തിരുവനന്തപുരം: കേരളത്തിലെ പാവപ്പെട്ട ക്ഷേമപെൻഷൻകാരുടെ കൈകളിൽ ക്രിസ്മസിന് മുൻപ് സർക്കാർ നൽകിയത് 1,152 കോടി രൂപ. കടുത്ത സാമ്പത്തിക ഞെരുക്കത്തിനിടെയാണ് ക്രിസ്മസ്-പുതുവസ്തര ആഘോഷങ്ങളുടെ ഭാഗമായി 2,400 രൂപ വീതം രണ്ട് മാസത്തെ ക്ഷേമപെൻഷൻ സർക്കാർ വിതരണം ചെയ്തത്. മസ്റ്ററിംഗ് നടപ്പാക്കിയപ്പോൾ ക്രിസ്മമസിന് മുൻപ് പെൻഷൻ കിട്ടുമോ എന്ന ആശങ്ക ഇതോടെ പരിഹരിക്കപ്പെട്ടു. എന്തെങ്കിലും സാങ്കേതികപ്രശ്നം കാരണം ആർക്കെങ്കിലും കിട്ടിയില്ലെങ്കിൽ, വരും ദിവസങ്ങളിൽ നിശ്ചയമായും പണം അക്കൗണ്ടിലെത്തിക്കാനുള്ള നടപടികളും ധനവകുപ്പ് ചെയ്തിട്ടുണ്ട്.
കേരളത്തെ സംബന്ധിച്ചിടത്തോളം അർഹമായ കേന്ദ്ര ഫണ്ട് നൽകാതെയും മറ്റു പലതരത്തിൽ സാമ്പത്തികമായി ഞെരുക്കാൻ ആസൂത്രിതമായ ശ്രമങ്ങൾ ഒരു ഭാഗത്ത് നടക്കുമ്പോൾ, മറുഭാഗത്ത് കേരളത്തിന്റെ രാഷ്ട്രീയ ചുമതലയായ ക്ഷേമപെൻഷൻ വിതരണം നിർവ്വഹിക്കുകയെന്ന ബാധ്യതയാണ് നിറവേറ്റുന്നത്. എത്രയൊക്കെ സാമ്പത്തിക ഞെരുക്കമുണ്ടായാലും പാവങ്ങൾക്കുള്ള ക്ഷേമപെൻഷൻ യഥാസമയം വിതരണം ചെയ്യണമെന്നത് എൽഡിഎഫ് സർക്കാരിന്റെ പ്രഖ്യാപിത നയമാണ്. ആ വികാരം തൊട്ടറിയാൻ എൽഡിഎഫ് സർക്കാരിന് കഴിയുന്നുണ്ടെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക് പറഞ്ഞു.
രണ്ടു മാസത്തെ തുക കുടിശിക ചേർത്ത് അടുത്ത പെൻഷൻ കാലമായ ഏപ്രിലിൽ വിതരണം ചെയ്യും. ഡിസംബർ 15ന് മസ്റ്ററിംഗ് താൽക്കാലികമായി നിർത്തിവയ്ക്കുമ്പോൾ 47,20,003 സാമൂഹ്യസുരക്ഷാ പെൻഷൻ ഗുണഭോക്താക്കളിൽ 41,26,813 പേർ മസ്റ്റിംഗ് വിജയകരമായി പൂർത്തിയാക്കിയിരുന്നു. 2,89,175 പേരാണ് കിടപ്പുരോഗികളായ ഗുണഭോക്താക്കൾ. ഇതിൽ 1,91,906 പേരുടെ മസ്റ്ററിംഗ് പൂർത്തിയായിട്ടുണ്ട്. ബാക്കിയുള്ളവർ പഞ്ചായത്തിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുകയും എഴുതിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്. അവരെകൂടി സാധുവായ പെൻഷൻകാരായി കണക്കാക്കും.
കിടപ്പുരോഗികളായ മുഴുവൻ പേരെയും അർഹരായ പെൻഷൻകാരായി കണക്കാക്കിക്കഴിഞ്ഞാൽ 3,04,015 പേരാണ് മസ്റ്ററിംഗിലേയ്ക്ക് വരാത്തത്. ഇത് ആകെ സാമൂഹ്യസുരക്ഷാ പെൻഷൻ ഗുണഭോക്താക്കളുടെ 6.5 ശതമാനം വരും. മസ്റ്ററിംഗിൽക്കൂടി പരിശോധിക്കപ്പെട്ടത് മരണമടഞ്ഞവരോ പുനർവിവാഹിതരോ പൂർണ്ണമായും സ്ഥലത്ത് ഇല്ലാത്തവരോ ആയ പെൻഷൻകാരുടെ മാത്രം കാര്യമാണ്. മറ്റുതരത്തിൽ അനർഹരായവരെ ഈ പ്രക്രിയയിൽക്കൂടി കണ്ടെത്താൻ കഴിയാത്തതിനാൽ തുടർനടപടികൾ സ്വീകരിക്കും.
28 ക്ഷേമനിധികളിലായി 10,43,981 പേരാണ് ആകെ പെൻഷൻകാർ. ഇതിൽ 7,37,432 പേർ മസ്റ്ററിംഗ് പൂർത്തിയാക്കി. 3,06,549 പേരാണ് മസ്റ്ററിംഗ് പൂർത്തിയാക്കാനുള്ളത്. യഥാർത്ഥത്തിൽ മസ്റ്ററിംഗ് ചെയ്യാനുള്ള ഗുണഭോക്താക്കൾ ഇനിയുമുണ്ട്. ഇവർക്ക് മസ്റ്ററിംഗ് ചെയ്യുന്നതിനുള്ള സൗകര്യം ഡിസംബർ 23നുശേഷം ഉണ്ടാകും. സാമൂഹ്യസുരക്ഷാ പെൻഷനും ക്ഷേമനിധി പെൻഷനുംകൂടി ആകെ ഗുണഭോക്താക്കൾ 57,63,984 പേരാണ്. മസ്റ്ററിംഗിലേയ്ക്ക് വരാത്തവരുടെ ആകെ എണ്ണം 6,10,564 ആണ്. ഇതിൽ രണ്ട് ലക്ഷം പേർകൂടി ഇനിയും വരുമെന്ന് അനുമാനിച്ചാലും 4,10,564 പേർ ഏതാണ്ട് തീർത്തും അനർഹരായവർ പെൻഷൻ കൈപ്പറ്റിയെന്നാണ് നിഗമനം.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.