12 വയസ്സുകാരിക്ക് പീഡനം: അമ്മയുടെ കാമുകന് ജീവപര്യന്തം

Web Desk
Posted on July 29, 2019, 8:25 pm

തൃശൂര്‍: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന  ഗര്‍ഭിണിയായ മാതാവിനെ പരിചരിക്കാനെത്തിയ 12 വയസ്സുകാരിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കുട്ടിയുടെ അമ്മയുടെ കാമുകന് ജീവപര്യന്തം കഠിനതടവും മൂന്ന് ലക്ഷം പിഴയും ശിക്ഷ. കുരുവിലശ്ശേരി മാള വലിയപറമ്പ് മുണ്ടശ്ശേരി വീട്ടില്‍ രാമദാസ് (43) നെയാണ് തൃശ്ശൂര്‍ ഒന്നാം അഡീഷണല്‍ ജില്ലാ ജഡ്ജി കെ.ആര്‍. മധുകുമാര്‍ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ 2 വര്‍ഷം കൂടി കൂടുതല്‍ കഠിനതടവ് അനുഭവിക്കണം.

2009 സെപ്തംബര്‍ 23നാണ് കേസിനാസ്പദമായ സംഭവം. പ്രതി, പെണ്‍കുട്ടിക്കും മാതാവിനുമൊപ്പം തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ ചന്ദ്രാപുരത്തുള്ള വാടകവീട്ടില്‍ താമസിച്ചു വരികയായിരുന്നു. അസുഖബാധിതയായപ്പോള്‍ കുട്ടിയുടെ അമ്മയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുവന്ന് പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിലുള്ള മാതാവിനെ പരിചരിക്കാനെന്ന വ്യാജേനെ പ്രതി ആശുപത്രിയില്‍ വരാറുണ്ടായിരുന്നു. പീഡനത്തിന് വഴങ്ങിയില്ലെങ്കില്‍ ഗര്‍ഭിണിയായ അമ്മയെ വയറ്റില്‍ ചവുട്ടി കൊന്നു കളയുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തിയാണ് പ്രതി കൃത്യം നടത്തിയതെന്നാണ് കേസ്.

തിരുപ്പൂരുള്ള വാടകവീട്ടില്‍ വെച്ചും പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തി പല തവണ പീഡിപ്പിച്ചിരുന്നു.  ആശുപത്രിയിലും ശല്യം തുടര്‍ന്നതിനെത്തുടര്‍ന്ന് വാര്‍ഡിലെ നഴ്‌സിനോട് കുട്ടി സംഭവം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെ ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ പേരാമംഗലം പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ എം ജെ അഗസ്റ്റിനെ സംഭവം അറിയിച്ചതിനെത്തുടര്‍ന്നാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കുന്ദംകുളം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ഹരിദാസാണ് കേസന്വേഷണം നടത്തിയത്.
കൂടാതെ സര്‍ക്കാരിന്റെ വിക്ടിം കോംപന്‍സേഷന്‍ ഫണ്ടില്‍ നിന്നും ഇരയ്ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ലീഗല്‍സര്‍വീസ് അതോറിറ്റിയോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രതി പിഴയടയ്ക്കുന്ന പക്ഷം പിഴത്തുക ഇരയായ പെണ്‍കുട്ടിക്ക് നല്‍കാനും കോടതി വിധിച്ചിട്ടുണ്ട്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ ബി സുനില്‍കുമാര്‍, അഡ്വ. പി കെ മുജീബ് എന്നിവര്‍ ഹാജരായി.