Web Desk

ന്യൂയോര്‍ക്ക്

July 30, 2021, 8:03 pm

കാലാവസ്ഥാ വ്യതിയാനം ; സര്‍വ്വനാശം പ്രവചിച്ച് ശാസ്ത്ര ലോകം

Janayugom Online

ഭൂമിയുടെ നിലനില്പിന് കാലാവസ്ഥാ വ്യതിയാനം വന്‍ വെല്ലുവിളി സൃഷ്ടിക്കുമെന്ന് ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്. ലോകത്തെ 14,000 ശാസ്ത്രജ്ഞര്‍ ചേര്‍ന്ന് ബയോസയന്‍സ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ആഗോള കാലാവസ്ഥാ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച 2019 ലെ പ്രബന്ധത്തിന്റെ തുടര്‍ച്ച കൂടിയായ പഠനത്തിന് ഒറിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് നേതൃത്വം വഹിച്ചിരിക്കുന്നത്. ഹരിതഗൃഹ വാതക പുറന്തള്ളല്‍, ഭൂമിയുടെ ഉപരിതല താപനിലയിലെ മാറ്റം, ഹിമപാളികളുടെ നഷ്ടം, ആമസോൺ മഴക്കാടുകളുടെ ശോഷണം, വിവിധ സാമൂഹിക‑സാമ്പത്തിക ഘടകങ്ങൾ എന്നിവ ഉൾപ്പെടെ പഠനത്തിന് വിധേയമാക്കി.
ഭൂമി ഒരു നിർണായക ഘട്ടത്തിലൂടെ കടന്നുപോവുകയാണെന്ന് ഗവേഷകർ വിലയിരുത്തുന്നു. ഭൂമിയുടെ സുപ്രധാന സവിശേഷതകളില്‍ കഴിഞ്ഞ രണ്ട് വർഷത്തിനിടെ വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്. ഭൂമിയുടെ 31 സവിശേഷ ഘടകങ്ങളില്‍ 18 എണ്ണം എക്കാലത്തെയും ഉയർന്നതോ, എക്കാലത്തെയും താഴ്ന്നതോ ആയ നിലയിലാണെന്ന് പഠനം കണ്ടെത്തി.
ഹരിതഗൃഹ വാതക പുറന്തള്ളല്‍ അനിയന്ത്രിതമായി തുടരുകയാണ്. കോവിഡിന്റെ ആദ്യകാലത്ത് ഇവയില്‍ കുറവ് വന്നെങ്കിലും കാലാവസ്ഥാ വ്യതിയാനം മൂലമുള്ള മോശമായ സാഹചര്യത്തെ നേരിടാന്‍ കഴിഞ്ഞില്ല. കാര്‍ബണ്‍ ഡയോക്സൈഡ്, മീതൈന്‍, നൈട്രസ് ഓക്സൈഡ് എന്നിവയുടെ അളവ് റെക്കോര്‍ഡിലാണ്.
ഹിമാനികളുടെ കനം കഴിഞ്ഞ 71 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. കാര്‍ബണ്‍ സ്രോതസായി മാറിയ ആമസോണ്‍ മഴക്കാടുകളുടെ വീണ്ടെടുക്കല്‍ ഇനി സാധ്യമായേക്കില്ലെന്നും പഠനം പറയുന്നു. ലോകത്ത് കന്നുകാലികളുടെ എണ്ണം ക്രമാതീതമായി പെരുകിയത് മീതൈന്‍ അളവ് വര്‍ധിക്കുന്നതിനു് ആക്കം കൂട്ടുന്നു.

സമുദ്രത്തില്‍ ഉപരിതല താപവും ആസിഡ് അംശത്തിന്റെ അളവും റെക്കോര്‍ഡ് കണക്കുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2015 ന് ശേഷം ഏറ്റവും ചൂട് രേഖപ്പെടുത്തിയാണ് 2020 കടന്നുപോയത്.
കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ വന്‍ പ്രകൃതിദുരന്തങ്ങള്‍ക്ക് ലോകം സാക്ഷിയായി. ഇന്തോനേഷ്യയിലെ ദക്ഷിണ കലിമന്താന്‍ അടക്കം വിവിധ മേഖലകളിലെ പ്രളയങ്ങള്‍, ഓസ്ട്രേലിയന്‍ കാട്ടുതീ, യുഎസിലെ ഉഷ്ണതരംഗം, ഇന്ത്യയില്‍ വീശിയടിച്ച ചുഴലിക്കാറ്റുകള്‍ എന്നിവയെല്ലാം കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലങ്ങളാണെന്ന് പഠനം വിലയിരുത്തുന്നു. കാലാവസ്ഥാ വ്യതിയാനമെന്ന വെല്ലുവിളിയെ നേരിടാൻ ലോകരാജ്യങ്ങള്‍ നടത്തിയ പരിശ്രമങ്ങളുടെ കുറവും പഠനം ചൂണ്ടിക്കാട്ടുന്നു.

Eng­lish sum­ma­ry; 14,000 Sci­en­tists Warn Human­i­ty Will Face ‘Untold Suf­fer­ings’ if it Fails to Act on Cli­mate Change

you may also like this video;