Janayugom Online
v.s sunilkumar janayugom

സംസ്ഥാനത്ത് 14 അഗ്രോ സര്‍വ്വീസ് സെന്‍ററുകള്‍കൂടി ആരംഭിക്കും: വി എസ് സുനില്‍ കുമാര്‍

Web Desk
Posted on March 20, 2018, 8:47 pm

തിരുവനന്തപുരം: പതിനാല് അഗ്രോ സര്‍വീസ് സെന്‍ററുകള്‍കൂടി ആരംഭിക്കുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ നിയസഭയില്‍ അറിയിച്ചു. എല്ലാ ബ്ലോക്കുകളിലും അഗ്രോ സര്‍വീസ് സെന്‍ററുകള്‍ ഉറപ്പാക്കും. 50 പഞ്ചായത്തുകളില്‍ പ്ലാന്‍റ് ഹെല്‍ത്ത് ക്ലിനിക്കുകള്‍ ആരംഭിക്കും. കര്‍ഷക ക്ഷേമ ബോര്‍ഡിന്‍റെ കരട് ബില്‍ ഉടന്‍ നിയമസഭയില്‍ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് നെല്ല്, പച്ചക്കറി, വാഴ, തെങ്ങ്, പൂക്കള്‍, പഴവര്‍ഗ്ഗങ്ങള്‍ എന്നീ വിളകള്‍ക്കായി പ്രത്യേക കാര്‍ഷിക മേഖല ആരംഭിച്ചിട്ടുണ്ട്. അടുത്ത പ്രദേശങ്ങളിലായുള്ള ഒന്നു മുതല്‍ അഞ്ച് വരെയുള്ള തെരഞ്ഞെടുത്ത വിളകളുടെ നിലവിലെ വിസ്തൃതി, ഉല്‍പാദന ക്ഷമത, മണ്ണിന്‍റെയും കാലാവസ്ഥയുടെയും അനുയോജ്യത മുതലായവ അടിസ്ഥാനമാക്കിയാണ് പ്രത്യക കാര്‍ഷിക മേഖലകള്‍ തിരഞ്ഞെടുക്കുന്നത്. ജലസേചന സൗകര്യം മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാന പദ്ധതികള്‍ (പച്ചക്കറി വിസന പദ്ധതി, നാളികേര വികസന പദ്ധതി, നെല്‍കൃഷി വികസന പദ്ധതി), കേന്ദ്രാവിഷ്‌കൃത പദ്ധതികളായ ആര്‍കെവിവൈ, ആര്‍ഐഡിഎഫ്, പിഎംകെഎസ്‌വൈ തുടങ്ങിയവയും ജനകീയാസൂത്രണ പദ്ധതികളും പ്രയോജനപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ നെല്‍കൃഷിയുടെ വ്യാപ്തി കുറഞ്ഞു വരുന്നതനുസരിച്ച് മേല്‍ത്തരം വിത്തുകളുപയോഗിച്ച് ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്ന പദ്ധതികളാണ് കൃഷി വകുപ്പ് നടപ്പിലാക്കി വരുന്നത്. നെല്‍കൃഷി വികസന പദ്ധതി എല്ലാ ജില്ലകളിലും നടപ്പിലാക്കി വരുന്നുണ്ട്. അത്യുല്‍പാദന ശേഷിയുള്ള നെല്ലിനങ്ങളുടെ വിത്തുകള്‍ ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധതി പ്രകാരം പാലക്കാട് ജില്ലയില്‍ പ്രോത്സാഹിപ്പിച്ച് വരുന്നുണ്ട്. പൊക്കാളി, കൈപ്പാട്, കുട്ടനാട്, കോള്‍പ്പാടങ്ങള്‍ തുടങ്ങി പ്രത്യേക പരിസ്ഥിതി പ്രദേശങ്ങളിലേക്ക് അനുയോജ്യമായതും തനത് സവിശേഷതകള്‍ ഉള്ളതുമായ നിരവധി നാടന്‍ നെല്‍വിത്തിനങ്ങളുടെയും കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ജനിതക ശേഖരം കാത്തു സൂക്ഷിക്കുന്നതിനുമുള്ള ബയോഡൈവേഴ്‌സിറ്റി ആന്‍ഡ് ജോംപ്ലാസം കണ്‍സെര്‍വേഷന്‍ എന്ന പദ്ധതിയും കൃഷി വകുപ്പ് നടപ്പിലാക്കി വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.