29 March 2024, Friday

Related news

January 17, 2024
July 25, 2023
June 23, 2023
July 20, 2022
May 21, 2022
April 11, 2022
March 31, 2022
March 14, 2022
February 7, 2022
January 23, 2022

കല്‍ക്കരി ക്ഷാമം; 115 താപനിലയങ്ങളുടെ പ്രവര്‍ത്തനം അനിശ്ചിതത്വത്തില്‍

Janayugom Webdesk
ന്യൂഡല്‍ഹി
October 12, 2021 8:08 pm

അതിരൂക്ഷമായ കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് രാജ്യത്തെ ഭൂരിഭാഗം താപനിലയങ്ങളുടെയും പ്രവര്‍ത്തനം അനിശ്ചിതത്വത്തില്‍. രാജ്യത്തെ 135 താപനിലയങ്ങളില്‍ 115 എണ്ണത്തിലും ഒരാഴ്ച വെെദ്യുതി ഉല്പാദിപ്പാക്കാനാവശ്യമായ കല്‍ക്കരി മാത്രമേ അവശേഷിക്കുന്നുള്ളൂ. സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റി ഓഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് കല്‍ക്കരി ക്ഷാമം രൂക്ഷമായി കൊണ്ടിരിക്കുകയാണെന്ന് തുറന്നുകാട്ടുന്നത്.

115 താപനിലയങ്ങളില്‍ 17 പ്ലാന്റുകളില്‍ ഒരു ദിവസത്തെ വെെദ്യുതി ഉല്പാദനത്തിന് ആവശ്യമായ കല്‍ക്കരി പോലും ശേഷിക്കുന്നില്ല. 26 പ്ലാന്റുകളില്‍ ഒരു ദിവസത്തെ പ്രവര്‍ത്തനം മാത്രമേ ഇനി നടക്കൂ. 22 എണ്ണത്തില്‍ രണ്ട് ദിവസത്തേക്കും 50 താപനിലയങ്ങളില്‍ മൂന്ന് മുതല്‍ ആറ് ദിവസം വെെദ്യുതി ഉല്പാദിപ്പിക്കുന്നതിന് ആവശ്യമായ കല്‍ക്കരിയും മാത്രമാണ് അവശേഷിക്കുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്നുള്ള വെെദ്യുത പ്രതിസന്ധി കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ആന്ധ്രപ്രദേശ്, തമിഴ്‌നാട്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ പവര്‍കട്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മഹാരാഷ്‌ട്ര, പഞ്ചാബ്, രാജസ്ഥാന്‍, ഡല്‍ഹി, കേരളം തുടങ്ങിയ സംസ്ഥാനങ്ങള്‍ വെെദ്യുതി നിയന്ത്രണം നടപ്പാക്കേണ്ടിവരുമെന്ന് മുന്നറിയിപ്പും നല്‍കി കഴിഞ്ഞു.

വൈദ്യുതിയുടെ വർധിച്ച ആവശ്യവും സെപ്റ്റംബറിൽ ഖനന മേഖലകളിൽ പെയ്ത കനത്ത മഴയുമാണ് കൽക്കരി ക്ഷാമത്തിന് കാരണമായതെന്ന് കേന്ദ്ര വൈദ്യുതി മന്ത്രാലയം പറയുന്നു. എന്നാൽ സാഹചര്യം ഗുരുതരമല്ലെന്ന് കേന്ദ്ര വൈദ്യുതി സെക്രട്ടറി അലോക് കുമാർ തിങ്കളാഴ്ച അവകാശപ്പെട്ടിരുന്നു. ചില സംസ്ഥാനങ്ങളുടെ ചില പ്രദേശങ്ങളില്‍ പ്രശ്നങ്ങളുണ്ടെന്നും എന്നാൽ മൊത്തത്തിൽ സ്ഥിതി നിയന്ത്രണത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജസ്ഥാൻ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ കൽക്കരി കമ്പനികൾക്കുള്ള കുടിശ്ശിക അടിച്ചിട്ടില്ലെന്നും അക്കാരണത്താലാണ് അവിടങ്ങളിൽ വിതരണം തടസപ്പെട്ടതെന്നും അലോക് കുമാർ ആരോപിച്ചു.

പവര്‍ പ്ലാന്റുകളുടെ പ്രവര്‍ത്തനം കെെകാര്യം ചെയ്തതിൽ വീഴ്ച

വൈദ്യുതി പ്രതിസന്ധിയുടെ സാഹചര്യത്തില്‍ കേന്ദ്ര വെെദ്യുതി മന്ത്രി ആർ കെ സിങും കൽക്കരി മന്ത്രി പ്രഹ്ലാദ് ജോഷിയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തി. കൽക്കരിയുടെയും വൈദ്യുതിയുടെയും ലഭ്യതയെക്കുറിച്ച് പ്രധാനമന്ത്രിയോട് സൂചിപ്പിക്കുകയും ചെയ്തു.
താപനിലയങ്ങളുടെ പ്രവര്‍ത്തനം പൂര്‍വസ്ഥിതിലാക്കുന്നതിനും വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനുമായി കൽക്കരി ഇറക്കുമതി വര്‍ധിപ്പിക്കാന്‍ തീരുമാനമായതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഈ വര്‍ഷം ഏപ്രില്‍ മുതല്‍ പവര്‍ പ്ലാന്റുകളുടെ പ്രവര്‍ത്തനം കെെകാര്യം ചെയ്തതിൽ അപാകതയുണ്ടായതായി രണ്ട് മന്ത്രിമാരും പ്രധാനമന്ത്രിയോട് വിശദീകരിച്ചതായി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
അതേസമയം പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയാണെന്നും ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും പ്രഹ്ലാദ് ജോഷി അഭ്യര്‍ത്ഥിച്ചു. മഴയും അന്താരാഷ്ട്ര വിപണിയിലെ വിലനിര്‍ണയവും കാരണം കല്‍ക്കരിക്ക് ക്ഷാമമുണ്ടായിരുന്നു. അതുകൊണ്ട് ഇറക്കുമതി ചെയ്ത കൽക്കരി ഉപയോഗിക്കുന്ന പ്ലാന്റുകൾ 20 ദിവസത്തേക്ക് അടച്ചിടേണ്ടിവന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry : 115 ther­mal pow­er plants in cri­sis due to coal scarcity

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.