യുവതിയെ കുത്തിവീഴ്ത്തി 15 കാരൻ ബാൽക്കണിയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു

Web Desk
Posted on October 18, 2019, 11:33 am

നോയിഡ: യുവതിയെ കുത്തിവീഴ്ത്തിയ ശേഷം 15കാരന്‍ ബാൽക്കണിയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. സംഭവത്തില്‍ 21 കാരിയായ ബിടെക് വിദ്യാര്‍ത്ഥിനിയെ വയറ്റില്‍ ആഴത്തിലേറ്റ മുറിവുമായി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫ്‌ലാറ്റിന്റെ എട്ടാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നാണ് 15 കാരൻ ചാടി ജീവനൊടുക്കിയത്. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിനു കീഴടങ്ങുകയായിരുന്നു. നോയിഡയില്‍ വ്യാഴാഴ്ച വൈകീട്ടാണ് സംഭവം.

നോയിഡയിലെ സെക്ടര്‍ 61 ലെ രണ്ട് ടവറുകളിലായാണ് ഇരുവരും താമസിച്ചിരുന്നത്. വൈകീട്ട് ഒരു ഫോണ്‍ കോള്‍ വന്നതിനെ തുടര്‍ന്നാണ് പോലിസ് സംഭവ സ്ഥലത്തെത്തിയത്. പോലീസ് എത്തിയപ്പോൾ കണ്ടത് കുത്തേറ്റ യുവതിയെയാണ്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

വൈകീട്ട് അഞ്ചോടെ ആണ്‍കുട്ടി തന്റെ ഫ്‌ലാറ്റിലേക്ക് വന്നെന്നും അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തിയെടുത്ത് തന്നെ ആക്രമിക്കുകയായിരുന്നുവെന്നും യുവതി പോലിസിന് മൊഴിനല്‍കി. കുത്തേറ്റ് വേദനകൊണ്ട് നിളവിളിച്ച തന്നെ കുട്ടി മുറിയില്‍ പൂട്ടിയിടുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.

പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് അയല്‍ക്കാര്‍ ഓടിയെത്തി വാതില്‍ തുറന്ന് പെണ്‍കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ മറ്റൊരു മുറിയില്‍ കയറിയ 15കാരന്‍ വാതില്‍ അകത്തുനിന്ന് പൂട്ടുകയും കെട്ടിടത്തിന്റെ എട്ടാമത്തെ നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. ആക്രമണത്തിനു പിന്നിലെ കാരണം വ്യക്തമല്ല. പോലിസ് അന്വേഷണം ആരംഭിച്ചു.