ഭീതി ഉയർത്തി കൊറോണ വ്യാപിക്കുന്നു. ജയ്പുരിലെത്തിയ 15 ഇറ്റാലിയൻ പൗരൻമാർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഡൽഹി എയിംസിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ഇതോടെ രാജ്യത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 18 ആയി. ലോകാരോഗ്യ സംഘടന പുറത്തുവിടുന്ന കണക്കുകൾ പ്രകാരം ഇതുവരെ 70 രാജ്യങ്ങൾ കോവിഡ് ഭീതിയിലാണ്. 92,000ത്തിലേറെ കേസുകൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ 3110 കടന്നതായും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. അതെ സമയം
കോവിഡ്-19 കൊറോണ വൈറസ് ബാധയെ തുടർന്ന് സ്പെയിനിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്തു. വലെൻസിയ നഗരത്തിലാണ് ഒരാളുടെ മരണം സംഭവിച്ചിരിക്കുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഇയാൾക്ക് കൊറോണ വൈറസ് ബാധിച്ചിരുന്നതായി കണ്ടെത്തിയതെന്നും ആരോഗ്യവിഭാഗം അറിയിച്ചു.
സ്പെയിനിൽ ഇതിനോടകം 150 ഓളം പേർക്ക് കൊറോണ വൈറസ് കണ്ടെത്തിയിട്ടുണ്ട്. ബാസ്ക് മേഖലയിൽ വൈറസ് ബാധിച്ചവരുമായി സമ്പർക്കം പുലർത്തിയ നൂറോളം ആരോഗ്യപ്രവർത്തകർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുകയാണെന്നും അധികൃതർ അറിയിച്ചു.
ചൈനയിൽ കൊറോണയുടെ വ്യാപനത്തിൽ നേരിയ കുറവുണ്ടായപ്പോൾ മറ്റു രാജ്യങ്ങളിൽ വൈറസ് രോഗം ശക്തിപ്പെടുകയാണ്. അമേരിക്കയിൽ ഇതിനകം ഒൻപത് പേർ മരിച്ചു. ഇറ്റലിയിൽ 79 ഇറാനിൽ 77 ഉം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജയിലിൽ രോഗം പടരുന്നത് തടയാൻ ഇറാനിൽ അരലക്ഷത്തിലധികം തടവുകാർക്ക് പരോൾ അനുവദിക്കുകയും ചെയ്തു.
English summary: 15 corona case report in jaipur
you may also like this video