September 26, 2022 Monday

പറയാതിനിവയ്യ,പറയാനും വയ്യ…

പി എ വാസുദേവൻ
കാഴ്ച
November 28, 2020 3:00 am

പി എ വാസുദേവൻ

വനവനോട് തന്നെ എതിര്‍ക്കുകയെന്നത് മൗലികാവകാശമാണെന്ന് ബോദ്‌ലയര്‍ പറഞ്ഞത് അവകാശ സംസ്ഥാപനത്തിന്റെ അവസാന രൂപമായാണ്. സ്വാതന്ത്ര്യം, എതിര്‍പ്പ്, വിമര്‍ശനം എന്നിവയ്ക്കുള്ള അവകാശം ജനാധിപത്യത്തിന്റെ അടിസ്ഥാനപ്രമാണമാണ്. എന്നാല്‍ ഇന്ന് ഇന്ത്യയില്‍ ഏറ്റവുമധികം അമര്‍ത്തിവയ്ക്കപ്പെടുന്നത് ഇതൊക്കെയാണ്. ജനാധിപത്യത്തില്‍ നിന്ന് ഏകാധിപത്യത്തിലേക്കുള്ള തിരിച്ചുനടത്തത്തിന്റെ ശക്തമായ സൂചനകളാണിതു തരുന്നത്. അതിന്റെ ചില വര്‍ത്തമാന സൂചനകള്‍ പരിശോധിക്കേണ്ടതുണ്ട്. പൊലീസ് നിയമഭേദഗതി സംബന്ധിച്ച് കേരളം കൊണ്ടുവന്ന ഓര്‍ഡിനന്‍സ് അഭിപ്രായ സ്വാതന്ത്ര്യത്തിനും നിഷ്പക്ഷ മാധ്യമപ്രവര്‍ത്തനത്തിനും വിഘാതമാണെന്നാരോപിച്ച് വന്‍ ചര്‍ച്ചകള്‍ വളർന്നുവന്നു. ദേശീയതലത്തില്‍ വരെ എത്തിയ ഈ പ്രശ്നം ഭരണഘടനാവിരുദ്ധമാണെന്ന് വിദഗ്ധരും സാംസ്കാരിക, സാമൂഹിക ജീവിതത്തിലെ തുറന്നുപറയലുകള്‍ തടയുമെന്നും നിരീക്ഷണങ്ങളുണ്ടായി. പുതിയ ഓര്‍ഡിനന്‍സിന്റെ ദുരുപയോഗം തടയുമെന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവന. അതില്‍ത്തന്നെ ദുരുപയോഗ സാധ്യതയ്ക്കുള്ള സൂചനയായി വന്നു. അതല്ല ഈ പ്രബന്ധത്തിലെ വിഷയം.

വളരെ കുറച്ചുപേര്‍ മാത്രം വായിച്ചിരിക്കാനിടയുള്ള ഒരു ലേഖനത്തെ, പൊതുശ്രദ്ധയിലെത്തിക്കാനാണ് ഈ സംഗ്രഹം. സംസാരിക്കാനും പ്രതിഷേധിക്കാനും ഉള്ള അധികാരം ഇന്നെങ്ങനെ നിഹനിക്കപ്പെടുന്നു എന്ന വിഷയത്തെക്കുറിച്ച് മദന്‍ ഭീം റാവു ലോക്കൂര്‍, ഇപിഡബ്ല്യു വാരികയില്‍ (2020 നവംബര്‍ ഏഴ്) പ്രസിദ്ധീകരിച്ച ഒരു ലേഖനമാണ് ഇതിനാധാരം. മുന്‍പ് സുപ്രീംകോടതി ജഡ്ജിയായിരുന്നു അദ്ദേഹം. സംസാര സ്വാതന്ത്ര്യമെന്താണ്. അതെപ്പോള്‍ ദേശദ്രോഹപരമാവാം അഥവാ ദേശദ്രോഹപരമാക്കാം. എതിര്‍പ്പിനെ എങ്ങനെ വ്യാഖ്യാനിച്ച് ദേശദ്രോഹമാക്കാം തുടങ്ങിയ കാര്യങ്ങളാണദ്ദേഹം ഇതില്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്. വര്‍ത്തമാന ഇന്ത്യയില്‍ അതീവ പ്രസക്തമായ ലേഖനമായി തോന്നിയതുകൊണ്ടാണ്, പൊതുശ്രദ്ധയില്‍ കൊണ്ടുവരുന്നത്.

