ഗോദാവരി നദിയില്‍ ബോട്ട് മറിഞ്ഞ് 13 മരണം,33പേരെ കാണാതായി

Web Desk
Posted on September 15, 2019, 4:50 pm

അമരാവതി: ആന്ധ്രാപ്രദേശിലെ ഗോദാവരി നദിയില്‍ വിനോദ സഞ്ചാര ബോട്ട് മറിഞ്ഞ് 13 മരണം. 33 പേരെ കാണാതായി. 11 ജീവനക്കാരടക്കം 61 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ 23പേരെ രക്ഷപ്പെടുത്തി. കിഴക്കന്‍ ഗോദാവരി ജില്ലയില്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവമുണ്ടായത്. ദേവപട്ടണത്തിനടുത്തുള്ള ഗാന്ധി പൊച്ചമ്മ ക്ഷേത്രത്തില്‍നിന്ന് വിനോദസഞ്ചാര കേന്ദ്രമായ പാപ്പികൊണ്ടാലുവിലേക്ക് പോയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

അപകടമുണ്ടാകാനുള്ള കാരണം വ്യക്തമല്ലെന്ന് ജില്ലാ പോലീസ് മേധാവി അദ്‌നാന്‍ നയീം അസ്മി പറഞ്ഞു. ആന്ധ്രപ്രദേശ് ടൂറിസം ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റേതാണ് അപകടത്തില്‍പ്പെട്ട ബോട്ട്. കനത്തമഴയെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പുഴയില്‍ വെളളത്തിന്റെ ഒഴുക്ക് കൂടുതലാണ്. രക്ഷാ പ്രവര്‍ത്തനത്തിനായി 30 അംഗങ്ങള്‍ വീതം ഉള്‍പ്പെടുന്ന രണ്ട് ദേശീയ ദുരന്തനിവാരണ സേനാ യൂണിറ്റുകളെ നിയോഗിച്ചിരുന്നു. ഇവര്‍ക്കൊപ്പം ഒഎന്‍ജിസിയുടെ ഹെലികോപ്ടറുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്തുലക്ഷം രൂപയുടെ നഷ്ടപരിഹാരം ആന്ധ്ര മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി പ്രഖ്യാപിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കാന്‍ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും അദ്ദേഹം നിര്‍ദ്ദേശം നല്‍കി.
അതേസമയം, മുങ്ങിയ ബോട്ടിന് ടൂറിസം വകുപ്പിന്റെ ലൈസന്‍സ് ഇല്ലെന്ന് ടൂറിസം മന്ത്രി മുത്താംസെറ്റി ശ്രീനിവാസ റാവു പറഞ്ഞു. എന്നാല്‍ ഇതിന് കാക്കിനട തുറമുഖ അധികൃതരുടെ അനുമതി ഉണ്ടെന്നാണ് വിവരമെന്നും അദ്ദേഹം പറയുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഗണേഷ് ചതുര്‍ത്ഥി ഉത്സവത്തിനിടെ മധ്യപ്രദേശില്‍ വിഗ്രഹ നിമജ്ജനത്തിനിടെ 11 പേര്‍ മുങ്ങിമരിച്ച സംഭവമുണ്ടായിരുന്നു.