മീ ടൂ പരാതിയില്‍ 48 ഉന്നതരെ ഗൂഗിള്‍ പിരിച്ചു വിട്ടു

Web Desk
Posted on October 26, 2018, 10:25 am

കാലിഫോര്‍ണിയ: മീ ടൂ പരാതിയില്‍ കര്‍ശന നടപടിയുമായി ഗൂഗിള്‍. തൊഴിലിടത്തിലെ ലൈംഗിക ചൂഷണ പരാതിയില്‍ 48 ഉന്നതരെയാണ് ഗൂഗിള്‍ പിരിച്ചു വിട്ടത്.

ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ ജീവനക്കാര്‍ക്കയച്ച കത്തിലൂടെയാണ് ഗൂഗിളിന്റെ നിലപാട് വ്യക്തമാക്കിയത്. സ്വഭാവ ദൂഷ്യങ്ങള്‍ക്കെതിരെ കടുത്ത നടപടിയെടുക്കുന്നുവെന്ന് സുന്ദര്‍ പിച്ചെ കത്തില്‍ വ്യക്തമാക്കി. തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണത്തിന്റെ പേരില്‍ 13 സീനിയര്‍ മാനേജര്‍മാര്‍ അടക്കം 48 പേരെയാണ് ഗൂഗിള്‍ പിരിച്ചു വിട്ടത്.

രണ്ട് വര്‍ഷത്തിനിടെയാണ് 48 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ആന്‍ഡ്രോയിഡിന്റെ ഉപജ്ഞാതാവ് ആന്‍ഡി റൂബിന്‍ അടക്കമുള്ളവരെയാണ് ഗൂഗിള്‍ പുറത്താക്കിയത്. ആര്‍ക്കും നഷ്ടപരിഹാരം നല്‍കാതെയാണ് പുറത്താക്കിയതെന്നും ലൈംഗികാതിക്രമം വെച്ചുപൊറുപ്പിക്കാനാകില്ലെന്നും ഗൂഗിള്‍ വ്യക്തമാക്കുന്നു.

എന്നാല്‍ റൂബിനെതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ വക്താവ് നിഷേധിച്ചു. 2014ല്‍ തന്നെ ഗൂഗിള്‍ വിടാന്‍ റൂബിന്‍ തീരുമാനിച്ചിരുന്നതായും മറ്റൊരു കമ്പനിയില്‍ ചേരുന്നതിനായി സ്വമേധയാ അദ്ദേഹം ഒഴിയുകയായിരുന്നെന്നും റൂബിന്റെ വക്തമാവ് സാം സിങര്‍ പറഞ്ഞു.