതിരിഞ്ഞ് ഒരു മണിക്ക് തുടങ്ങിയ ചര്‍ച്ചകളുടെ ആദ്യപാദം 20 മിനിട്ടും ഇടവേളയ്ക്കു ശേഷമുള്ള രണ്ടാം പാദം 10 മിനിട്ടിലും ഒതുങ്ങി. ചര്‍ച്ചകള്‍ സമവായത്തിലെത്താതെ പിരിയുമ്പോള്‍ തുടര്‍ ചര്‍ച്ചകള്‍ക്ക് തീയതി നിശ്ചയിച്ച് പിന്‍മാറുന്ന പതിവു രീതിയും ഇന്നലത്തെ യോഗത്തില്‍ ഉണ്ടായില്ല. കഴിഞ്ഞ പത്ത് വട്ടം നടന്ന ചര്‍ച്ചകളിലും തുടര്‍ ചര്‍ച്ചകള്‍ക്ക് തീയതി നിശ്ചയിച്ചാണ് കര്‍ഷകരും കേന്ദ്ര സര്‍ക്കാരും പിരിഞ്ഞിരുന്നത്.

റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന കര്‍ഷക റാലി ഉജ്ജ്വലമായി നടത്തുന്നത് സംബന്ധിച്ച കാര്യങ്ങളാണ് തങ്ങൾ ഇനി ചർച്ച ചെയ്യുന്നതെന്ന് കര്‍ഷക സംഘടനാ നേതാവ് ബല്‍ബീര്‍ സിങ് രാജേവാള്‍ പറഞ്ഞു. സമാനതകളില്ലാത്ത ട്രാക്ടര്‍ റാലിയാകും സംഘടിപ്പിക്കുക. ഡല്‍ഹി ഔട്ടര്‍ റിങ് റോഡില്‍ നടത്തുന്ന ട്രാക്ടര്‍ റാലി സമാധാനപരമായിരിക്കും. പൊലീസിനെ ഇക്കാര്യം ധരിപ്പിച്ചിട്ടുണ്ട്. എന്തെങ്കിലും അക്രമ സംഭവം ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട് ഉണ്ടായാല്‍ കേന്ദ്ര സര്‍ക്കാരായിരിക്കും അതിന് ഉത്തരവാദിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ENGLISH SUMMARY: 11 th round dis­cus­sion is also failure

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.