25 April 2024, Thursday

Related news

December 24, 2023
December 24, 2023
November 20, 2023
November 20, 2023
November 4, 2023
October 31, 2023
October 31, 2023
October 30, 2023
October 29, 2023
October 29, 2023

13,534 പേർ കൂടി ഭൂമിയുടെ അവകാശികള്‍

സ്വന്തം ലേഖകൻ
തൃശൂർ
September 14, 2021 11:05 pm

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തിയിൽ ഇന്നലെ ഒറ്റദിവസം സംസ്ഥാനത്ത് 13,534 കുടുംബങ്ങൾ ഭൂമിയുടെ അവകാശികളായി. നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായാണ് ഇത്രയും കുടുംബങ്ങൾക്ക് ഭൂരേഖകൾ കൈമാറിയത്. ഒന്നാം ഇടതുപക്ഷ സർക്കാരിന്റെ കാലാവധിക്കുള്ളിൽ ഒന്നേമുക്കാൽ ലക്ഷത്തോളം പേർക്കാണ് ഭൂമിയുടെ അവകാശം പതിച്ചു നൽകിയതെങ്കിൽ രണ്ടാം സർക്കാർ ലക്ഷ്യമിടുന്നത് അഞ്ചു ലക്ഷം പേർക്ക് കിടപ്പാടം എന്നതാണ്. അതിലേക്കുള്ള ചുവടുവയ്പ്പായിരുന്നു ഇന്നലെ നടന്ന പട്ടയമേള. 

നൂറുദിനത്തിനകം 12,000 പട്ടയം കൊടുക്കാനുള്ള തയ്യാറെടുപ്പോടെയാണ് റവന്യു വകുപ്പ് മുന്നേറിയത്. നടപടിക്രമങ്ങൾ ചിട്ടയോടെ പാലിച്ചപ്പോൾ13,651 പട്ടയങ്ങൾ ഭൂവുടമകൾക്ക് കൊടുക്കാൻ സാധിച്ചുവെന്നത് റവന്യു വകുപ്പിന്റെ നേട്ടമായി. വനഭൂമി പട്ടയങ്ങളിൽ 40 കൊല്ലമായി ഉണ്ടാക്കാൻ കഴിയാത്ത നേട്ടമാണ് കഴിഞ്ഞ ഇടതുപക്ഷ സർക്കാർ കൈവരിച്ചത്. കഴിഞ്ഞ രണ്ടു പട്ടയമേളകളിലാണ് കൂടുതൽ വനഭൂമി പട്ടയങ്ങൾ നൽകിയത്. ഇത്തവണയും 240 വനഭൂമി പട്ടയങ്ങൾ നൽകി. മുൻകാലങ്ങളിൽ വാസയോഗ്യമല്ലാത്ത ഭൂമിയുടെ പട്ടയം നൽകിയെന്ന പരാതി പരിഹരിക്കാൻ നടപടി തുടങ്ങിയിട്ടുണ്ടെന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. ഏറ്റവുമാദ്യം ആദിവാസി ഭൂമികളിലെ പരാതികൾ പരിഹരിക്കും. ഇനി നൽകുന്ന പട്ടയങ്ങളിൽ പരാതിയുണ്ടാകരുതെന്ന് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശവും നൽകിയിട്ടുണ്ട്. 

പട്ടയ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. ചടങ്ങിൽ റവന്യു-ഭവന നിർമ്മാണ മന്ത്രി കെ രാജൻ അധ്യക്ഷത വഹിച്ചു. ഒല്ലൂർ മണ്ഡലത്തിലെ പീച്ചി സ്വദേശിനി റോസിക്ക് ആദ്യപട്ടയം റവന്യു മന്ത്രി കെ രാജൻ കൈമാറി. മന്ത്രിമാരായ കെ രാധാകൃഷ്ണൻ, ആർ ബിന്ദു തുടങ്ങിയവർ പങ്കെടുത്തു. 

തൃശൂർ ജില്ലയിൽ 3,575 പട്ടയങ്ങളാണ് വിതരണം ചെയ്തത്. ഇടുക്കി 2,423, മലപ്പുറം 2,061, കോഴിക്കോട് 1,739, പാലക്കാട് 1,034, കണ്ണൂർ 830, കാസർകോട് 589, എറണാകുളം 530, വയനാട് 406, ആലപ്പുഴ 108, കോട്ടയം 74,കൊല്ലം 58, പത്തനംതിട്ട 55, തിരുവനന്തപുരം 52 വീതം ഭൂരേഖകളാണ് കൈമാറിയത്. 14 ജില്ലാ കേന്ദ്രങ്ങളിലും 77 താലൂക്ക് കേന്ദ്രങ്ങളിലും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പട്ടയവിതരണം നടന്നു. 

Eng­lish Sum­ma­ry : 13534 land­less giv­en deeds by ldf government

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.