19 April 2024, Friday

നൂറു ദിന പരിപാടിയുടെ ഭാഗമായി 13,600 പട്ടയം കൂടി

Janayugom Webdesk
തിരുവനന്തപുരം
February 24, 2022 11:01 pm

സർക്കാരിന്റെ രണ്ടാം നൂറുദിന പരിപാടിയുടെ ഭാഗമായി 13,600 പട്ടയം കൂടി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സർക്കാർ അധികാരത്തിൽ വന്നശേഷം ഒന്നാം നൂറുദിന പരിപാടിയോട് അനുബന്ധിച്ച് 12,000 പട്ടയം വിതരണം ചെയ്യാനാണ് ഉദ്ദേശിച്ചതെങ്കിലും 15,000 പട്ടയം നൽകാനായി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 1,11,077 പട്ടയമാണ് ആകെ നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം അയ്യന്‍കാളി ഹാളിൽ റവന്യു ദിനത്തിന്റെ ഉദ്ഘാടനവും അവാർഡ് വിതരണവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. റവന്യു മന്ത്രി കെ രാജൻ ചടങ്ങിൽ അധ്യക്ഷനായി.

വിവിധ ലാൻഡ് ബോർഡുകൾക്ക് മുന്നിലുള്ള കേസുകൾ തീർപ്പായാൽ 8,200 ഏക്കർ ഭൂമി ലഭ്യമാകും. ഇതിലൂടെ കേരളത്തിലെ മുഴുവൻ ഭൂരഹിതർക്കും ഭൂമി നൽകാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭൂമിയില്ലാത്ത 3.5 ലക്ഷം കുടുംബങ്ങൾ ഉണ്ടെന്നാണ് കണക്ക്. ഇവർക്ക് മൂന്നു സെന്റ് ഭൂമിയെങ്കിലും നൽകാൻ ആകെ 1,500 ഏക്കർ വേണ്ടിവരും. ലാൻഡ് ബോർഡിലെ കേസുകൾ തീർപ്പാക്കാൻ ആവശ്യമായ പരിജ്ഞാനവും പരിശീലനവും ഉദ്യോഗസ്ഥർക്ക് നൽകും. നിലവിൽ 162 ഏക്കർ ഭൂമി വിതരണത്തിന് തയാറായിട്ടുണ്ട്. ഭൂമിയും ഭവനവുമില്ലാത്തവർക്ക് ഇവ ലഭ്യമാക്കുന്നതിനായി നടപ്പാക്കുന്ന മനസോടിത്തിരി മണ്ണ് ക്യാമ്പയിന് നാടിന്റെ എല്ലാ ഭാഗത്തു നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാരായ ആന്റണി രാജു, പി പ്രസാദ്, കെ കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ, ജി ആർ അനിൽ, വി ശിവൻകുട്ടി, അഹമ്മദ് ദേവർകോവിൽ, തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി കെ രാജു, റവന്യു ഉന്നത ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.

 

Eng­lish Sum­ma­ry: 13,600 more patents as part of the 100-day program

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.