സംസാരത്തിനും പ്രകാശനത്തിനും മര്യാദ, പൊതുധര്‍മ്മം, ദേശത്തിന്റെ ഭദ്രത, ധാര്‍മ്മികത തുടങ്ങിയ നിയന്ത്രണങ്ങളുണ്ടാവാമെങ്കിലും അവയൊക്കെ നിയമപരമായ നിയന്ത്രണങ്ങളായിരിക്കണം. നിയന്ത്രണങ്ങള്‍ ന്യായയുക്തമായ പാര്‍ലമെന്റ് നിയമങ്ങള്‍ക്കു വിധേയമായില്ലെങ്കില്‍ ജനാധിപത്യം അപ്രസക്തമാവും. നിയമത്തെ വസ്തുതാപരമായി വ്യാഖ്യാനിക്കാതെ വളച്ചൊടിച്ചാല്‍ സംസാരസ്വാതന്ത്ര്യം നിഹനിക്കപ്പെടും. ഉത്തരവാദിത്തത്തോടെയുള്ള എഴുത്തും സംസാരങ്ങളും പലപ്പോഴും ദുര്‍വ്യാഖ്യാനവിധേയമാവുകയും ശിക്ഷയിലെത്തുകയും ചെയ്യും. പിന്നീട് കുറ്റക്കാരനല്ലെന്നു കണ്ടെത്തിയാലും അനുഭവിച്ച ശിക്ഷയ്ക്ക് ഒന്നും പകരമാവുന്നില്ല. ദേശദ്രോഹ കുറ്റത്തിന്റെ ചെറിയ ലാഞ്ചനപോലും സംസാരിക്കാനുള്ള അവകാശത്തിനു ഭീഷണിയാണ്. പൊതുവ്യവസ്ഥയെ തകരാറിലാക്കുന്നില്ലെങ്കിലൊ, സര്‍ക്കാരിനെ മനഃപൂര്‍വ്വം അപമാനിക്കുന്നില്ലെങ്കിലോ, അക്രമത്തിന് പ്രേരിപ്പിക്കുന്നില്ലെങ്കിലോ, ഒരു വ്യക്തിക്ക് സംസാരിക്കാനും പ്രകാശനത്തിനും പൂര്‍ണ്ണസ്വാതന്ത്ര്യമുണ്ടെന്ന് 1962ല്‍ സുപ്രീംകോടതി ഒരു വിധിയില്‍ പറഞ്ഞിരുന്നു.

അതേസമയം പൊതുവ്യവസ്ഥയെ വ്യാപകമായി അക്രമത്തിലെത്തിക്കുന്നത് ദേശദ്രോഹമാവുമെന്നും പരാമര്‍ശമുണ്ടായിരുന്നു. അക്രമവും ദേശദ്രോഹവും തമ്മിലുള്ള ബന്ധവും ബന്ധവിച്ഛേദവും നിയമവും ക്രമസമാധാന വ്യവസ്ഥയും കണിശമായി പരിശോധിക്കണമെന്ന് ജസ്റ്റിസ് ലോക്കൂര്‍ നിഷ്കര്‍ഷിക്കുന്നു. അതിനദ്ദേഹം കുറേ ഉദാഹരണങ്ങളും നിരത്തുന്നുണ്ട്. എന്തായാലും ഒരു സര്‍ക്കാരിന്റെ പക്ഷപാതത്തിനോ നിയമം നടപ്പിലാക്കുന്നവരുടെ അറിവുകേടിനോ, ദുര്‍വ്യാഖ്യാനം ചെയ്യാനുള്ള അവസരം, ജനാധിപത്യത്തിന്റെ കാതലിനെ തന്നെ തകര്‍ക്കും. അതിനുദാഹരണങ്ങള്‍ ഇന്ത്യയില്‍ ഇന്ന് ആവോളമുണ്ട്. നിര്‍ഭയ കേസില്‍, പ്രതിഷേധിക്കാനായി ഇന്ത്യാ ഗേറ്റില്‍ വന്‍ ജനാവലി ഒത്തുകൂടിയത് രാജ്യദ്രോഹമോ, അക്രമമോ ആയിരുന്നില്ല. ഒരു ജനാധിപത്യ പ്രകാശനമായിരുന്നു. അഴിമതിക്കെതിരെ രാംലീലാ മെെതാനത്തില്‍ നടന്ന ഒത്തുചേരലും രാജ്യദ്രോഹമായിരുന്നില്ല. എന്നാല്‍ അധികാരികള്‍ക്ക് സൗകര്യം പോലെ, പല പ്രവൃത്തികളും രാജ്യദ്രോഹമായി വ്യാഖ്യാനിച്ച്, പ്രതികളെ ജയിലിലടയ്ക്കാനാവുമെന്നതിന്, അസിം ത്രിവേദി എന്ന കാര്‍ട്ടൂണിസ്റ്റിന്റെ അനുഭവം ഉദാഹരണമാണ്. പിന്നീടദ്ദേഹത്തെ വിട്ടയച്ചെങ്കിലും ഭാവിയില്‍ കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് അതൊരു രാഷ്ട്രീയതാക്കീതായി.

