Web Desk

കൊച്ചി

March 02, 2021, 11:35 am

സാധാരണക്കാരനെ ദുരിതത്തിലാഴ്ത്തി ഇന്ധവില വര്‍ധനവ്; ഒരു മാസത്തിനുള്ളിൽ കൂട്ടിയത് 125 രൂപ

Janayugom Online

ഇന്ധന വില വര്‍ധനവീലൂടെ ജനങ്ങള്‍ക്ക് മേല്‍ കൂടുതല്‍ ദുരിതങ്ങള്‍ കെട്ടിവെയ്ക്കുകയാണ് നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍. പാര്‍ലമെന്‍റിലെ ഭൂരിപക്ഷം തങ്ങള്‍ക്ക് എന്തും ചെയ്യുവാനുള്ള ഒരു ഉപാധിയായി മാറ്റിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ സര്‍ക്കാരിന്‍റെ ജനദ്രോഹ നടപടികള്‍ക്കെതിരെ ഒരു ചെറുവിരല്‍ ചൂണ്ടാന്‍ പോലും പ്രതിപക്ഷ നിരയിലെ ഏറ്റവും വലിയ കക്ഷിയായ കോണ്‍ഗ്രസിനു കഴിയുന്നുമില്ല.

ഇന്ധന വില കൂട്ടുന്നത് കണ്ണില്‍ചോരയില്ലാതെ ജനങ്ങളെ എരിതീയില്‍ നിന്ന് വറചട്ടിയിലേക്ക് വലിച്ചെറിയുന്നതു പോലെയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. പാചകവാതക വില കേന്ദ്രസർക്കാർ വീണ്ടും കുത്തനെ കൂട്ടി. കഴിഞ്ഞ ദിവസം ഗാർഹിക ഉപയോക്താക്കൾക്കുള്ള സിലിൻഡറിന് 25 ഉം വാണിജ്യാവശ്യത്തിനുള്ള സിലിൻഡറിന് 96 രൂപയും കൂട്ടി. ഗാർഹിക ആവശ്യത്തിനുള്ള സിലിൻഡറിന്‌ നാലാഴ്‌ചക്കുള്ളിൽ നാലുതവണയായി 125 രൂപ കൂട്ടിയപ്പോൾ വാണിജ്യ സിലിൻഡറിന്‌ നാലുമാസത്തിനുള്ളിൽ 500 രൂപ വർധിപ്പിച്ചു‌.കൊച്ചിയിൽ 801 രൂപയായിരുന്ന 14.2 കിലോ ഗാർഹിക സിലിൻഡറിന്റെ വില 826 രൂപയായി. തിരുവനന്തപുരത്ത് 828.5ഉം കോഴിക്കോട്ട്‌ 828 രൂപയും കൊടുക്കേണ്ടിവരും. ഡൽഹിയിൽ 819ഉം കൊൽക്കത്തയിൽ 845 ഉം മുംബൈയിൽ 819 രൂപയുമാണ്‌ വില. ഫെബ്രുവരി നാലിനും 25നും 25രൂപ വീതവും‌ ഫെബ്രുവരി 15നും ഡിസംബർ ഒന്നിനും 16നും 50 രൂപ വീതവുമാണ്‌ കൂട്ടിയത്‌.

ഡിസംബറിനുശേഷം മൊത്തം 225 രൂപ വർധിപ്പിച്ചു. ‌ 96 രൂപ കൂട്ടിയതോടെ 19 കിലോ​ഗ്രാം വാണിജ്യ സിലിൻഡറിന് കൊച്ചിയിൽ 1604.5ഉം തിരുവനന്തപുരത്ത് 1620ഉം കോഴിക്കോട്ട്‌ 1628.5 രൂപയുമാണ് പുതിയ വില. ഡൽഹിയിൽ 1,614 രൂപയുമായി.പെട്രോൾ ഡീസൽ വിലവർധനകൊണ്ടുതന്നെ താളംതെറ്റിയ കുടുംബബജറ്റുകൾക്ക്‌ ഇരട്ടപ്രഹരമാണ്‌ പാചകവാതക വിലവർധനയിലൂടെ കേന്ദ്രസർക്കാർ നൽകിയത്‌. കോവിഡിന്റെ സാമ്പത്തികപ്രതിസന്ധി അവസാനിക്കുംമുമ്പേയുള്ള വിലവർധന അടുക്കള ബജറ്റുകളുടെ താളംതെറ്റിക്കും. വീടുകളിൽ ഭക്ഷണം പാകം ചെയ്യാനാകാതെ സിലിൻഡറുകൾ നോക്കുകുത്തിയാകും.

ഹോട്ടലുടമകൾക്കാകട്ടെ‌ പാചകവാതകത്തിൽമാത്രം പ്രതിദിനം 1000 മുതൽ 1500 രൂപവരെ അധിക ചെലവുണ്ടാകും. ഇതോടെ ഹോട്ടൽ ഭക്ഷണത്തിന്‌ തീവിലയാകും,കേന്ദ്ര പെട്രോളിയം മന്ത്രാലയം ഗാർഹികാവശ്യത്തിനുള്ള സിലിൻഡറിന്റെ സബ്‌സിഡി നിർത്തിയിട്ട്‌ എട്ടുമാസമായി. അന്താരാഷ്‌ട്ര വിപണിയിൽ വിലകുറഞ്ഞതോടെ സബ്‌സിഡിയുള്ളതും ഇല്ലാത്തതുമായ സിലിൻഡറിന്‌ വില തുല്യമെന്ന ന്യായംപറഞ്ഞാണ്‌ ഒരു അറിയിപ്പുമില്ലാതെ സബ്‌സിഡി നിർത്തലാക്കിയത്‌. പിന്നീട്‌ തുടർച്ചയായി ആറാംതവണയാണ്‌ വിലകൂട്ടി കേന്ദ്രം ജനങ്ങളെ പൊറുതിമുട്ടിച്ചത്‌. പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനയിൽ പ്രതിഷേധിച്ച്‌ സംയുക്‌ത സമരസമിതി നേതൃത്വത്തിൽ സംസ്‌ഥാനത്ത്‌ മോട്ടോർവാഹന പണിമുടക്ക്‌ നടക്കുന്നത്.

ENGLISH SUMMARY: 125 price increas­es in fuel with­in one month

YOU MAY ALSO LIKE THIS VIDEO