രാജസ്ഥാനില്‍ 1,100 കോടി രൂപയുടെ ചിട്ടി തട്ടിപ്പ്

Web Desk
Posted on September 21, 2019, 1:00 pm

ജയ്പൂര്‍: രാജസ്ഥാന്‍ ആസ്ഥാനമായുള്ള സഹകരണ സംഘത്തിന് കീഴില്‍ നടന്ന 1,100 കോടി രൂപയുടെ ചിട്ടിതട്ടിപ്പ് പുറത്തായി. രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളിലായി 237 ശാഖകളുളള സഞ്ജീവനി വിവിധോദ്ദേശ്യ സഹകരണ സംഘത്തിലാണ് തട്ടിപ്പ് നടന്നത്. കഴിഞ്ഞ ആറ് മാസത്തിനിടെ രാജസ്ഥാനില്‍ നിന്ന് പുറത്തുവന്ന മൂന്നാമത്തെ വന്‍ ചിട്ടി തട്ടിപ്പാണ് ഇത്.

1,46,991 പേരിലുള്ള 953 കോടി രൂപയുടെ നിക്ഷേപങ്ങളിലാണ് രാജസ്ഥാന്‍ പൊലീസിന്റെ പ്രത്യേക സംഘം തട്ടിപ്പ് നടന്നതായി കണ്ടെത്തിയിരിക്കുന്നത്. 2015 നും 19 നുമിടയില്‍ സംഘത്തിന്റെ ചെയര്‍മാനും ചില ഉദ്യോഗസ്ഥരും ചേര്‍ന്ന് വ്യാജരേഖകളുണ്ടാക്കി വായ്പ നല്‍കിയതായി രേഖപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. നിക്ഷേപകരുടെ പണം ഉപയോഗിച്ച് റിയല്‍ എസ്‌റ്റേറ്റ് രംഗത്തും മരുന്ന് കമ്പനികളിലും നിക്ഷേപം നടത്തുകയും ചെയ്തു. ദക്ഷിണാഫ്രിക്കയിലും ന്യൂസിലാന്‍ഡിലും വരെ ഇവര്‍ ഭൂമി വാങ്ങിക്കൂട്ടിയതായി കണ്ടെത്തിയിട്ടുണ്ട്.

59,000 വ്യാജ വായ്പാ രേഖകളാണ് കണ്ടെത്തിയിരിക്കുന്നതെന്ന് പൊലീസ് സൂപ്രണ്ട് സത്യപാല്‍ മിധ പറഞ്ഞതായി ദി വയര്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടു ലക്ഷം രൂപ വീതം വായ്പ നല്‍കിയതായാണ് രേഖകളുണ്ടാക്കിയത്. രാജസ്ഥാനിലെ ബാര്‍മറിലുള്ള റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായ വിക്രം സിങാണ് തട്ടിപ്പിന് പിന്നിലെ ബുദ്ധികേന്ദ്രമെന്നും പൊലീസ് കണ്ടെത്തി. സിങ്ങിനും കൂട്ടാളികള്‍ക്കുമെതിരെ വിവിധ വകുപ്പുകളുപയോഗിച്ച് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. സഹകരണ സംഘത്തിന്റെ മുന്‍ ചെയര്‍മാന്‍മാരായ ദേവി സിങ്, ഷയിതന്‍ സിങ്, നിലവിലുള്ള ചെയര്‍മാന്‍ നരേഷ് സോണി, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കിഷന്‍ സിങ് എന്നിവരെ തട്ടിപ്പിന്റെ പേരില്‍ വ്യാഴാഴ്ച അറസ്റ്റ് ചെയ്യുകയും ചെയ്തു.