18 April 2024, Thursday

കേന്ദ്ര സര്‍ക്കാരിന്റെ പൊതുകടം 150.90 ലക്ഷം കോടി

Janayugom Webdesk
ന്യൂഡല്‍ഹി
April 2, 2023 9:17 am

നടപ്പു സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ പൊതുകടത്തില്‍ 2.6 ശതമാനം വര്‍ധന. നിലവില്‍ ഇത് 1,50,95,970.8 കോടി രൂപയെന്നാണ് കേന്ദ്ര ധനമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. 2022–23 സാമ്പത്തിക വര്‍ഷം ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്നാം പാദത്തിലെ കണക്കാണിത്.
ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള രണ്ടാം പാദത്തില്‍ 1,47,19,572.2 കോടിയായിരുന്നു കടം. ഇതിലാണ് 2.6 ശതമാനം വര്‍ധനവ് ഉണ്ടായിരിക്കുന്നത്. സര്‍ക്കാരിന്റെ മൊത്തം ബാധ്യതകളില്‍ 89 ശതമാനവും പൊതുകടമാണ്. ട്രഷറി ബില്ലുകള്‍, കടപ്പത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവയിലൂടെയാണ് സര്‍ക്കാര്‍ വിപണിയില്‍ നിന്നും കടമെടക്കുന്നത്. 

2022–23 സാമ്പത്തിക വര്‍ഷം ധനക്കമ്മി ആഭ്യന്തര ഉല്പാദനത്തിന്റെ 6.4 ശതമാനമായ 16,61,196 കോടി രൂപയെന്നാണ് ബജറ്റ് വിലയിരുത്തിയത്. ആഭ്യന്തര കടം 2.1 ശതമാനം വര്‍ധിച്ച് 1,25,23,558.27 കോടിയായി. വിദേശ കടം 6.1 ശതമാനം ഉയര്‍ന്ന് 9.65 ലക്ഷം കോടിയിലെത്തി. സര്‍ക്കാരിന്റെ മറ്റ് ബാധ്യതകളില്‍ അഞ്ച് ശതമാനം വര്‍ധനവുണ്ടായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2023 മാര്‍ച്ച് 31ന് കേന്ദ്ര സര്‍ക്കാരിന്റെ കടം 2.6 ശതമാനത്തിലെത്തുമെന്നാണ് സീതാരാമന്‍ അടുത്തിടെ ലോക്‌സഭയില്‍ ചോദ്യത്തിനു മറുപടി നല്‍കിയത്.
രാജ്യത്തെ പൊതു സാമ്പത്തിക രംഗം വെല്ലുവിളി നേരിടുകയാണെന്ന് അന്താരാഷ്ട്ര ഗവേഷണസ്ഥാപനങ്ങള്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്കുമ്പോഴും ഇവിടെയെല്ലാം ശുഭമെന്നാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ആവര്‍ത്തിക്കുന്നത്. രാജ്യത്തെ ധനക്കമ്മിയും കടവുമായി ബന്ധപ്പെട്ടുയര്‍ന്ന വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സികള്‍ നിലപാട് സ്വീകരിച്ചത്. 

കോവിഡും രാജ്യം നേരിട്ട സാമ്പത്തിക മാന്ദ്യവും സമ്പദ്മേഖലയ്ക്ക് കനത്ത വെല്ലുവിളിയാണ് സൃഷ്ടിച്ചത്. 2020 സാമ്പത്തിക വര്‍ഷം കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകളുടെ പൊതു കടം 75.1 ശതമാനമായിരുന്നത് 2021 സാമ്പത്തിക വര്‍ഷം ജിഡിപിയുടെ 89.2 ശതമാനമായാണ് വര്‍ധിച്ചത്. നടപ്പു സാമ്പത്തിക വര്‍ഷം കടം 83.5 ശതമാനമാകുമെന്നും 2026 സാമ്പത്തിക വര്‍ഷം മുതല്‍ കടത്തില്‍ കുറവുണ്ടാകുമെന്നാണ് അന്താരാഷ്ട്ര നാണ്യ നിധിയുടെ വിലയിരുത്തല്‍.

Eng­lish Sum­ma­ry: 150.90 lakh crores of cen­tral gov­ern­ment pub­lic debt

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.