March 21, 2023 Tuesday

Related news

March 20, 2023
March 18, 2023
March 17, 2023
March 16, 2023
March 14, 2023
March 13, 2023
March 9, 2023
March 8, 2023
March 2, 2023
March 1, 2023

കൊറോണ: നിരീക്ഷണത്തിൽ 1116 പേർ

Janayugom Webdesk
March 9, 2020 11:06 pm

സംസ്ഥാനത്ത് ആറ് പേർക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രവര്‍ത്തനങ്ങളും നടപടിക്രമങ്ങളും ആരോഗ്യവകുപ്പ് ശക്തമാക്കി. പത്തനംതിട്ടയില്‍ അഞ്ച് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ മാർച്ച് ഏഴിന് ഇറ്റലിയില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തിയ കണ്ണൂര്‍ സ്വദേശിയായ മൂന്ന് വയസുള്ള കുട്ടിക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ ആരുടെയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ലെന്ന് മന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1116 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 967 പേര്‍ വീടുകളിലും 149 പേര്‍ ആശുപത്രികളിലുമാണ്. സംശയാസ്പദമായവരുടെ 807 സാമ്പിളുകള്‍ എന്‍ഐവിയില്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 717 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. ബാക്കിയുള്ള പരിശോധനാഫലം വരാനുണ്ട്.

വീട്ടിലെ നിരീക്ഷണത്തില്‍ കഴിയുന്ന അഞ്ച് വ്യക്തികളെ പരിഷ്കരിച്ച മാര്‍ഗരേഖ പ്രകാരം ഇന്നലെ ഒഴിവാക്കി. പത്തനംതിട്ടയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചവരുമായി പ്രാഥമിക സമ്പര്‍ക്കത്തിലേര്‍പ്പെട്ട 270 പേരെയും ദ്വിതീയ സമ്പര്‍ക്കത്തിലേര്‍പ്പെട്ട 449 പേരെയും കണ്ടെത്തി നിരീക്ഷണത്തിലാക്കിയതായും മന്ത്രി പറഞ്ഞു. പത്തനംതിട്ടയില്‍ നിരീക്ഷണത്തിലുള്ള കോവിഡ് 19 ബാധിച്ചയാളുടെ 90 വയസിന് മുകളില്‍ പ്രായമുള്ള രണ്ട് ബന്ധുക്കളുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചാല്‍ ബുദ്ധിമുട്ടാണ്. എറണാകുളം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള മൂന്നുവയസുകാരന്റെ അമ്മയുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ജില്ലയിലെ സ്വകാര്യ ആശുപത്രി അധികൃതരുടെ യോഗം ചേർന്ന് നിർദ്ദേശങ്ങൾ നൽകി.

പഴുതടച്ച പ്രവര്‍ത്തനമാണ് നടത്തിവരുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വാര്‍ഡ് മെമ്പര്‍മാരുടെയും ആശാ വര്‍ക്കര്‍മാരുടെയും സഹായത്തോടെ കോവിഡ് 19 രോഗ ബാധിത പ്രദേശങ്ങളില്‍ നിന്നും വന്നിട്ടുള്ളവരുണ്ടോയെന്ന് കണ്ടെത്താന്‍ സര്‍വയലന്‍സ് സിസ്റ്റം ശക്തിപ്പെടുത്തും. നഗര പ്രദേശത്ത് റസിഡന്‍സ് അസോസിസിയേഷന്റെ സഹായത്തോടെ ഈ നിരീക്ഷണം തുടരും. സാമ്പിളുകള്‍ പരിശോധിക്കാന്‍ തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളജുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. അടുത്ത ദിവസം തന്നെ ഇത് പ്രവര്‍ത്തനമാരംഭിക്കും. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കും സംസ്ഥാന തലത്തില്‍ തന്നെ വേഗത്തില്‍ തീരുമാനങ്ങളെടുക്കുവാനുള്ള അധികാരം നല്‍കുവാനായി കേരള സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

ടെസ്റ്റിംഗ് ലാബുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും കുവൈറ്റും സൗദി അറേബ്യയും പ്രവേശനത്തിനായി കൊറോണ സര്‍ട്ടിഫിക്കറ്റ് നിഷ്‌കര്‍ഷിക്കുന്നതുമായി ബന്ധപ്പെട്ട് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുവാനും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കുന്നകാര്യം മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കും. എസ്എസ്എല്‍സി പരീക്ഷയെഴുതാന്‍ പ്രത്യേക സംവിധാനം ഒരുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ബാക്കി ക്ലാസുകളുടെ കാര്യം വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് തീരുമാനിക്കും. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങളല്ലാതെ അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ ശക്തമായ നടപടിയെടുക്കും. മറ്റ് രാജ്യങ്ങളില്‍ നിന്നും വന്നവര്‍ അക്കാര്യം മറച്ചുവച്ചാല്‍ പബ്ലിക് ഹെല്‍ത്ത് ആക്ടനുസരിച്ച് കേസെടുക്കുമെന്നും മന്ത്രി പറഞ്ഞു.

Eng­lish Summary:1116 peo­ple under obser­va­tion in kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.