Web Desk

തിരുവനന്തപുരം

March 20, 2020, 7:07 pm

കേരളത്തിൽ 12 പേർക്ക് കൂടി കൊറോണ; കാസർഗോഡ് മാത്രം 6 പേർക്ക് വൈറസ് ബാധ

Janayugom Online

സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കൂടി കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. കാസർകോട് ആറുപേർക്കും എറണാകുളത്ത് അഞ്ചും പാലക്കാട് ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 40 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 37 പേരാണ് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് 44,390 പേർ നിരീക്ഷണത്തിലുണ്ട്. 44,165 പേർ വീടുകളിലും 225 പേർ ആശുപത്രികളിലും.

ഇന്ന് മാത്രം 56 പേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 13,632 പേർ ഇന്ന് പുതുതായി നിരീക്ഷണത്തിലെത്തി. 5,570 പേരെ രോഗബാധയില്ലെന്ന് കണ്ടെത്തി നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 3,436 സാമ്പിളുകൾ പരിശോധിച്ചതിൽ 2,393 എണ്ണം രോഗബാധ ഇല്ലെന്ന് ഉറപ്പാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

എറണാകുളത്ത് വിനോദ സഞ്ചാരികളായ അഞ്ച് ബ്രിട്ടീഷ് പൗരന്മാർക്കും യുകെയിൽ നിന്നും എത്തിയ പാലക്കാട് സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കാസർകോട് ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ രണ്ടുപേർ നേരത്തെ രോഗബാധ സ്ഥിരീകരിച്ചവരുടെ ബന്ധുക്കളാണ്. രണ്ടുപേർ ദുബായിൽ നിന്നും എത്തിയവരും. മറ്റു രണ്ടുപേരുടെ വിവരങ്ങൾ ശേഖരിച്ചുവരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് പുതുതായി 12 പേർക്ക് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്ഥിതി അതീവ ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയന്ത്രണങ്ങൾ സർക്കാർ ആവർത്തിച്ച് ആവശ്യപ്പെടുമ്പോഴും സന്നദ്ധരാകാത്തവർ സൃഷ്ടിക്കുന്ന വിനയാണ് ഇത് സൂചിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആപത്തുണ്ടാവുന്ന സാഹചര്യത്തിൽ നിലപാട് കടുപ്പിക്കേണ്ടി വരുമെന്നും ശക്തമായ നടപടികളിലേക്ക് നീങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാവരും സഹകരിക്കാൻ മനസുള്ളവരാണ്. എന്നാൽ ചിലർ ചില കാര്യങ്ങളിൽ കാണിക്കുന്ന അമിതാവേശം സമൂഹത്തിന് ഒന്നാകെ വിഷമമുണ്ടാക്കുന്നുണ്ട്. ഭൂരിഭാഗം സ്ഥലങ്ങളിലും നല്ല സഹകരണം ഉണ്ടായി. ചില കേന്ദ്രങ്ങളിൽ വിവിധ ആഘോഷങ്ങൾ, മത്സര പരിപാടികൾ നടക്കുന്നുണ്ട്. ഇവ ഒഴിവാക്കണം. ഇത്തരം കാര്യങ്ങളിൽ അഭ്യർത്ഥനമാത്രമാണ് ഇതുവരെ സ്വീകരിച്ചത്. രണ്ട് എംഎൽഎമാർ നിരീക്ഷണത്തിലായിട്ടുണ്ട്. രോഗം വന്നവരെ സംരക്ഷിക്കുക, രോഗബാധ തടയുക എന്ന സർക്കാർ നടപടിക്ക് സഹകരണം ആവശ്യമാണ്. നിയന്ത്രണങ്ങൾ പാലിക്കാത്തത് പൊതുവിൽ പ്രതിസന്ധിയിലേക്ക് നയിക്കും. ഇന്ന് ജുമാ നമസ്ക്കാരങ്ങൾ നടക്കേണ്ടിയിരുന്നെങ്കിലും നാമമാത്രമായാണ് നടന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിൽ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ, ആരോഗ്യമന്ത്രി കെ കെ ശൈലജ, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവർ പങ്കെടുത്തു.