ഫലത്തില്‍, നിയമത്തിന്റെ വ്യാഖ്യാന സാധ്യതകളുപയോഗിച്ച് ഏതു സംഭാഷണവും, ട്വീറ്റുകളും രാജ്യദ്രോഹമായി വ്യാഖ്യാനിക്കാനാവും. സ്വയം പ്രകാശനത്തിനുള്ള സ്വാതന്ത്ര്യം എന്ന അവകാശത്തിന്റെ ദുര്‍ബലമായ അവസ്ഥയാണിതു വ്യക്തമാക്കുന്നത്. നിയമ ദുര്‍വ്യാഖ്യാനത്തിന്റെ സവിശേഷ സന്ദര്‍ഭങ്ങള്‍ങ്ങള്‍ ജ.ലോക്കൂര്‍ പറയുന്നു. ആര്‍ക്കെങ്കിലും വിരോധത്തിന്റെ പേരില്‍ നിങ്ങള്‍ക്കെതിരെ ഒരു കള്ളക്കേസ് കൊടുക്കാം. പൊലീസുമായി ഒത്ത് അറസ്റ്റ് സംഭവിക്കുന്നു. പിന്നെ കേസ്, കോടതി, തടവ് എല്ലാം കഴിഞ്ഞ് വിട്ടാല്‍ത്തന്നെ അതിന്റെ ദുരിതവും മാനനഷ്ടവും നിങ്ങള്‍ അനുഭവിക്കും. പൊലീസിനെതിരെ കേസൊന്നുമില്ലതാനും. അലിഗഢ് യൂണിവേഴ്സിറ്റിയില്‍ പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് പ്രസംഗിച്ചതിന് അറസ്റ്റിലായ ഡോ. കഫീല്‍ഖാന്റെ ഉദാഹരണമാണ് ജ. ലോക്കൂര്‍ ഉദാഹരണമാക്കുന്നത്. ജാമ്യം കൊടുത്തെങ്കിലും ദേശീയ സുരക്ഷ നിയമപ്രകാരം വീണ്ടും അറസ്റ്റിലായി. വിചാരണ പോലുമില്ലാത്ത തടവ്. ഭാവിയില്‍ അയാള്‍ വിദ്രോഹിയാവാമെന്ന അനുമാനത്തില്‍ ജയിലിലടയ്ക്കാന്‍ വകുപ്പുണ്ടത്രെ. പിന്നീട് അലഹബാദ് ഹെെക്കോടതിയില്‍ കരുതല്‍ തടവ് ചലഞ്ച് ചെയ്താണ് ആറ് മാസം തടവില്‍ കിടന്ന ശേഷം അയാള്‍ രക്ഷപ്പെട്ടത്. ആദ്യം ജയിലിലടയ്ക്കാന്‍ തീരുമാനിക്കുക, പിന്നെ നിമയം ദുര്‍വ്യാഖ്യാനം ചെയ്യുക.

