പ്രളയക്കാലത്ത് കേരളത്തില്‍ വിറ്റഴിച്ചത് 1229 കോടിയുടെ മദ്യം

Web Desk
Posted on September 07, 2019, 6:31 pm

തിരുവനന്തപുരം: പ്രളയക്കാലത്ത് കേരളത്തിലൊഴുകിയത് 1229 കോടിയുടെ മദ്യം. പ്രളയത്തെ തുടര്‍ന്ന് കേരളം നെട്ടോട്ടമോടിയപ്പോഴും വമ്പന്‍ വില്‍പ്പനയാണ് ബിവറേജസ് കോര്‍പ്പറേഷന്‍ സ്വന്തമാക്കിയത്. സംസ്ഥാനത്തു 9878.83 കോടി രൂപയുടെ മദ്യമാണ് ഈ വര്‍ഷം വിറ്റത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ചു 637.45 കോടിയുടെ വര്‍ധനവ് ഉണ്ടായി. ജൂലൈ മാസത്തെ കണക്കുകള്‍ അപേക്ഷിച്ച് ആഗസ്റ്റില്‍ 71 കോടിയുടെ അധിക വില്‍പ്പനയാണ് ഔട്ട്‌ലെറ്റുകളില്‍ ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തെ ഭൂരിഭാഗം ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകളും പ്രളയ കാലത്ത് തുറന്നു പ്രവര്‍ത്തിച്ചു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ ഘടകം. ഓണത്തോടനുബന്ധിച്ച് ഇപ്പോള്‍ വീണ്ടും വില്‍പ്പന വര്‍ദ്ധിച്ചിരിക്കുകയാണ്. 14508.10 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷത്തെ ഓണം സീസണിലെ 10 ദിവസത്തെ വില്‍പനയിലൂടെ ബെവ്‌കോ നേടിയത്. പത്തു വര്‍ഷത്തെ കണക്കു പരിശോധിക്കുമ്പോള്‍ അയ്യായിരം കോടിയില്‍ നിന്നു 10000 കോടി രൂപയുടെ വര്‍ധന സംസ്ഥാനത്തെ വില്‍പ്പനയിലുണ്ടായി.