സംസ്ഥാനത്ത് ഇന്നലെ 12 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കാസർകോട് ആറു പേർക്കും, കണ്ണൂരിൽ മൂന്ന് പേർക്കും, എറണാകുളത്ത് മൂന്ന് പേർക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവരെല്ലാം ഗൾഫ് രാജ്യങ്ങളിൽ നിന്ന് വന്നവരാണ്. നിലവില്‍ 49 പേരാണ് രോഗം സ്ഥിരീകരിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 176 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്നു പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 53,013 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 52,785 പേര്‍ വീടുകളിലും 228 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 70 പേരെ ഇന്നലെ ആശുപത്രികളില്‍ നിരീക്ഷണത്തിലാക്കി. രോഗലക്ഷണങ്ങള്‍ ഉള്ള 3716 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചതില്‍ ലഭ്യമായ 2566 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവാണ്.
കാസര്‍കോട്ട് കോവിഡ് സ്ഥിരീകരിച്ച ആറ് പേരില്‍ അഞ്ച് പേര്‍ ജനറല്‍ ആശുപത്രിയിലും, ഒരാള്‍ എറണാകുളം മെഡിക്കല്‍ കോളജിലുമാണ് ചികിത്സയിലുള്ളത്. കണ്ണൂരില്‍ രണ്ട് പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും ഒരാള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലുമാണുള്ളത്. എറണാകുളം സ്വദേശികള്‍ കളമശേരി മെഡിക്കല്‍ കോളജിലുമാണ് ചികിത്സ തേടിയിരിക്കുന്നത്. വ്യാപനം ഒഴിവാക്കാൻ ആരാധനാലയങ്ങളില്‍ വലിയ ആള്‍ക്കൂട്ടമൊഴിവാക്കുന്നതിന് മത നേതാക്കള്‍ നടത്തിയ ഇടപെടലുകള്‍ ഫലപ്രദമാണ്. ഒരുഭാഗത്ത് ആള്‍ക്കൂട്ടമൊഴിവാക്കുമ്പോൾ മറുഭാഗത്ത് അനാരോഗ്യകരമായ പ്രവണതകളുമുണ്ടാകുന്നുണ്ട്. ചില ആരാധനാലയങ്ങളില്‍ കൂട്ട പ്രാർത്ഥനകളും ഉത്സവ ആള്‍ക്കൂട്ടങ്ങളുമുണ്ടായി. അത്തരം സംഭവങ്ങള്‍ ഉണ്ടാവരുതെന്ന് ഈ ഘട്ടത്തില്‍ ആവര്‍ത്തിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇത് പാലിക്കാതിരുന്നാല്‍ വേറൊരു മാര്‍ഗവും സര്‍ക്കാരിന് മുന്നിലുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. നാടും ജനങ്ങളും ആഗ്രഹിക്കുന്നത് സര്‍ക്കാര്‍ പറയുന്ന രീതിയിലോ അതിലപ്പുറമോ ഉള്ള നിയന്ത്രണങ്ങള്‍ നാട്ടിലുണ്ടാകണമെന്നാണ്. പാലിച്ചില്ലെങ്കില്‍ നിരോധനാജ്ഞ ഉള്‍പ്പെടെയുള്ള കര്‍ക്കശ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ കേരളം കടുത്ത നടപടികളിലേക്കാണ് കടക്കുന്നത്. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ക്രമസമാധാന പാലനത്തിന്റെ ഭാഗമായുള്ള നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. വാർത്താസമ്മേളനത്തിൽ മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, കെ കെ ശൈലജ എന്നിവരും പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.