ഏതൊരു ജനാധിപത്യത്തിലും ഇതൊക്കെ സംഭവിക്കാമെന്നു ഭയക്കണം. ഇന്ത്യയില്‍ തന്നെ അടിയന്തരാവസ്ഥയില്‍ നാമിത് അനുഭവിച്ചതാണ്. പ്രഗത്ഭരായ പല നേതാക്കളും ദേശദ്രോഹികളായി ജയിലിലെത്തി. അതുകൊണ്ട് ദേശദ്രോഹം, നിയമലംഘനം, നിയമപരിപാലനം എന്നീ കാര്യങ്ങള്‍ കെെകാര്യം ചെയ്യുമ്പോള്‍ ഒരു ജനാധിപത്യം അതിന്റെ സൂക്ഷ്മത സംരക്ഷിക്കണം. മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്കുമ്പോഴും ദേശദ്രോഹ വിചാരണയ്ക്കു പാത്രമാകാവുന്നതാണ്. ഇത് അതിരുകടന്നാല്‍ മാധ്യമ സ്വാതന്ത്ര്യമേ ഇല്ലാതാവും. പൊതുമനസ് സത്യമറിയാവാനാവാത്ത ഇരുട്ടിലുമാവും. അതുകൊണ്ട് മാധ്യമനിയന്ത്രണവും വളരെ സൂക്ഷ്മതയോടെ നിഷ്‌പക്ഷമായേ ചെയ്യാനാവൂ. സര്‍ക്കാരിനെ വിമര്‍ശിക്കുന്ന വാര്‍ത്തയോ, എഡിറ്റോറിയലോ, എത്ര തന്നെ വസ്തുനിഷ്ഠമായാലും കള്ള വാര്‍ത്തയായാലും ദേശദ്രോഹപ്രവര്‍ത്തനമായി വ്യഖ്യാനിക്കാനാവും. സ്വതന്ത്രചിന്തയും, പ്രകാശനവുമാണിവിടെ നിഹനിക്കപ്പെടുക. കോവിഡ് 19 രോഗികള്‍ പാര്‍ക്കുന്ന ഇടത്തില്‍ വെന്റിലേറ്റര്‍ ഇല്ലെന്ന് എഴുതിയ പഞ്ചാബിലെ സമര്‍ജീത് സിങ്ങിനെതിരെ ദേശദ്രോഹകുറ്റമാണ് ചാര്‍ത്തിയത്. എത്ര എളുപ്പം തിരുത്തുകയോ, നിരസിക്കുകയോ ചെയ്യാവുന്ന വാര്‍ത്തയാണിത്.

അടിയന്തരാവസ്ഥയില്‍ പത്രങ്ങള്‍ മുട്ടില്‍ ഇഴഞ്ഞുവെന്ന് പറഞ്ഞത് എല്‍ കെ അഡ്വാനിയായിരുന്നു. ഇന്നോ? ദേശദ്രോഹം നിശ്ചയിക്കേണ്ടത് വെറുതെ കേസെടുത്ത് ദ്രോഹിക്കുന്ന പൊലീസോ, ഭരണക്കാരുടെ ഹുങ്കോ അല്ല. മുദ്രാവാക്യം വിളിച്ച ഒരു ബംഗളൂരുകാരി പെണ്‍കുട്ടിയെ ദേശദ്രോഹ നിയമപ്രകാരം ജയിലിലിട്ടു. മുദ്രാവാക്യം ഉയര്‍ത്തല്‍ ‘സെഡിഷന്‍’ അല്ലെന്ന് നേരത്തെ സുപ്രീംകോടതി പറഞ്ഞിരുന്നു.

ശ്രദ്ധിക്കണം. സംസാരിക്കാനും ‘എക്സ്പ്രഷനും’ ഉള്ള അവകാശമാണ് ജനാധിപത്യം. ഈ സാഹചര്യത്തില്‍ ജ. ലോക്കൂറിന്റെ പ്രബന്ധം പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു.

പണ്ട് ഇദി അമീന്‍ പറഞ്ഞ ഒരു വാചകം ശ്രദ്ധിക്കണം. ‘നിങ്ങള്‍ക്ക് സംസാരിക്കാനുള്ള സ്വാതന്ത്ര്യം തരാം. പക്ഷെ സംസാരത്തിനുശേഷം സ്വാതന്ത്ര്യം ഉറപ്പുതരാനാവില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.