പെണ്‍കുട്ടിയ്ക്ക് മിഠായി കൊടുത്ത 13കാരനെ മര്‍ദ്ദിച്ച് നഗ്നനാക്കി പൊതുവഴിയിലൂടെ നടത്തിച്ചു

Web Desk
Posted on September 23, 2018, 3:38 pm

മുംബൈ:  ഉയര്‍ന്ന ജാതിക്കാരിയായ പെണ്‍കുട്ടിയുടെ കൈയില്‍ പിടിച്ചതിനും മിഠായി കൊടുത്തതിനും പതിമൂന്നുകാരനെ മര്‍ദ്ദിച്ച്‌ നഗ്നനാക്കി പൊതുവഴിയിലൂടെ നടത്തിച്ചു. മഹാരാഷ്ട്രയിലെ കോലാപുര്‍ ഗ്രാമത്തിലായിരുന്നു സംഭവം.

ആണ്‍കുട്ടിയുടേയും പെണ്‍കുട്ടിയുടേയും കുടുംബങ്ങള്‍ തമ്മില്‍ പരസ്പരം പരിചയമുള്ളവരാണ്. ഒരു മാസം മുമ്പ്, സ്‌കൂള്‍ കഴിഞ്ഞ് വരുമ്പോള്‍ 13 കാരനായ ആണ്‍കുട്ടി പെണ്‍കുട്ടിയ്ക്ക് മിഠായി നല്‍കിയിരുന്നു. ആണ്‍കുട്ടി കയ്യില്‍ പിടിച്ചെന്നും മിഠായി തന്നുവെന്നും പെണ്‍കുട്ടി മാതാപിതാക്കളോട് പറയുകയും തുടര്‍ന്ന് രണ്ട് കുടുംബങ്ങളും തമ്മില്‍ സംഘര്‍ഷം ഉണ്ടാവുകയും ചെയ്തു.

പെണ്‍കുട്ടിയെ പിന്നീട് അമ്മാവന്റെ വീട്ടിലേക്ക് അയച്ചു.  വെള്ളിയാഴ്ച സ്ഥലത്ത് എത്തിയ  അമ്മാവനും സുഹൃത്തും ചേര്‍ന്ന് ആണ്‍കുട്ടിയെ പിടികൂടി മുറിയിലടയ്ക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. ശേഷം ആണ്‍കുട്ടിയെ നഗ്‌നനാക്കി വീട്ടില്‍ നിന്ന് ഗ്രാമപ്പഞ്ചായത്ത് ഓഫീസ് വരെ നടത്തിക്കുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ ബന്ധുക്കളിലെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആണ്‍കുട്ടിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തെ തുടര്‍ന്ന് ഗ്രാമത്തില്‍ സംഘര്‍ഷാവസ്ഥ ഉണ്ടായി. ഇത്  നിയന്ത്രണവിധേയമായതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.