കോവിഡ് പ്രതിരോധം: കോട്ടയം ജില്ലയിൽ നിരോധനാജ്ഞ; നിയന്ത്രണങ്ങൾ ഇങ്ങനെ

Web Desk

കോട്ടയം

Posted on October 02, 2020, 8:44 pm

 

രോഗ വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കോവിഡ് പ്രോട്ടോക്കോൾ ഉറപ്പാക്കുന്നതിനായി കോട്ടയം ജില്ലയിൽ ക്രമിനൽ നടപടിക്രമത്തിലെ 144-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിച്ച് ജില്ലാ കളക്ടർ എം. അഞ്ജന ഉത്തവിട്ടു. സമ്പർക്ക വ്യാപനം തടയുന്നതിന് ലക്ഷ്യമിടുന്ന നിയന്ത്രണങ്ങൾ ഒക്ടോബർ 3 മുതൽ ഒരു മാസത്തേക്കാണ്. നിയമ നിർവഹണവുമായി ബന്ധപ്പെട്ട ഏജൻസികൾക്കും അവശ്യ സേവന വിഭാഗങ്ങൾക്കും ഇവ ബാധകമായിരിക്കില്ല.

എല്ലാ വകുപ്പുകളും സാധ്യമായ രീതിയിൽ പരിശ്രമിക്കുമ്പോഴും രോഗം പടരുന്നതിനാൽ നിയന്ത്രണങ്ങൾ പാലിക്കാതിരിക്കുന്നത് കൂടുതൽ കോവിഡ് മരണങ്ങൾക്കും പൊതുജനാരോഗ്യം തകരാറിലാക്കുന്ന സാഹചര്യത്തിനും വഴിതെളിക്കുമെന്ന് കളക്ടറുടെ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. 21 ഗ്രാമപഞ്ചായത്തുകളിലും നാല് മുനിസിപ്പാലിറ്റികളിലും രോഗബാധിതരുടെയും ക്വാറന്റയിനിൽ കഴിയുന്നവരുടെയും എണ്ണം ആശങ്കാജനകമായവിധത്തിൽ ഉയർന്നിരിക്കുകയാണെന്നും വിലയിരുത്തുന്നു.

നിയന്ത്രണങ്ങൾ ഇങ്ങനെ.

🔹ജില്ലയിൽ എല്ലാവരും മറ്റുള്ളവരുമായി ഇടപഴകുമ്പോൾ കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണം. സാമൂഹിക അകലം, മാസ്കിന്റെ ഉപയോഗം, സാനിറ്റൈസേഷൻ എന്നിവ ഉറപ്പാക്കണം.

🔹വിവാഹച്ചടങ്ങുകൾക്ക് പരമാവധി 50 പേരെയും മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 പേരെയുമാണ് അനുവദിക്കുക.

🔹സർക്കാർ ചടങ്ങുകൾ, മത ചടങ്ങുകൾ, പ്രാർത്ഥനകൾ, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പരിപാടികൾ എന്നിവയ്ക്ക് പരമാവധി 20 പേർ മാത്രമേ പങ്കെടുക്കാവൂ.

🔹മാർക്കറ്റുകൾ, ബസ് സ്റ്റാന്റുകൾ, പൊതുഗതാഗത സംവിധാനം, ഓഫീസുകൾ, വ്യാപാര സ്ഥാപനങ്ങൾ, റസ്റ്റോറന്റുകൾ, തൊഴിലിടങ്ങൾ, ആശുപത്രികൾ, വ്യവസായ ശാലകൾ, വാണിജ്യ കേന്ദ്രങ്ങൾ എന്നിവയും പരീക്ഷകളും റിക്രൂട്ട്മെന്റുകളും വിവിധ തലങ്ങളിൽ അനുവദനീയമായ വാണിജ്യ പ്രവർത്തനങ്ങളും സാമൂഹിക അകലവും ബ്രേക് ദ ചെയിൻ പ്രോട്ടോക്കോളും പാലിച്ചു മാത്രമേ നടത്താവൂ.

🔹മുകളിൽ പരാമർശിച്ചിട്ടുള്ള പ്രവർത്തനങ്ങൾക്ക് ഒഴികെ പൊതു സ്ഥലങ്ങളിൽ അഞ്ചു പേരിൽ കൂടുതൽ കൂട്ടം ചേരുന്നത് കർശനമായി നിരോധിച്ചു.

ചുവടെ പറയുന്ന തദ്ദേശഭരണ സ്ഥാപനങ്ങളുടെ പരിധിയിലുള്ള മാർക്കറ്റുകളും ബസ് സ്റ്റാൻഡുകളും ജനങ്ങൾ കൂടുതലായി എത്തുന്ന മറ്റു പൊതുസ്ഥലങ്ങളും ദിവസം ഒരു തവണയെങ്കിലും അണുനശീകരണം നടത്തുന്നതിന് സെക്രട്ടറിമാരെ ചുമതലപ്പെടുത്തി.

*മുനിസിപ്പാലിറ്റികൾ: * കോട്ടയം, ഏറ്റുമാനൂർ, ഈരാറ്റുപേട്ട, ചങ്ങനാശേരി.

*ഗ്രാമപഞ്ചായത്തുകൾ: * കങ്ങഴ, മീനടം, അയർക്കുന്നം. മറവന്തുരുത്ത്, പായിപ്പാട്, കറുകച്ചാൽ, രാമപുരം, തൃക്കൊടിത്താനം, മുണ്ടക്കയം, കൂരോപ്പട, എരുമേലി, കുറിച്ചി, പുതുപ്പള്ളി, വിജയപുരം, വാകത്താനം, അതിരമ്പുഴ, തിരുവാർപ്പ്, മാടപ്പള്ളി, പാമ്പാടി, കുമരകം, എലിക്കുളം.

ENGLISH SUMMARY: 144 in kot­tayam district

YOU MAY ALSO LIKE THIS VIDEO